ദക്ഷിണേന്ത്യയിലെ
സൂപ്പര്‍നായിക തൃഷകൃഷ്ണന് ബോളിവുഡില്‍ വീണ്ടും ഒരു കൈനോക്കാന്‍
ഒരുങ്ങുന്നു. തന്റെ തമിഴ്സൂപ്പര്‍ ഹിറ്റായ 'വിണ്ണെതാണ്ടി വരുവായാ' എന്ന
ചിത്രത്തിന്റെ ഹിന്ദി പതിപ്പിലാണ് തൃഷ വേഷമിടുന്നത്. തൃഷയുടെ രണ്ടാമത്തെ
ഹിന്ദി ചിത്രം കൂടിയാണ് ഇത്. ആദ്യ ഹിന്ദി ചിത്രമായ 'കാഠാ മീഠാ'യില്‍
അക്ഷയ്കുമാറാണ് തൃഷയുടെ നായകന്.ഇതിന്റെ ചിത്രീകരണം തുടരുന്നതിനിടെയാണ്
തൃഷ പുതിയ ബോളിവുഡ് പദ്ധതി പ്രഖ്യാപിച്ചത്.
'വിണ്ണെതാണ്ടി വരുവായാ'യുടെ സംവിധായകന് മലയാളിയായ ഗൗതംമേനോന്‍ തന്നെയാണ്
ഹിന്ദി ചിത്രവും ഒരുക്കുന്നത്. വിണ്ണെതാണ്ടിവരുവായ, ഇപ്പോഴും പലേടത്തും
തകര്‍ത്തോടുന്നതിനിടെയാണ് ഇതിന്റെ ഹിന്ദി പതിപ്പില്‍ തൃഷ വേഷമിടുന്നത്.
'യെമയ ചീസേവ്' എന്ന പേരില്‍ ചിത്രത്തിന് തെലുങ്കു പതിപ്പും ഉണ്ട്.
ഹിന്ദി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിലാണ് ഗൗതംമേനോന്‍.
എ.ആര്.റഹ്മാനായിരുന്നു 'വിണ്ണൈതാണ്ടിവരുവായാ'യുടെ സംഗീത സംവിധായകന്.
ഹിന്ദിചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നതും റഹ്മാന് തന്നെ. താരനിര്‍ണയം
നടന്നുവരുന്ന ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത് പ്രതീക് ബബാര്‍
ആണെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
തമിഴ് - തെലുങ്ക് തിരക്കുകള്‍ക്കിടെയാണ് തൃഷ ഹിന്ദിയിലും
ജൈത്രയാത്രക്കൊരുങ്ങുന്നത്. തുടക്കത്തില്‍ത്തന്നെ വമ്പന്‍ ബാനറുകളില്‍
മികച്ച സംവിധായകരുടെ കൂടെ തിളങ്ങാനെത്തുന്ന തൃഷ ഇവിടെ അദ്ഭുതങ്ങള്‍
കാട്ടുമെന്നാണ് വാര്‍ത്തകള്‍.