ഫുട്‌ബോളില്‍ വലിയ നേട്ടങ്ങളുടെ ചരിത്രമൊന്നും അവകാശപ്പെടാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനില്ല. മൂന്നുതവണ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നതാണ് അവര്‍ക്ക് എടുത്തു പറയാനുള്ളത്. അണ്ടര്‍ 20 തലത്തില്‍ 2002ല്‍ അവര്‍ക്ക് യൂറോപ്യന്‍ കിരീടവും ലഭിച്ചിട്ടുണ്ട്. ഇക്കുറി ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കിരീടംചൂടി സ്വിസ്റ്റ്‌സര്‍ലന്‍ഡിന്റെ യുവപോരാളികള്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കയാണ്.
കലാശക്കളിയില്‍ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ നൈജീരിയയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ പ്രമുഖകിരീടം സ്വിറ്റ്‌സര്‍ലന്‍ഡ് നേടിയത്. അണ്ടര്‍ 20 ലോകകപ്പ് തുടങ്ങിയപ്പോള്‍ ശക്തികേന്ദ്രങ്ങളില്‍ ഒരിടത്തും ചര്‍ച്ചചെയ്യപ്പെട്ട പേരല്ല സ്വിറ്റ്‌സര്‍ലന്‍ഡിന്‍േറത്. ടൂര്‍ണമെന്റിന് ആദ്യമായി യോഗ്യത നേടിയ ടീമിനെ ആരും കണക്കിലെടുത്തു പോലുമില്ല.പക്ഷേ, ടൂര്‍ണമെന്റില്‍ കളിച്ച ഏഴുമത്സരങ്ങളിലും ജയിച്ചാണ് അവര്‍ ഫുട്‌ബോള്‍ ലോകത്തെ രാജകുമാരന്‍മാരായത്.
ഫൈനലില്‍ ഹാരിസ് സെഫെറോവിച്ച് ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. അബൂജയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നൈജീരിയയ്ക്കുവേണ്ടി ആര്‍പ്പുവിളിച്ചുകൊണ്ടിരുന്ന 60,000 ലധികം ആരാധകരെ ഞെട്ടിച്ചാണ് 63-ാം മിനിറ്റില്‍ സെഫെറോവിച്ച് വിജയഗോള്‍ വലയിലാക്കിയത്.
ഗ്രൂപ്പ് മത്സരങ്ങളില്‍ മെക്‌സിക്കോയെയും (2-0), ജപ്പാനെയും (4-3), ബ്രസീലിനെയും (1-0 ) കീഴടക്കി ഗ്രൂപ്പ് ജേതാക്കളായാണ് അവര്‍ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയത്.
പ്രീ-ക്വാര്‍ട്ടറില്‍ ജര്‍മനിയെയും (4-3) ക്വാര്‍ട്ടറില്‍ ഇറ്റലിയെയും (2-1) സ്വിസ് ടീം മറികടന്നു.
സെമിയിലാണ് ടൂര്‍ണമെന്റിലെ വമ്പന്‍വിജയം സ്വിറ്റ്‌സര്‍ലന്‍ഡ് സ്വന്തമാക്കിയത്. കൊളംബിയയെ അവര്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് മുക്കിയത്.
ഫൈനലിലും ഇതേ മികവാണ് ടീം നിലനിര്‍ത്തിയത്.
മൂന്നുതവണ അണ്ടര്‍ 20 ലോകകപ്പ് കിരീടം നേടിയ ചരിത്രമുള്ള ടീമാണ് നൈജീരിയ. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിച്ചതുമില്ല. ഒടുവില്‍ രണ്ടാംസ്ഥാനക്കാര്‍ക്കുള്ള ട്രോഫിയുമായി അവര്‍ക്ക് തൃപ്തിപ്പെടേണ്ടിവന്നു. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡ് സാനി എമ്മാനുവേല്‍ നേടിയതും ടീമിന് ഫെയര്‍ പ്ലേ അവാര്‍ഡ് സ്വന്തമാക്കിയതും അവര്‍ക്ക് ആശ്വാസമായി.സാനിയടക്കം അഞ്ചുതാരങ്ങള്‍ അഞ്ചുഗോളോടെ ടോപ് സേ്കാറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിച്ചത്. സ്‌പെയിനിന്റെ ബോര്‍ജയാണ് ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായത്.