എട്ടുവര്‍ഷത്തെ ബോളിവുഡ് ജീവിതം വിവേക് ഒബ്‌റോയിക്ക് സമ്മാനിച്ചത് നിരാശയാണ്. എന്നാല്‍ പുതിയൊരു അഭിനയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണ് താനെന്ന് വിവേക് ഒബ്‌റോയ് പറയുന്നു. രാംഗോപാല്‍ വര്‍മയുടെ 'കമ്പനി' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വിവേക് 'സാതിയ', 'ഷൂട്ടൗട്ട് അറ്റ് ലോഖണ്ട്‌വാല', 'യുവ', 'ഓംകാര' എന്നീ ചിത്രങ്ങളിലൂടെ കൂടുതല്‍ മുന്നേറിയെങ്കിലും ശ്രദ്ധിക്കപ്പെടാത്ത റോളുകള്‍ കിട്ടാത്തത് വിവേകിന് തിരിച്ചടിയായി. എന്നാല്‍ കൂക്കി വി ഗുലാത്തി സംവിധാനം ചെയ്ത 'പ്രിന്‍സ്' എന്ന ചിത്രത്തിലെ വേഷം വഴിത്തിരിവായെന്ന് വിവേക് പറയുന്നു. ഈ കഥാപാത്രം തന്നെ ഏറെ സന്തോഷിപ്പിച്ചു. താന്‍ ഇപ്പോള്‍ ഏറെ ചിരിക്കുകയാണ്.
'പ്രിന്‍സ്' എന്ന ചിത്രത്തിനുശേഷം രണ്ട് ബിഗ് പ്രോജക്ടുകള്‍ തനിക്ക് ലഭിച്ചു. രാംഗോപാല്‍ വര്‍മയോടൊപ്പമുള്ള 'രക്തചരിത്ര'യാണ് രണ്ടു ചിത്രങ്ങളിലൊന്ന്. മണിരത്‌നത്തിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് മറ്റൊന്ന്. രണ്ടു വലിയ ചിത്രങ്ങള്‍ ലഭിച്ചതിന്റെ സന്തോഷവും ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായേക്കുമെന്ന പ്രതീക്ഷയും വിവേക് വെച്ചുപുലര്‍ത്തുന്നു.
എട്ടുവര്‍ഷത്തെ ബോളിവുഡ് ജീവിതത്തില്‍ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും തിരമാലകള്‍ ഒന്നൊന്നായി അലയടിച്ചിരുന്നു വിവേകിന്റെ മനസ്സില്‍. ഈ കാലയളവുതന്നെ പാമ്പും കോണിയും കളി പോലെയായിരുന്നു. തന്റെ മൊബൈല്‍ ഫോണ്‍ നാളുകളേറെ ശബ്ദിക്കാതെയിരുന്നിട്ടുണ്ട്. പിറന്നാളിന് ബൊക്കെകള്‍ പോലും എത്തിയിരുന്നില്ല. വല്ലാതെ ഏകാന്തത അനുഭവിച്ച നാളുകള്‍... ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് കരുതിയ ദിനങ്ങള്‍. അതിനിടയിലാണ് പ്രതീക്ഷയുടെ പൂക്കാലം വരുന്നത്.