ബള്‍ഗേറിയന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ മുന്‍ നിരയിലാണ് ഡിമിറ്റര്‍ ബെര്‍ബാറ്റോവിന്റെ സ്ഥാനം.അന്താരാഷ്ട്ര ഫുട്‌ബോളില്‍ രാജ്യത്തിനു വേണ്ടി ഏറ്റവുമധികം ഗോളടിച്ചു കൂട്ടിയ താരം.കഴിഞ്ഞ മൂന്നു വര്‍ഷമായി ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ ...ബെര്‍ബാറ്റോവിന്റെ കരിയറിന് തിളക്കം നല്‍കുന്ന ഘടകങ്ങള്‍ നിരവധിയാണ്.
ഇത്തരമൊരു താരത്തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് 29-ാം വയസ്സില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും താരം പൊടുന്നനേ വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്.ബള്‍ഗേറിയക്കുവേണ്ടിയും സ്വന്തം ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയും അത്ര മോശമല്ലാത്ത പ്രകടനം നടത്തുന്നതിനിടെയാണ് ബെര്‍ബാറ്റോവ് വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബള്‍ഗേറിയന്‍ ടീമിന്റെ ജീവനാഡി ആയിരിക്കുമ്പോഴും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് നേട്ടമൊന്നുമുണ്ടാക്കാന്‍ സാധിക്കാതിരുന്നതാണ് വിരമിക്കല്‍ തീരുമാനത്തിനു പിന്നിലെന്ന ബെര്‍ബാറ്റോവ് പറയുന്നു.ദക്ഷിണാഫ്രിക്കയില്‍ അടുത്തമാസം ആരംഭിക്കുന്ന ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതെ പോയതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് താരം പറയുന്നു.
ബെര്‍ബാറ്റോവ് പലപ്പോഴും മികവു പ്രകടിപ്പിക്കുമ്പോഴും ടീമെന്ന നിലയില്‍ യൂറോപ്പില്‍ മറ്റു ഫു്ടബോള്‍ ശക്തികള്‍ക്കു വെല്ലുവിളിയുയര്‍ത്താന്‍ ബള്‍ഗേറിയക്കു സാധച്ചില്ല.ടീമംഗങ്ങളുടെ പ്രകടനവും പ്രതീക്ഷയ്‌ക്കൊത്തുയരാതെ പോയപ്പോള്‍ കരിയറലാദ്യമായി ലോകപ്പില്‍ കളിക്കാമെന്ന ബെര്‍ബാറ്റോവിന്റെ മോഹം പൊലിഞ്ഞു.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ 2004 ലെ യൂറോകപ്പില്‍ കളിക്കാന്‍ കഴിഞ്ഞതുമാത്രമാണ് ബെര്‍ബാറ്റോവിന്റെ കരിയറിലെ ഏക നേട്ടം.ക്ലബ്ബ് തലത്തില്‍ ലോകത്തെ മുന്‍നിര ടീമുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയെങ്കിലും രാജ്യത്തിനു വേണ്ടി ഒരു ലോകകപ്പുപോലും കളിക്കാന്‍ കഴിഞ്ഞില്ലെന്നത് ബെര്‍ബാറ്റോവിന്റെ കരിയറിലെ സ്വകാര്യ ദു:ഖമായി അവശേഷിക്കും.
ഇതിനിടെ പുതിയ സീസണില്‍ ബെര്‍ബാറ്റോവ് മാഞ്ചസ്റ്റര്‍ വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയറണ്‍ മ്യൂണിക്കിലേക്കോ ഇറ്റലിയിലെ വമ്പന്‍മാരായ എ.സി.മിലാനിലേക്കോ ആയിരിക്കും താരം ചേക്കേറുകയെന്നാണ് വാര്‍ത്തകള്‍.എന്നാല്‍ താരം ഇതു നിഷേധിച്ചിട്ടുണ്ട്.ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കാന്‍ സാധിച്ചതോടെ തന്റെ കരിയറിന്റെ ഉന്നതിയിലെത്തിക്കഴിഞ്ഞെന്നും താരം പറയുന്നു.
ബള്‍ഗേറിയക്കുവേണ്ടി 74 മത്സരങ്ങളില്‍ നിന്നാണ് 48 ഗോളുകളുമായി ബെര്‍ബാറ്റോവ് ടോപ്‌സ്‌കോറര്‍ പദവിയില്‍ നില്‍ക്കുന്നത്.താന്‍ വിരമിക്കുന്നതോടെ ബള്‍ഗേറിയയിലെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും ബര്‍ബാറ്റോവ് പറയുന്നു.