ഗോളുകളെല്ലാം ലോകകപ്പിനായി കരുതിവച്ചിരിക്കുകയാണെന്ന് ലോകകപ്പിലെ ഇംഗ്ലണ്ട് പ്രതീക്ഷയായ സൂപ്പര്‍ താരം വെയ്ന്‍ റൂണി. അവസാനം കളിച്ച ഏഴ് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഒരു ഗോള്‍ മാത്രം നേടാനായ റൂണി ദക്ഷിണാഫ്രിക്കയില്‍ വെറും ‘വെയ്ന്‍’ ആവുമെന്ന മാധ്യമവിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നുതന്നെയാണ് തന്‍റെ പ്രതീക്ഷയെന്നും റൂണി പറഞ്ഞു. ആരോഗ്യ സ്ഥിതി ഏറെ മെച്ചപ്പെട്ടതായും കഴിഞ്ഞ ആറാഴ്ചയായി താന്‍ കഠിന പരിശീലനത്തിലേര്‍പ്പെട്ടുവരികയാണെന്നും ഇംഗ്ലീഷ് താരം അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറില്‍ ക്രൊയേഷ്യയ്ക്കെതിരെയുള്ള മല്‍സരത്തിലാണ് റൂണി ഇംഗ്ലണ്ടിന് വേണ്ടി അവസാനം ഗോള്‍ നേടിയത്. തൊട്ടു മുന്‍വര്‍ഷം ഒമ്പത് മല്‍സരത്തില്‍നിന്ന് പത്ത് ഗോളുകള്‍ നേടിയതുമായി താരതമ്യം ചെയ്യുമ്പോള്‍ റൂണിയുടെ കാരിയറിലെ മോശം സമയമാണിപ്പോള്‍.
കണങ്കാലിനേറ്റ പരുക്കിനെത്തുടര്‍ന്ന് റൂണിയുടെ ലോകകപ്പ് അവസാനിച്ചെന്നുവരെ ഫുട്ബോള്‍ ലോകം വിധിയെഴുതിയതാണ്. എങ്കിലും പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിനായി റൂണി കാഴ്ചവെച്ച പ്രകടനം ഇംഗ്ലീഷ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.