വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 66 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്ക 48 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് 44.1 ഓവറില്‍ 215 റണ്‍സിന് പുറത്തായി. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0യ്ക്ക് മുന്നിലെത്തി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണര്‍ ഹസിം ആംലയുടെ മികച്ച ബാറ്റിംഗ് പ്രകടനമാണ് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. ആംലെ 109 പന്തില്‍ നിന്ന് 102 റണ്‍സ് നേടി. സ്മിത്ത് (18), കാലീസ്(1), എന്നിവര്‍ പെട്ടെന്ന് പുറത്തായെങ്കിലും ആംലെയ്ക്ക് കൂട്ടായി ഡിവില്ലേഴ്സെത്തി. 101 പന്തില്‍ നിന്ന് ഡിവില്ലേഴ്സ് 102 റണ്‍സ് നേടി. പിന്നീടെത്തിയവര്‍ വലിയ സ്കോര്‍ നേടിയില്ല. വിന്‍ഡീസിന് വേണ്ടി ബ്രാവോ മൂന്നും ടൈലര്‍, രാംപോള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
ദക്ഷിണാഫ്രിക്കയുടെ 280 സ്കോര്‍ മുന്നില്‍ കണ്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫ്ലച്ചറുടെ വിക്കറ്റ് നഷ്ടമായി. ഗെയില്‍(45), ബ്രാവോ(15), സര്‍വന്‍(38), പൊള്ളാര്‍ഡ്(44) മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയെങ്കിലും വിജയിക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂര്‍ക്കല്‍ മൂന്നും സ്റ്റെയിന്‍, മക്‍ലാരന്‍, ബോത്ത എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. അസിം ആംലെയാണ് കളിയിലെ കേമന്‍.