ജീവശ്വാസത്തില്‍ പോലും
ഫുട്ബോളിന്‍റെ താളം സന്നിവേശിപ്പിച്ച ഒരു ജനതയുടെ പ്രതീക്ഷകള്‍ പേറി അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ ടീം ലോകകപ്പ്
മത്സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കയിലെത്തി.
പ്രാര്‍ത്ഥനകളോടെയാണ് അര്‍ജന്‍റീനക്കാര്‍ ടീമിനെ യാത്രയാക്കിയത്. മറഡോണയും കൂട്ടരും തിരികെയെത്തുന്നത്
ലോകകപ്പും കൊണ്ടായിരിക്കുമെന്ന ഉറച്ച
വിശ്വാസത്തിലാണവര്‍.
യോഗ്യതാ റൌണ്ടുകളില്‍ നിരവധി തവണ കാലിടറി വീണ
ടീമിനെയല്ല അര്‍ജന്‍റീനിയക്കാര്‍ ദക്ഷിണാഫ്രിക്കയിലേക്ക്
അയച്ചിരിക്കുന്നത്. മാസങ്ങള്‍ നീണ്ട ചിട്ടയായ പരിശീലനത്തിലൂടെ അര്‍ജന്‍റീന കളിയുടെ താളം വീണ്ടെടുത്തുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങിയ ടീമിനെ
മനോഹരമായ പ്രഭാതമൊരുക്കിയാണ് പ്രകൃതിയും
വരവേറ്റത്.
ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലെത്തുന്ന മുന്നാമത്തെ ടീമാണ്
അര്‍ജന്‍റീന. ആസ്ട്രേലിയയും അഞ്ച് തവണ
ലോകകപ്പുയര്‍ത്തിയ ബ്രസീലുമാണ് ദക്ഷിണാഫ്രിക്കയില്‍
ഇതിനോടകം എത്തിയ ടീമുകള്‍.
വിമാനത്താവളത്തില്‍ മറഡോണയ്ക്കും മെസിക്കുമൊപ്പം ഇറങ്ങിയ ടീം
ടെലിവിഷന്‍ ക്യാമറകള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കുമായി
കുറച്ചുസമയം ചെലവഴിച്ചു. ഇതിന് ശേഷം പ്രത്യേകം
തയ്യാറാക്കിയ ആഢംബര ബസില്‍ ടീമിന്‍റെ ക്യാമ്പ് ഒരുക്കിയിരിക്കുന്ന പ്രിട്ടോറിയയിലേക്ക് നീങ്ങി.
1986 ല്‍ കളിക്കാരനെന്ന
നിലയില്‍ ലോകകപ്പ് അര്‍ജന്‍റീനയിലെത്തിച്ച മറഡോണയെ പരിശീലക വേഷത്തിലും ഭാഗ്യദേവത തുണയ്ക്കുമെന്ന
ഉറച്ച വിശ്വാസത്തിലാണ് അര്‍ജന്‍റീനിയന്‍
ജനത. ലോകകപ്പുയര്‍ത്തിയാല്‍ അര്‍ജന്‍റീനയിലെ സെന്‍ട്രല്‍ ബയേണസ് എയേര്‍സിലൂടെ നഗ്നനായി
ഓടുമെന്നാണ് മറാഡോണയുടെ പ്രഖ്യാപനം.
സന്നാഹ മത്സരത്തില്‍ കാനഡയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ശേഷം അര്‍ജന്‍റീനിയന്‍
റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്
മറഡോണ കപ്പ് നേടിയാല്‍ നഗ്നനായി ഓടുമെന്ന്
പ്രഖ്യാപിച്ചത്.
നൈജീരിയ, ദക്ഷിണകൊറിയ,
ഗ്രീസ്
എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് അര്‍ജന്‍റീന മത്സരിക്കുക. ദക്ഷിണാഫ്രിക്കയില്‍ മൂന്നാം
ലോകകപ്പിനായിട്ടാകും അര്‍ജന്‍റീന
ഇറങ്ങുക. 1978 ല്‍ സ്വന്തം നാട്ടില്‍
നടന്ന ലോകകപ്പിലും മറഡോണയുടെ
മാസ്മരിക പ്രകടനത്തില്‍ 1986 ല്‍
നടന്ന ലോകകപ്പിലുമണ് അര്‍ജന്‍റീന
കിരീടമണിഞ്ഞിട്ടുള്ളത്.