ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെയോട് തോല്‍ക്കാന്‍ കാരണം പരിചയസമ്പന്നരായ ബൌളര്‍മാരുടെ അഭാവമാണെന്ന് ടീം ഇന്ത്യ നായകന്‍ സുരേഷ് റെയ്ന പറഞ്ഞു. നിര്‍ഭാഗ്യകരം, കഴിഞ്ഞ മത്സരത്തില്‍ മികച്ച ബൌളിംഗ് നടത്താന്‍ ഇന്ത്യയ്ക്കായില്ല. ടീമിലെ മിക്ക ബൌളര്‍മാരും ആദ്യമായാണ് അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. നിലവിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അടുത്ത മത്സരത്തില്‍ മികച്ച തിരിച്ചുവരവ് നടത്തുമെന്നും സുരേഷ് റെയ്ന പറഞ്ഞു.
യുവനിരയുമായി പോയ ഇന്ത്യ ത്രിരാഷ്ട ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ സിംബാബ്‌വെയോട് ആറ് വിക്കറ്റിനാണ് തോറ്റത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. എന്നാല്‍, പുതുമുഖ ബൌളര്‍മാര്‍ക്ക് സിംബാബ്‌വേയെ തകര്‍ക്കാനായില്ല. പത്ത് പന്ത് ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്‌വെ വിജയം നേടി.
സിംബാബ്‌വെക്കെതിര പന്തെറിഞ്ഞ അഷോക് ദിന്‍ഡ്, ആര്‍ വിനയ് കുമാര്‍, ഉമേഷ് യാദവ് എന്നിവര്‍ ആദ്യമാണ് ഏകദിനം കളിക്കുന്നത്. ആദ്യ ആറു ഓവറില്‍ തന്നെ സിംബാബ്‌വെ മികച്ച സ്കോറിലെത്തിയിരുന്നു. അമിത് മിശ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ മാത്രമാണ് മികച്ച ബൌളിംഗ് നടത്തിയത്.
അടുത്ത മത്സരത്തില്‍ ശ്രീലങ്കയോട് പോരാടാന്‍ ബൌളിംഗ് ഏറെ മാറ്റേണ്ടിയിരിക്കുന്നു എന്നും റെയ്ന പറഞ്ഞു. രോഹിത് ശര്‍മ(114) കന്നി ഏകദിന സെഞ്ച്വറി നേടി. പുറത്താകാതെ 67 റണ്‍സെടുത്ത ക്രെയ്ഗ് എര്‍വിന്‍ തന്റെ കന്നി അര്‍ധ സെഞ്ച്വറി നേടി. ടെയ്‌ലറാണ് മാന്‍ ഓഫ് ദി മാച്ച്.