ജര്‍മന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടിയ ബഡ്ജറ്റുകളിലൊന്നോടെയാണ് പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍(2006) നിര്‍മ്മിക്കപ്പെട്ടത്. ഗന്ധത്തില്‍ നിന്ന് എങ്ങനെയാണ് സുഗന്ധം ഉണ്ടാകുന്നത് എന്ന അന്വേഷണമാണ് മുഖ്യ കഥാപാത്രമായ ഴാങ് ബാപ്റ്റിസ്റ് ഗ്രെനോയ്ലിനെ യുവതികളുടെ കൊലകളിലേക്ക് നയിക്കുന്നത്. അസാധ്യമായ സിനിമയായ പെര്‍ഫ്യൂമിന്റെ ആധാരമായ നോവലെഴുതിയ പാട്രിക്ക് സസ്ക്കിണ്ടിന്റെ രചനാവൃത്തി തന്നെ അസാധാരണമായിരുന്നുവെന്നാണ് റോജര്‍ എബര്‍ട് അഭിപ്രായപ്പെട്ടത്. ഗന്ധത്തിന്റെയും ഗന്ധങ്ങളുടെയും അനിര്‍വചനീയങ്ങളും അവ്യാഖ്യേയങ്ങളുമായ പ്രഹേളികകളെ വാക്കുകളിലേക്കും(നോവല്‍) ദൃശ്യ-ശബ്ദങ്ങളിലേക്കും(സിനിമ) എങ്ങനെയാണ് പരിഭാഷപ്പെടുത്താനാവുക എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. റണ്‍ ലോല റണ്‍ പോലെ ജനപ്രിയമായിത്തീര്‍ന്ന സിനിമ എടുത്ത ടോം ടിക്ക്വര്‍ ആണ് പെര്‍ഫ്യൂമിന്റെ സംവിധായകന്‍.
മത്സ്യഗന്ധിയായ ഒരമ്മ പെറ്റ ഗ്രെനോയ്ല്‍ ശിശുവായിരിക്കെ തന്നെ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. മുന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പാരീസാണ് കഥ നടക്കുന്ന നഗരം. അനാഥശാലാ അന്തേവാസിയും അടിമയുമായി അവന്‍ വളരുന്നത് പക്ഷെ അപൂര്‍വ്വമായ ഒരു മികവിലേക്കാണ്. ലോകത്തിലെ ഏത് സൂക്ഷ്മ ഗന്ധവും അവന്റെ നാസിക പിടിച്ചെടുക്കും. അവന് സ്വന്തമായിട്ടാവട്ടെ ഒരു ഗന്ധവുമൊട്ടില്ല താനും. ബെന്‍ വിഷോ ആണ് ഗ്രെനോയ്ല്‍ ആയി അഭിനയിക്കുന്നത്. വിദഗ്ദ്ധനും പ്രശസ്തനുമായ സുഗന്ധ നിര്‍മാതാവും വ്യാപാരിയുമായ ബാല്‍ദിനി(ഡസ്റ്റിന്‍ ഹോഫ്മാന്‍)യുടെ അപ്രന്റീസായി അവന്‍ പണി പഠിക്കാന്‍ തുടങ്ങുന്നു. ഗ്രെനോയ്ലിന്റെ ജീവിതം ഔപചാരിക ചരിത്രങ്ങളില്‍ അടയാളപ്പെടുത്താതെ പോയത് ഗന്ധം പോലുള്ള ഒരു സാമ്രാജ്യത്തിലെ നായകനും പ്രതിനായകനുമായിരുന്നു അയാളെന്നതിനാലായിരിക്കണം.
മാലാഖയുടെ സാന്നിദ്ധ്യങ്ങളായിട്ടാണ് സുഗന്ധങ്ങളെ ജനങ്ങള്‍ പരിഗണിക്കുന്നത്. മികച്ചതും ഗംഭീരവുമായ സുഗന്ധക്കൂട്ടുകളുണ്ടാക്കാന്‍ ഗ്രെനോയ്ലിന് നിഷ്പ്രയാസം സാധ്യമാവുന്നു. എന്നാലവന്റെ അന്വേഷണത്വര കൂടുതല്‍ സൂക്ഷ്മതലങ്ങളിലേക്ക് മുന്നേറുകയാണ്. ലോഹവും വൈരവും സൌന്ദര്യവും കൂടിച്ചേരുന്ന സുഗന്ധമിശ്രിതം എന്താണെന്നാണവന് കണ്ടെത്തേണ്ടത്. ഈ അന്വേഷണമാണ് നിഷ്ഠൂരമായ കൊലകളിലേക്ക് അവനെ നയിക്കുന്നത്. തെക്കെ ഫ്രാന്‍സിലെ ഗ്രാസ്സാണ് ലോകത്തിന്റെ സുഗന്ധകലാതലസ്ഥാനം എന്ന അറിവ് ബാല്‍ദിനി അവന് കൈമാറുന്നു. സാധാരണരീതിയിലുള്ള ഒരു മനുഷ്യജന്മമല്ല ഗ്രെനോയ്ലിന്റേത് എന്നതുറപ്പാണ്. അവനെ നമുക്ക് മനസ്സിലാക്കാനേ ആവുന്നില്ല; പക്ഷെ അവനില്‍ നിന്ന് കണ്ണെ(മൂക്കും)ടുക്കാനുമാവുന്നില്ല. പ്രതിഭകളുടെ ജന്മവും ജീവിതവും അപകടകരമാണെന്ന വിചാരമാണ് സിനിമ തത്വവത്ക്കരിക്കുന്നത്. ഒരു മനുഷ്യന്റെ ഗന്ധം കട്ടെടുക്കുക എന്ന സങ്കല്‍പം തന്നെ ക്രൂരമാണ്; സിനിമയിലത് ആഖ്യാനം ചെയ്തതാവട്ടെ അതിഭീകരമായ തരത്തിലും. ഗ്രെനോയ്ല്‍ ജനിച്ചു വളര്‍ന്നതും ജീവിച്ചതുമായ പരിതസ്ഥിതികളും സന്ദര്‍ഭങ്ങളും പിന്നെ അയാളുടെ ആത്മസത്തയുമായിരിക്കണം അയാളെ ഇത്തരം പ്രവൃത്തികളിലേക്ക് നയിച്ചത്. എന്തായാലും അയാളുണ്ടായത് ഒരു പിശാചിന്റെ മുട്ട വിരിഞ്ഞിട്ടു തന്നെയാകണം. അയാളെ നമുക്ക് വേണമെങ്കില്‍ സുഗന്ധത്തിന്റെ പിശാച് എന്നു വിളിക്കാം. മാലാഖകളില്‍ കുടിയിരുന്ന സുഗന്ധങ്ങള്‍ പിശാചിലേക്ക് സംക്രമണം ചെയ്യുന്ന പ്രവര്‍ത്തനമാണ് ഗ്രെനോയ്ലിലൂടെ സാക്ഷാത്കൃതമാകുന്നത്.
ദൃശ്യ-ശബ്ദങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തും വിധം ഗന്ധം മുഖ്യതയിലേക്ക് കയറിയിരിക്കുന്ന ഈ സിനിമ അന്ധ-ബധിരമായ ഒരു കാഴ്ച/കേള്‍വിക്ക് പാകമായ ഒന്നാണ്. അനവധി കന്യകകളുടെ മുടികളില്‍ നിന്നും ദേഹത്തു നിന്നും അയാള്‍ ശേഖരിച്ചെടുത്ത ഗന്ധങ്ങള്‍ വാറ്റി കലര്‍ത്തി ഉണ്ടാക്കുന്ന ഒരു കുപ്പി സുഗന്ധദ്രവ്യത്തിന് ഈ ലോകത്തെ മുഴുവന്‍ പ്രണയത്തിലും രതിക്രീഡയിലും ആറാടിക്കാന്‍ കഴിയും. ഗ്രാസ്സ് നഗരചത്വരത്തില്‍ അയാളെ കുരിശിലേറ്റുന്നത് കാണാന്‍ കാത്തിരുന്നവരെ അയാള്‍ അപ്രകാരം കൂട്ടരതി(ഓര്‍ഗി)യിലേക്ക് നയിക്കുകയുണ്ടായല്ലോ. എന്നാല്‍ മറ്റുള്ളവരെ പോലെ സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും അയാളെ പ്രാപ്തനാക്കാന്‍ ഈ ദ്രവ്യത്തിനും സാധ്യമല്ല എന്ന തിരിച്ചറിവാണ് അയാളെ സ്വയം നിരാശനാക്കുന്നത്.
സ്നേഹവും അനുരാഗവും രതിയുമെന്നത് മനുഷ്യ ശരീരത്തിലും പ്രകൃതിയിലും അന്തര്‍ലീനമായിരിക്കുന്നുവെന്നും സദാചാരം കൊണ്ട് അവയെ നിയന്ത്രണവിധേയമാക്കാന്‍ മനുഷ്യകുലത്തിന് സാധ്യമാവില്ല എന്നുമുള്ള ചരിത്രവൈപരീത്യത്തെയാണോ ടോം ടിക്ക്വര്‍ ആഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്നത്? ഗന്ധം എന്ന അപൂര്‍വ്വമായ ഇന്ദ്രിയജ്ഞാനത്തെ ദൃശ്യ-ശബ്ദ ഭാവനയിലൂടെ ആഖ്യാനം ചെയ്യാനുള്ള പരിശ്രമം എന്ന നിലക്കാണ് പെര്‍ഫ്യൂം - ദ സ്റോറി ഓഫ് എ മര്‍ഡറര്‍ ഭീതിജനകമായിരിക്കെ തന്നെ ശ്രദ്ധേയമായ ഒരു ചലച്ചിത്രമായി മാറുന്നത്. സൌന്ദര്യത്തിന്റെയും സൌഗന്ധികത്തിന്റെയും നിര്‍മിതിയും ചരിത്രവും, ഗൂഢവും വൃത്തിഹീനവുമായ നിരവധി കൂട്ടുകളുടെയും വിചാരങ്ങളുടെയും സ്ഥലകാലങ്ങളുടെയും പിന്നാമ്പുറങ്ങളെ ഒളിപ്പിച്ചു വെക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യവും പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍ വെളിപ്പെടുത്തുന്നു.