കാനില്‍ അരമണിക്കൂര്‍ പാടാനായി പ്രശസ്ത പോപ്പ് ഗായികയും മോഡലുമായ ഷെറിള്‍ കോള്‍ വാങ്ങിയത് 3,69,325 ഡോളര്‍. അതായത് ഒന്നരക്കോടിയോളം രൂപ. ഇളം വയസ്സില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നഗായകരുടെ ലിസ്റ്റില്‍ കോള്‍ ഇടം പിടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ പുതിയ പണക്കൊയ്ത്ത്.
ഇരുപത്താറ് വയസ്സ് മാത്രമുള്ള ഈ ഗായിക കാന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്തജ്വല്ലറി ഫേം ഡി ഗ്രിസ്‌ഗോനോ സംഘടിപ്പിച്ച ചടങ്ങിലാണ് പാടിയത്. അതും വെറും അരമണിക്കൂര്‍. ല ഓറിയല്‍, കൊക്കകോല സീറോ എന്നിവയുമായി കരാര്‍ ഒപ്പിട്ട വകയില്‍ ഓരോ കമ്പനിയില്‍ നിന്നും 7,38,650 ഡോളര്‍ വീതം വാങ്ങിയിരുന്നു.
അതോടൊപ്പം കോളിന്റെ ഏറ്റവും പുതിയ ആല്‍ബം ത്രീ വേര്‍ഡ്‌സ് മ്യൂസിക് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയതും ഇവരുടെ ആസ്തി വര്‍ധിപ്പിച്ചു. 147.73 മില്യണ്‍ ഡോളറാണ് ഇപ്പോള്‍ കോളിന്റെ ആസ്തിയെന്നാണ് കണക്ക്.