ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്ക് പാകിസ്ഥാന്‍ ക്ലബ് ടീമുകളെ പരിഗണിക്കാത്തതില്‍ പി സി ബിയ്ക്ക് പ്രതിഷേധം. വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ക്ലബുകളെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്, എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഒരു ക്ലബിനെ പോലും ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പി സി ബി ചെയര്‍മാന്‍ ഇജാസ് ഭട്ട് പറഞ്ഞു.
നേരത്തെ ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് ലേലത്തില്‍ നിന്നും പാക് താരങ്ങളെ ഒഴിവാക്കി. ആദ്യ സീസണില്‍ കളിച്ച പാക് താരങ്ങളെയെല്ലാം മൂന്നാം സീസണിലെ ലേലത്തില്‍ നിന്ന് ഒഴിവാക്കി. ഇതും നീതീകരിക്കാനാവാത്തതാണ്. ഇത്തരത്തിലുള്ള മിക്ക അവസരങ്ങളും നല്‍കാതെ പാക് ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്നും ഇജാസ് ഭട്ട് പറഞ്ഞു.
എല്ലാ ക്രിക്കറ്റ് രാജ്യങ്ങളിലും നടക്കുന്നത് പോലെ പാകിസ്ഥാനിലും ക്ലബ് മത്സരങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ട്. അഞ്ചു വര്‍ഷമായി പാകിസ്ഥാനിലെ ക്ലബുകള്‍ പങ്കെടുക്കുന്ന ട്വന്റി-20 ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നുണ്ട്. ഐ സി സി ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് പാക് താരങ്ങള്‍ക്ക് ഐ പി എല്‍ ലേലത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്