ഐശ്വര്യറായ്, ദീപിക പദുക്കോണ്‍, അസിന്‍, വിദ്യാ ബാലന്‍... ബോളിവുഡ് കീഴടക്കിയ തെന്നിന്ത്യന്‍ താരനിര അങ്ങനെ നീളുകയാണ്. ഈ പട്ടികയിലെ പുതിയ പേരാണ് നീന സര്‍ക്കാര്‍.മെയ് 14-ന് റിലീസ്‌ചെയ്ത 'വ്‌റൂം...' എന്ന ചിത്രത്തിലൂടെയാണ് ഈ ബാംഗ്ലൂര്‍ സുന്ദരി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പക്ഷേ, അത്ര അപരിചിതയല്ല നീന. ഉസ്താദ് സുല്‍ത്താന്‍ഖാന്‍-ശ്രേയ ഘോഷാല്‍ ജോടിയുടെ 'ലേജ ലേജ...' എന്ന ആല്‍ബത്തിലൂടെ 2006-ല്‍ നീന തരംഗം സൃഷ്ടിച്ചിരുന്നു.
ഇതുകണ്ട് യാഷ്‌രാജ് ഫിലിംസ് തങ്ങളുടെ ചിത്രത്തിലേക്ക് നീനയെ ക്ഷണിച്ചിരുന്നു. അന്ന് 18-കാരിയായ നീന പക്ഷേ, ഈ ഓഫര്‍ നിരസിച്ചു. വലിയൊരു പ്രോജക്ടില്‍ അണിനിരക്കാനുള്ള ഭയമായിരുന്നു അതിന് കാരണം.ഈ തീരുമാനം വിഡ്ഢിത്തമായെന്ന് പിന്നീടാണ് നീനയ്ക്ക് മനസ്സിലായത്. ഫലമോ സിനിമാ അരങ്ങേറ്റം കുറിക്കാന്‍ വീണ്ടും നാലുവര്‍ഷംകൂടി കാത്തിരിക്കേണ്ടിവന്നു.
മാസ് കമ്യൂണിക്കേഷന്‍സില്‍ ബിരുദം നേടാനാണ് ഈ ഇടവേള നീന വിനിയോഗിച്ചത്. തുടര്‍ന്ന് മോഡലിങ് രംഗത്തേക്ക് തിരിഞ്ഞു. 'സോണി', 'സൈ്പസ് മൊബൈല്‍', 'കിങ്ഫിഷര്‍', 'വേള്‍ഡ്‌ഗോള്‍ഡ് കൗണ്‍സില്‍', 'കാസ്‌ട്രോള്‍' തുടങ്ങി ഒട്ടനവധി കമ്പനികളുടെ പരസ്യമോഡലാകാന്‍ യുവസുന്ദരിക്ക് സാധിച്ചു.ഇതാണ് ഒടുവില്‍ ബോളിവുഡിലേക്ക് വഴിതുറന്നത്. സ്റ്റാര്‍ ബോക്‌സ് ഓഫീസിന്റെ ബാനറില്‍ ഫോക്‌സ് ടെലിവിഷന്‍ സ്റ്റുഡിയോസ് നിര്‍മിച്ച 'വ്‌റൂം...' കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തമാശച്ചിത്രമാണ്.
കൃത്രിമ ബുദ്ധിയുള്ള ചിപ്പ് ഘടിപ്പിച്ച 'സ്മാര്‍ട്ടി' എന്ന കാറാണ് ചിത്രത്തിലെ യഥാര്‍ഥ നായകന്‍. ഈ ചിപ്പ് തട്ടിയെടുക്കാന്‍ 'മിസ്റ്റര്‍ എക്‌സ്' എന്ന വില്ലന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കോമഡിയുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ സാവിന്‍ ടസ്‌കാനോ ഒരുക്കിയിരിക്കുന്നത്. 'കിഡ്‌നാപ്' എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്ന സാവിന്റെ ആദ്യ സ്വതന്ത്ര സംരംഭമാണിത്.'സ്മാര്‍ട്ടി'യുടെ ഉടമയായ രാഹുലിന്റെ (ഗൗരവ് ബജാജ്) കാമുകി പൂജയുടെ വേഷമാണ് നീനയ്ക്ക്. പഴയകാല ബാലതാരം കൂടിയായ ഡെയ്‌സി ഇറാനി, 'ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചാലഞ്ച്' ഫെയിം നവീന്‍ പ്രഭാകര്‍, ഡെല്‍ന മോഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
''അത്ഭുതശക്തിയുള്ള കാറിന്റെ കഥ പറഞ്ഞ ഹെര്‍ബി സീരീസ് ചിത്രങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അത്തരമൊരു കാര്‍ എന്റെ സ്വപ്നമായിരുന്നു. ഈ സിനിമയിലൂടെ അത് യാഥാര്‍ഥ്യമായിരിക്കുന്നു. കുട്ടികളുടെ മനശ്ശാസ്ത്രം പഠിക്കാന്‍ ഇതിലൂടെ സാധിച്ചു. ഭാവി ജീവിതത്തില്‍ ഞാനത് പ്രാവര്‍ത്തികമാക്കും'' -അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് നീന പറയുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ ഭയന്നപോലെ ഏറെ ആശങ്കകളോടെയാണ് നീന മോഡലിങ് രംഗത്ത് എത്തിയത്. എന്നാല്‍, നല്ല അനുഭവങ്ങള്‍ മാത്രമാണ് അവര്‍ക്കുണ്ടായത്. ഒടുവില്‍ സിനിമയില്‍ എത്തിയപ്പോഴും മറിച്ചായില്ല.''ഇനി ഏതായാലും സിനിമയില്‍ ഉറച്ചുനില്‍ക്കണം. ഒരു സമയത്ത് ഒരു സിനിമ മാത്രം'' -ഭാവി പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിന് നീനയുടെ മറുപടിയിതാണ്.ബോക്‌സ് ഓഫീസില്‍ 'വ്‌റൂം...' ശരാശരി ഗണത്തിലാണ് പെടുന്നതെങ്കിലും നീനയ്ക്ക് മുഴുവന്‍ മാര്‍ക്കും നല്കാന്‍ നിരൂപകര്‍ തയ്യാറായിട്ടുണ്ട്. ഈ ഇരുപത്തിരണ്ടുകാരിയുടെ പ്രതീക്ഷയും ഇതിലാണ്.