തോറ്റ് തുന്നം പാടിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വെസ്റ്റിന്‍ഡീസിലെ ബാറിലെത്തി അഴിഞ്ഞാടിയെന്നതാണ് മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടുള്ള വിഷയം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബി സി സി ഐ എട്ട് കളിക്കാര്‍ക്ക് കാരണം കണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെയും താരദൈവങ്ങളുടെ പ്രതിച്ഛായ നഷ്ടമാക്കിയ സംഭവത്തെക്കുറിച്ച് പുതിവെളിപ്പെടുത്തല്‍ അനുസരിച്ച് താരങ്ങളല്ല കുറ്റക്കാരെന്നാണ് സൂചന.
സംഭവത്തെക്കുറിച്ച് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബി സി സി ഐ ഉന്നതന്‍ പറയുന്നത് ഇങ്ങനെ. കളിക്കാര്‍ ബാറില്‍ പോയിട്ടില്ല. അവര്‍ പോയത് റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനാണ്. രവീന്ദ്ര ജഡേജയും മുരളി വിജയ്‌യും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഒരു ടേബിളില്‍ ഇരിക്കുമ്പോഴാണ് തൊട്ടടുത്ത് ഇരിക്കുകയായിരുന്ന കുറച്ച് ആരാധകര്‍ ജഡേജയെ തെറി അഭിഷേകം തുടങ്ങിയത്. സൂപ്പര്‍ സിക്സിലെ ജഡേജയുടെ മോശം പ്രകടനത്തെ മുന്‍നിര്‍ത്തിയായിരുന്നു തെറി അധികവും.
ജഡേജയും വിജയ്‌യും ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്തു നിന്ന് മാറി ഇരിക്കണമെന്നും ആരാധകരില്‍ ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ വിജയ് എതിര്‍ത്തു. അതോടെ ആരാധകര്‍ വിജയ്ക്ക് നേരെ തിരിഞ്ഞു. ഇതോടെ സമീപത്തെ ടേബിളിലുണ്ടായിരുന്ന ആശിഷ് നെഹ്‌റ സംഭവത്തില്‍ ഇടപെട്ടു. അതോടെ നെഹ്‌റയ്ക്കും കിട്ടി കണ്ണുപൊട്ടുന്ന തെറി. ഉടനെ യുവരാജ് ചാടി എഴുന്നേറ്റ് നെഹ്‌റയെ പിടിച്ചു മാറ്റുകയും സുരക്ഷാ ജീവനക്കാരെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടെ സഹീര്‍ ഖാനും ആരാധകരുടെ തെറിവിളിക്ക് മറുപടി പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആരാധകരെ അവിടെ നിന്ന് മാറ്റിയതോടെ രംഗം ശാന്തമായി. ഇത് മാത്രമാണ് അവിടെ നടന്നത്. അല്ലാതെ അടിയോ അഴിഞ്ഞാട്ടമോ ഒന്നും നടന്നിട്ടില്ല. കളിക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാധ്യമങ്ങള്‍ സംഭവത്തെ ഊതിപ്പെരുപ്പിക്കുകയായിരുന്നുവെന്നും ഉന്നതന്‍ വ്യക്തമാക്കി.
രോഹിത് ശര്‍മയും പിയൂഷ് ചൌളയും സുരേഷ് റെയ്നയും റെസ്റ്റോറന്‍റില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ പ്രശ്നത്തില്‍ ഇടപെടാതെ സീനിയര്‍ താരങ്ങള്‍ക്ക് പിന്നില്‍ മാറി നില്‍ക്കുകയായിരുന്നു. ന്യൂസിലന്‍ഡ് താരം സ്കോട് സറ്റൈറിസും ന്യൂസിലന്‍ഡ് ടീമിന്‍റെ ചില സപ്പോര്‍ട്ട് സ്റ്റാഫും ഈ സമയത്ത് അവിടെ ഉണ്ടായിരുന്നുവെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖതത്തില്‍ ഇദ്ദേഹം വെളിപ്പെടുത്തി.