മ്യൂണിച്ച്ജര്മന് ആരാധകര്‍ സംയമനം പാലിക്കണമെന്നും ഒരിക്കലും ടീമിലെ പ്രതിരോധ താരം ജെറോം ബോട്ടെങ്ങിനെതിരേ തിരിയരുതെന്നും കോച്ച് ജോക്വിം ലോ. ലോകകപ്പ് ഫുട്ബോളില്‍ ജര്‍മന്‍ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തി ക്യാപ്റ്റന്‍ മൈക്കിള്‍ ബല്ലാക്ക് പുറത്താകാന്‍ കാരണം ജെറോമിന്‍റെ സഹോദരന്‍ കെവിന്‍ പ്രിന്‍സ് ബോട്ടെങ്ങായതിനാലാണ് കോച്ച് ആരാധകരോട് ഇങ്ങനെ ആവശ്യപ്പെട്ടത്.
ജര്‍മനിയുടെയും ഘാനയുടെയും പൗരത്വമുള്ള ജെറോം ജര്‍മന്‍ സാധ്യതാ ടീമിലുള്ളപ്പോള്‍ ജ്യേഷ്ഠന്‍ കെവിന്‍ ഘാനയുടെ മിഡ്ഫീല്‍ഡ് കരുത്താണ്. ജര്‍മനിയും ഘാനയും ലോകകപ്പില്‍ ഒരേ ഗ്രൂപ്പിലുമാണ്. എഫ്എ കപ്പ് ഫൈനലിനിടെ, ചെല്‍സിക്കായി കളിക്കുന്ന ബല്ലാക്കിനെ പോര്‍ട്ട്സ്മൗത്ത് താരം ബോട്ടെങ് ഫൗള്‍ ചെയ്യുകയായിരുന്നു. അണ്ടര്‍ 21 തലത്തില്‍ ജര്‍മനിക്കു വേണ്ടി കളിച്ച കെവിനെതിരേ ആരാധകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ജെറോമിനെ ഒരു വിധത്തിലും പ്രശ്നത്തിലോ സമ്മര്‍ദത്തിലോ ആക്കരുതെന്നും ആരാധകരുടെ പിന്തുണ താരത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ലോ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിച്ചു. ബോട്ടെങ് കുടുംബത്തിലെ ഒരംഗമാണ് ജെറോമെങ്കിലും ഒരുതരത്തിലും ബല്ലാക്കിനെ പരുക്കേല്‍പ്പിച്ചതില്‍ ജെറോമിന് പങ്കില്ലെന്നും ലോ. വ്യക്തമായ കാരണങ്ങളില്ലാതെ ജര്‍മന്‍ താരത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ലോ.