ട്വന്റി-20 ലോകകപ്പില്‍ ആദ്യ റൌണ്ടില്‍ തന്നെ പുറത്തായ ദക്ഷിണാഫ്രിക്കയ്ക്ക് വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ജയം. ആദ്യ ട്വന്റി-20 മത്സരത്തില്‍ 13 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്ക നിശ്ചിത ഇരുപത് ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടി. എന്നാല്‍ കുറഞ്ഞ സ്കോര്‍ ലക്‍ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 123 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
വിന്‍ഡീസ് ബൌളിംഗിന് മുന്നില്‍ തകര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഏഴു റണ്‍സെടുത്ത ഓപ്പണര്‍ ബോസ്മാനാണ് ആദ്യം പുറത്തായത്. എന്നാല്‍ പിന്നാലെ വന്ന് കാലീസാണ് ടീമിനെ കരകയറ്റിയത്. കാലീസ് 51 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ ഗ്രെം സ്മിത്ത് 37 റണ്‍സ് നേടി. പിന്നാലെ വന്നവരല്ലാം പരാജയപ്പെട്ടു. ഡിവില്ലേഴ്സ്(11) മാത്രമാണ് രണ്ടക്കം കടന്നത്. വിന്‍ഡീസിന് വേണ്ടി റോച്ചും പൊളാര്‍ഡും രണ്ടും ടൈലര്‍, മില്ലര്‍ ഓരോ വിക്കറ്റ് വീതവും നേടി.
കുറഞ്ഞ സ്കോര്‍ മുന്നില്‍ കണ്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍മാരായ ഗെയില്‍(14) ഫ്ലച്ചര്‍(0) പെട്ടെന്ന് പുറത്തായി. ബ്രാവോ(20), പൊള്ളാര്‍ഡ്(27) എന്നിവര്‍ മാത്രമാണ് അല്പമെങ്കിലും സ്കോര്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മക്‍ലാരന്‍ അഞ്ചു വിക്കറ്റ് നേടി. ബോത്ത രണ്ട് വിക്കറ്റുമെടുത്തു.