മാഡ്രിഡ്യൂറോപ്പിലെ ചാംപ്യന്‍മാരുടെ ചാംപ്യന്‍ ഏതെന്ന ചോദ്യത്തിന് ഇന്നു മറുപടി ലഭിക്കും. ഹൊസെ മൊറീഞ്ഞോയുടെ ചാണക്യ തന്ത്രങ്ങളുടെ പിന്‍ബലത്തില്‍ ഇറങ്ങുന്ന ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍ മിലനോ, ലൂയിസ് വാന്‍ ഗാലിന്‍റെ ജര്‍മന്‍ സൈഡ് ബയേണ്‍ മ്യൂണിച്ചോ ഇന്ന് സാന്‍റിയാഗോ ബെര്‍ണാബുവില്‍ യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടമുയര്‍ത്തും.
ലീഗ് ടൈറ്റിലും ലീഗ് കപ്പും സ്വന്തമാക്കിയെത്തുന്ന രണ്ട് ടീമുകളും ട്രിപ്പിള്‍ കിരീടമെന്ന അപൂര്‍വ നേട്ടത്തിനു കൂടിയാണ് അരയും തലയും മുറുക്കുന്നത്. ഒരിക്കല്‍ ഗുരു-ശിഷ്യ ബന്ധമുണ്ടായിരുന്ന വാന്‍ ഗാലും മൊറീഞ്ഞോയും നേര്‍ക്കു നേര്‍ വരുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കൂടാതെ രണ്ട് പരിശീലകര്‍ക്കും ഇന്ന് കപ്പുയര്‍ത്തിയാല്‍ വ്യത്യസ്തമായ ടീമുകള്‍ക്കൊപ്പം യൂറോപ്യന്‍ ചാംപ്യന്‍മാരാകുന്ന പരിശീലകരെന്ന നേട്ടവും സ്വന്തമാക്കാം.
ഇറ്റാലിയന്‍ ലീഗില്‍ വന്‍ ശക്തിയാണെങ്കിലും യൂറോപ്പിന്‍റെ ചാംപ്യന്‍ പട്ടം ഇന്‍റര്‍ സ്വന്തമാക്കിയിട്ട് ഏതാണ്ട് അമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞു. ചാംപ്യന്‍സ് ലീഗില്‍ ഭാഗ്യവും പ്രയത്നവും കൊണ്ട് രക്ഷപ്പെട്ടുവരികയായിരുന്നു ഇതുവരെ. ഗ്രൂപ്പില്‍ സ്പാനിഷ് വമ്പന്‍മാര്‍ ബാഴ്സലോണയ്ക്കു പിന്നിലായി രണ്ടാം സ്ഥാനക്കാരായി മുന്നോട്ട്. എന്നാല്‍ നോക്കൗട്ട് റൗണ്ട് മുതല്‍ ഇന്‍റര്‍ വിശ്വരൂപം പുറത്തെടുത്തു. ഇംഗ്ലിഷ് ക്ലബ് ചെല്‍സിക്കെതിരേ 3-1 ന്‍റെ അഗ്രഗേറ്റ് സ്കോറില്‍ ക്വാര്‍ട്ടറില്‍. അവിടെ കാത്തിരുന്ന സിഎസ്കെഎ മോസ്കോയ്ക്കെതിരേ 1-0 ത്തിന്‍റെ ജയത്തോടെ സെമിയില്‍. എതിരാളികള്‍ ബാഴ്സ. ആദ്യ പാദത്തി ല്‍ 1-0 ന് പരാജയപ്പെട്ടെങ്കിലും ര ണ്ടാം പാദത്തില്‍ 3-1 ന് വിജയിച്ച് ഫൈനലിലേക്ക്.
ഇന്ന് 4-4-3 ഫോര്‍മേഷനാകും മൊറീഞ്ഞോ തെരഞ്ഞെടുക്കുക. കഴിഞ്ഞ മത്സരത്തിനിറങ്ങാത്ത അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ വെസ്ലി സ്നീജര്‍ ആദ്യ ഇലവനിലെത്തും.
2009-10 സീസണില്‍ ക്ലബ്ബിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തുടക്കമായിരുന്നു ബുണ്ടസ് ലീഗയില്‍ (ജര്‍മന്‍ ലീഗ്) ബയേണിന്‍റേത്. ആദ്യ 13 ലീഗ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയം മാത്രം. ഒടുവില്‍ ലീഗിലെ വിജയത്തിനൊപ്പം ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ അവസാന പോരില്‍ വിജയിച്ച് നോക്കൗട്ട് റൗണ്ടിലേക്ക്.
ആര്യന്‍ റോബന്‍റെ അത്ഭുത ഗോളില്‍ ഫിയൊറെന്‍റിനയെ കീഴടക്കി ക്വാര്‍ട്ടറിലെത്തിയ ബയേണ്‍, ഇം ഗ്ലിഷ് ക്ലബ് മാഞ്ചെസ്റ്റര്‍ യുനൈറ്റഡിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്താണ് സെമിയിലെത്തിയത്. ഒളിംപിക് ലിയോണിനെ വ്യക്തമായ ആധിപത്യത്തില്‍ തറപറ്റിച്ച് ഫൈനലിലേക്ക് മുന്നേറ്റം.
വിലക്ക് ലഭിച്ച ഫ്രാങ്ക് റിബറിക്ക് പകരക്കാരനായി ഹമിത് ആള്‍ട്ടിന്‍റോപ് ബയേണ്‍ നിരയിലെത്തും. മറ്റു മാറ്റങ്ങള്‍ക്കു സാധ്യതയില്ല.