ലോകഫുട്‌ബോളറെ കണ്ടെത്താനുള്ള ഫിഫയുടെ വോട്ടെടുപ്പില്‍ കഴിഞ്ഞ രണ്ടുതവണയും രണ്ടാംസ്ഥാനത്തായിരുന്നു മെസിയുടെ സ്ഥാനം. 2007-ല്‍ ബ്രസീലുകാരന്‍ കക്കായും 2008-ല്‍ പോര്‍ച്ചുഗല്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഒന്നാമതായി. എന്നാല്‍, മൂന്നാംവട്ടം പ്രതീക്ഷിച്ചതുപോലെ മെസി ഫുട്‌ബോളിന്റെ തലപ്പത്തെത്തി. ലോകഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഫിഫ വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തില്‍നിന്ന്
കഴിഞ്ഞ രണ്ടു തവണയും നേരിയ വ്യത്യാസത്തില്‍ പിന്തള്ളപ്പെട്ടശേഷമാണ് ഇത്തവണ ലോകഫുട്‌ബോളര്‍ പുരസ്‌കാരം മെസിയെ തേടിയെത്തിയത്. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ എന്തു തോന്നുന്നു?ഞാന്‍ വളരെ സന്തോഷത്തിലാണ്. കളിക്കാരില്‍നിന്നും പരിശീലകരില്‍നിന്നും അംഗീകാരം ലഭിച്ചത് സന്തോഷം ഇരട്ടിപ്പിക്കുന്നു. പുരസ്‌കാരം ലഭിക്കുന്ന ആദ്യ അര്‍ജന്റീനാ താരമായത് വലിയ ബഹുമതിയായാണ് കാണുന്നത്.
ബാഴ്‌സലോണയ്‌ക്കൊപ്പം ആറു കിരീടങ്ങള്‍ സ്വന്തമാക്കി. 2009-നെ എങ്ങനെ നോക്കിക്കാണുന്നു?ടീമെന്ന നിലയില്‍ എല്ലാം നേടാന്‍ ഞങ്ങള്‍ക്കായി. വ്യക്തിപരമായും എനിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ടീം അംഗങ്ങളുടെ സഹകരണമില്ലാതെ ഒന്നും നേടാന്‍ കഴിയുമായിരുന്നില്ല. അവര്‍ക്കുകൂടിയുള്ള അംഗീകാരമാണ് എനിക്കു ലഭിച്ച ബഹുമതി.
ഏതായിരുന്നു മറക്കാനാവാത്ത മുഹൂര്‍ത്തം?ചാമ്പ്യന്‍സ്‌ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ജയം. മത്സരത്തിന്റെ പ്രാധാന്യവും ഗോള്‍ നേടാനായവും ഇപ്പോഴും ഈ വിജയത്തെ വ്യത്യസ്തമാക്കുന്നു.
ബാഴ്‌സയുടെ 2009ലെ അഞ്ച് ഫൈനലുകളില്‍ നാലിലും ഗോള്‍ നേടാനായി. വലിയ മത്സരങ്ങളില്‍ എപ്പോഴും തിളങ്ങാന്‍ കഴിയുന്നതിന്റെ രഹസ്യമെന്താണ്?സത്യമായും അറിയില്ല. ഫൈനലുകളില്‍ ഗോള്‍ നേടാനാവുന്നത് ഭാഗ്യംതന്നെ. പക്ഷേ, ടീം വര്‍ക്കാണ് നേട്ടങ്ങള്‍ക്ക് പിന്നില്‍.
താങ്കളുടെ സ്വപ്നവര്‍ഷമായിരുന്നു 2009?അതിലും ഉപരിയായിരുന്നു സീസണ്‍. എന്റെ വന്യമായ സ്വപ്നങ്ങളില്‍പ്പോലും ഇത്രയധികം നേട്ടങ്ങള്‍ ഈ വര്‍ഷം കൈവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
എന്താണ് അടുത്ത വര്‍ഷത്തെ പ്രതീക്ഷകള്‍?പല കാരണങ്ങള്‍കൊണ്ടും പ്രാധാന്യമുള്ള വര്‍ഷമാണ് മുന്നില്‍. ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് അരങ്ങേറുകയാണ്. അര്‍ജന്റീനയ്ക്കു വേണ്ടി ലോകകപ്പ് ഉയര്‍ത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. പിന്നെ ബാഴ്‌സ നേടിയ കിരീടങ്ങള്‍ നിലനിര്‍ത്തണം.
ലോകകപ്പില്‍ അര്‍ജന്റീനയുടെ ഗ്രൂപ്പിനെക്കുറിച്ച് എന്താണഭിപ്രായം?സംശയമില്ല, കടുത്ത ഗ്രൂപ്പ് തന്നെ. ലോകകപ്പില്‍ കരുത്തു കുറഞ്ഞ ടീമുകളെ പ്രതീക്ഷിക്കുന്നതുതന്നെ തെറ്റാണ്. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താനാവും എല്ലാ ടീമുകളും ശ്രമിക്കുക. അതുകൊണ്ടുതന്നെ ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്താനാവും. ഏറ്റവും മികച്ച ഫോമില്‍ കളിച്ചെങ്കിലേ മുന്നേറാനാവൂ.
1986ല്‍ അര്‍ജന്റീന യോഗ്യത നേടാന്‍ ഏറെ പാടുപെട്ടു. ഇത്തവണയും കഷ്ടിച്ചാണ് കടന്നുകൂടിയത്. '86ലെ കിരീടനേട്ടം ആവര്‍ത്തിക്കാനാവുമോ?ചരിത്രം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കട്ടെ. കിരീടപ്രതീക്ഷയുമായി എത്തിയപ്പോഴെല്ലാം കാലിടറിയ ചരിത്രമാണ് അര്‍ജന്റീനയ്ക്കുള്ളത്. ഇത്തവണ സ്ഥിതി മാറും. ചില അത്ഭുതങ്ങള്‍ കരുതിവെച്ചാണ് ഞങ്ങള്‍ എത്തുന്നത്.