സണ്‍ പിക്ചേഴ്സ് തമിഴ് സിനിമയിലെ ഏറ്റവും വലിയ നിര്‍മ്മാണക്കമ്പനികളില്‍ ഒന്നാണ്. ബിഗ്ബജറ്റ് ക്വാളിറ്റി സിനിമകളാണ് സണ്‍ അവതരിപ്പിക്കുന്നതില്‍ മിക്കതും. അതുകൊണ്ടു തന്നെ ‘സണ്‍’ എന്ന ബ്രാന്‍ഡ് നോക്കി തിയേറ്ററുകളില്‍ എത്തുന്നവര്‍ കുറവല്ല. എന്നാല്‍ അടുത്തകാലത്തായി സണ്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന ചിത്രങ്ങള്‍ പലതും നിരാശപ്പെടുത്തുന്നതാണ്.
ഇക്കഴിഞ്ഞ റിലീസായ ‘സുറാ’ തന്നെ ഉദാഹരണം. താരപ്പകിട്ട് ബൂസ്റ്റ് ചെയ്യാന്‍ വേണ്ടിമാത്രം സൃഷ്ടിക്കപ്പെടുന്ന ഇത്തരം സിനിമകള്‍ സണ്‍ പിക്ചേഴ്സിന്‍റെ വിശ്വാസ്യത തകര്‍ക്കാനേ ഉപകരിക്കൂ. എന്തായാലും ഈ മുന്‍വിധി ഉള്ളിലുള്ളതുകൊണ്ട് സണ്‍ പിക്ചേഴ്സിന്‍റെ പുതിയ ചിത്രമായ ‘സിങ്കം’ കാണാന്‍ പോകുമ്പോള്‍ അധികം പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നില്ല. എന്നാല്‍, ഇത് ചിത്രം വേറെയാണ്. ഗില്ലിക്കു ശേഷം, സാമിക്ക് ശേഷം, ഗജിനിക്ക് ശേഷം ഒരു ബിഗ് കൊമേഴ്സ്യല്‍ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ - അതാണ് സിങ്കം!
സംവിധായകന്‍ ഹരി ഈ ചിത്രം ഒരുക്കിയിരിക്കുന്നത് കെട്ടുറപ്പുള്ള ഒരു തിരക്കഥയിന്‍മേലാണ്. സൂര്യയുടെ വണ്‍മാന്‍ ഷോയ്ക്കല്ല, കഥയ്ക്കാണ് പ്രധാനം. നായകന്‍റെ അലറിവിളിയും ആഘോഷവുമൊന്നുമല്ല. ഒരു കഥ വ്യത്യസ്തമായ ട്രീറ്റ്മെന്‍റ് നല്‍കി പ്രേക്ഷകരിലെത്തിച്ചിരിക്കുകയാണ്. ഈ ആക്ഷന്‍ ഡ്രാമ അതുകൊണ്ടുതന്നെ കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നു. ആദ്യപകുതിയിലെ ലൈറ്റ് ഗോയിംഗ് പിന്നീട് പതിയെ മാറുകയാണ്. സെക്കന്‍റ് ഹാഫില്‍ സിംഹം ഗര്‍ജ്ജിക്കുക തന്നെ ചെയ്യുന്നു.
നെല്ലൂര്‍ എന്ന ചെറുപട്ടണത്തിലെ ഇന്‍സ്പെക്ടറാണ് ദുരൈസിങ്കം(സൂര്യ). അച്ഛന്‍റെ ആഗ്രഹപ്രകാരം പൊലീസ് യൂണിഫോം അണിയാന്‍ വിധിക്കപ്പെട്ടവന്‍. സത്യസന്ധനായ, ശാന്തസ്വഭാവമുള്ള ഒരു പൊലീസുകാരനാണ് അയാള്‍. ബിസിനസുകാരനായ നാസറിന്‍റെ മക്കള്‍ കാവ്യ(അനുഷ്ക)യും അനുജത്തി ദിവ്യ(പ്രിയ)യും വെക്കേഷന് നെല്ലൂരിലെത്തുകയാണ്. കാവ്യയും ദുരൈസിങ്കവും പ്രണയത്തിലാകുന്നു. കാര്യങ്ങള്‍ അങ്ങനെ സുഗമമായി പോകുന്നതിനിടയിലാണ് മയില്‍വാഹനം(പ്രകാശ്‌രാജ്) എന്ന കൊടിയ വില്ലന്‍റെ വരവ്.
പിന്നീട് കാണുന്നത് നന്‍മയും തിന്‍മയും തമ്മിലുള്ള ‘ക്യാറ്റ് ആന്‍റ് മൌസ്’ ഗെയിമാണ്. ശാന്തത വെടിഞ്ഞ് ദുരൈസിങ്കം രൌദ്രഭാവം അണിയുന്നു. നെല്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് സ്ഥലം മാറ്റപ്പെട്ട ദുരൈസിങ്കം അവിടെയും മയില്‍വാഹനത്തിനെതിരായ പോരാട്ടം തുടരുകയാണ്.
ഒരു എഡ്ജ് ഓഫ് സീറ്റ് ത്രില്ലറാണ് ഇത്തവണ ഹരി ഒരുക്കിയിരിക്കുന്നത്. ഹരിയുടെ മുന്‍ചിത്രങ്ങളുടെ പാളിച്ചകളൊക്കെ ഈ ഒറ്റച്ചിത്രത്താല്‍ മറക്കപ്പെടും. മാസിനെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങളൊക്കെ അതിഭാവുകത്വമില്ലാതെ തിരക്കഥയിലുള്‍പ്പെടുത്തിയതാണ് ഹരിയുടെ വിജയം. സൂര്യയുമൊത്ത് ആറ്, വേല്‍ എന്നീ സിനിമകള്‍ ഹരി മുമ്പ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഹരിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമ സിങ്കം തന്നെയാണ്.
‘ഗ്ലാമറിനുവേണ്ടി മാത്രം നായിക’ എന്ന പതിവ് സങ്കല്‍പ്പത്തെയും ഹരി തെറ്റിക്കുന്നുണ്ട് ഈ സിനിമയില്‍. അനുഷ്ക അവതരിപ്പിക്കുന്ന കാവ്യ എന്ന കാഥാപാത്രം ചിത്രത്തില്‍ ശക്തമായ സാന്നിധ്യമാണ്. പ്രകാശ്‌രാജിന്‍റെ പ്രകടനവും എടുത്തുപറയണം. ഗില്ലിക്ക് ശേഷം അദ്ദേഹത്തിന്‍റെ ഒരു പവര്‍ഫുള്‍ പെര്‍ഫോമന്‍സ് ഈ സിനിമയിലാണുള്ളത്. പല സീനിലും സൂര്യയേക്കാള്‍ കൈയടി പ്രകാശിന് ലഭിക്കുന്നു.
സൂര്യ എന്ന നടന്‍റെ കൊമേഴ്സ്യല്‍ സ്വീകാര്യത ഉറപ്പിക്കുന്ന സിനിമയാണ് സിങ്കം. ആക്ഷന്‍ - സോംഗ് - പ്രണയ രംഗങ്ങളില്‍ മാത്രമല്ല, ഇമോഷണല്‍ സീനുകളും ഗംഭീരമാക്കിയിരിക്കുകയാണ് ഈ നടന്‍. കലയെന്നോ കച്ചവടമെന്നോ ഉള്ള വ്യത്യാസമില്ലാതെ അഭിനയത്തെ ആത്മാര്‍ത്ഥതയോടെ സമീപിക്കുന്ന സൂര്യ സിങ്കത്തിന്‍റെ വിജയത്തോടെ കൂടുതല്‍ ഉയരത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. സൂര്യയുടെ ഏറ്റവും വലിയ ഹിറ്റായ ‘അയന്‍’ നേടിയ കളക്ഷന്‍ സിങ്കം പഴങ്കഥയാക്കുമെന്ന് ഉറപ്പ്.
വിവേകിന്‍റെ കോമഡി ട്രാക്കും ശ്രദ്ധേയമാണ്. എന്നാല്‍ അദ്ദേഹം പതിവുരീതികളില്‍ നിന്ന് വ്യതിചലിക്കാത്തത് മടുപ്പുളവാക്കും. ഗാനരംഗങ്ങളാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. ദേവിശ്രീ പ്രസാദ് ഒരുക്കിയ ഗാനങ്ങള്‍ മികച്ചതാണ്. ‘കാതല്‍ വന്താലേ’ എന്ന ഗാനം മനോഹരം.
ഈ സമ്മറില്‍ ഒരു മികച്ച എന്‍റര്‍ടെയ്നര്‍ ആഗ്രഹിക്കുന്നവര്‍ക്ക് സിങ്കം കളിക്കുന്ന തിയേറ്ററില്‍ ധൈര്യമായി പോകാം. ഇളയദളപതിയുടെ മസാലച്ചിത്രങ്ങളില്‍ മനം മടുത്തിരിക്കുന്നവര്‍ക്ക് ഈ പുതിയ സൂര്യാവതാരം അനുഗ്രഹം തന്നെയായിരിക്കും