യൂണിവേഴ്‌സല്‍ പ്രമേയത്തിന്റെ
കരുത്തുമായി ശ്യാമപ്രസാദ് ഒരുക്കുന്ന ഇന്ത്യന്‍ സിനിമയാണ് ഇലക്ട്ര.
നോര്‍ത്ത് ഇന്ത്യന്‍ താരമായ മനീഷാ കൊയ്‌രാള, സൗത്ത് ഇന്ത്യന്‍ താരങ്ങളായ
നയന്‍താരയും പ്രകാശ്‌രാജും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു.
അയ്യായിരം വര്‍ഷം പഴക്കമുള്ള ഗ്രീക്ക് മിത്തോളജിയിലെ 'ഇലക്ട്ര'
രാജകുമാരിയുടെ ജീവിതസമരത്തിന്റെ കഥയാണ് ശ്യാം വെള്ളിത്തിരയില്‍
എത്തിക്കുന്നത്. ഗ്രീക്ക് മിത്തോളജിയില്‍നിന്ന് കഥാബീജം ഉള്‍ക്കൊണ്ട്
തികച്ചും കേരളീയമായ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്.
ക്ലാസിക്കുകള്‍ എക്കാലത്തും മനുഷ്യനെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും എന്ന
സത്യത്തെയാണ് ഈ സംവിധായകന്‍ തുറന്നുകാണിക്കുന്നത്.
സിനിമയുടെ ഗ്ലാമറസ് ഇമേജില്‍ മാത്രം കുടുങ്ങിപ്പോയ താരങ്ങള്‍ക്ക്
അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഈ ചിത്രം സമ്മാനിക്കുന്നത്.
കഥാപാത്രത്തിന്റെ കരുത്താണ് ഈ താരങ്ങളെ മലയാളത്തില്‍ എത്തിച്ചത്.
ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ഇലക്ട്രയായാണ് നയന്‍താര വേഷമിടുന്നത്.
'ബോഡിഗാര്‍ഡി'നുശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ഏറെ
വൈകിയാണെങ്കിലും കിട്ടിയ അവസരം നന്നായി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്
നയന്‍താര. ഇലക്ട്രയുടെ അമ്മ ഡയാനയായാണ് മനീഷാ കൊയ്‌രാള അഭിനയിക്കുന്നത്.
മധ്യതിരുവിതാംകൂറിലെ തിരുവല്ല ഭാഗത്ത് 'അമരത്ത്' തറവാടിനെ
കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പ്ലാന്ററായ എബ്രഹാമിന്റെ
തറവാടാണ് അമരത്ത് തറവാട്. അദ്ദേഹത്തിന്റെ വിവാഹം ഭാര്യ ഡയാനയ്ക്ക്
ഒരിക്കലും മാനസികസംതൃപ്തി നല്‍കിയില്ല. അവര്‍ക്ക് രണ്ടു മക്കളായിരുന്നു.
ഇലക്ട്രയും എഡ്വിനും. ഇലക്ട്ര അപ്പന്റെ മകളാണെങ്കില്‍ എഡ്വിന്‍ അമ്മയുടെ
മകനായിരുന്നു. ജീവിതത്തിന്റെ പ്രത്യേക സാഹചര്യങ്ങളില്‍ സ്‌നേഹം, വിദ്വേഷം,
ചതി, പ്രതികാരം ഇതെല്ലാം ആ മനസ്സുകളില്‍ സ്വരൂപിക്കപ്പെടുന്നു. അത് കുടുംബ
ബന്ധത്തിന്റെ താളം തെറ്റിക്കുന്നു. എബ്രഹാമിന്റെ മരണം ആ കുടുംബത്തെ
തകര്‍ത്തെറിഞ്ഞു. അപ്പന്റെ മരണം ഇലക്ട്രയില്‍ ഒരുതരം പ്രതികാര മനോഭാവമാണ്
തീര്‍ത്തത്. ആ മരണത്തിന്റെ ദുരൂഹതകളിലേക്കാണ് ചിത്രം കടന്നുപോകുന്നത്.
[You must be registered and logged in to see this image.]പ്രകാശ്‌രാജാണ് ചിത്രത്തിലെ എബ്രഹാം എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്.
ഒപ്പം ഇസഹാക്ക് എന്ന മറ്റൊരു കഥാപാത്രത്തെയും പ്രകാശ് വെള്ളിത്തിരയില്‍
എത്തിക്കുന്നു. ചിത്രത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ വേഷത്തിലാണ്
ബിജു മേനോന്‍. ഏറെക്കാലത്തിനുശേഷം കിട്ടിയ അഭിനയപ്രാധാന്യമുള്ള
കഥാപാത്രമാണ് ഇതെന്ന് ബിജുമേനോന്‍ പറഞ്ഞു.
ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗത്തിലെ വൈദികനായി പി. ശ്രീകുമാറും
മസ്‌കിയമ്മയായി കെ.പി.എ.സി. ലളിതയും അഭിനയിക്കുന്നു. ഗ്രീക്ക് നാടകങ്ങളിലെ
കോറസിന്റെ ധര്‍മമാണ് ഈ ചിത്രത്തിലെ കഥാപാത്രസൃഷ്ടിയിലൂടെ നടത്തിയതെന്ന്
സംവിധായകന്‍ ശ്യാമപ്രസാദ് പറഞ്ഞു.
ശ്യാമപ്രസാദും കിരണ്‍ പ്രഭാകറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ
ഒരുക്കിയിരിക്കുന്നത്. ഇടക്കൊച്ചിയിലെ കളപ്പുരയ്ക്കല്‍ വീടാണ്
ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. നിരവധി പരസ്യചിത്രങ്ങളുടെ
ഛായാഗ്രാഹകനായിരുന്ന സനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ക്യാമറാമാന്‍.
ഇന്റിപെന്റായ കഥയെ കേരളീയ സാഹചര്യത്തില്‍ പറിച്ചുനട്ടുകൊണ്ട്
പുതുമയാര്‍ന്നതും വ്യത്യസ്തമായതുമായ ചലച്ചിത്രാവിഷ്‌കാരത്തിലൂടെ
ശ്യാമപ്രസാദ് വീണ്ടും ശ്രദ്ധേയനാകുന്നു.
ഫാമിലി -ക്രൈം -ഇന്വസ്റ്റിഗേഷന്ഇലക്ട്ര അടിസ്ഥാനപരമായി ഒരു കുടുംബകഥയാണ്. അച്ഛന്‍, അമ്മ, മകന്‍, മകള്‍
എന്ന ചതുഷ്‌കോണത്തിന്റെ ഉള്ളിലെ വിള്ളലിന്റെയും വിസ്‌ഫോടനത്തിന്റെയും കഥ.
അതിനകത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകാം. അത് ഒരു അച്ഛന്റെയും മകന്റെയും
മകളുടെയും കാഴ്ചയില്‍ നോക്കിക്കാണുകയാണ്. അച്ഛനോട് കടുത്ത ഭക്തിയും
കടപ്പാടും വിധേയത്വവും സ്‌നേഹത്തിന്റെ തീവ്രതയും കാത്തുസൂക്ഷിക്കുമ്പോഴും
അച്ഛന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്നറിയുമ്പോള്‍ ഉണ്ടാകുന്ന
റിയാക്ഷന്‍. അച്ഛനെ വഞ്ചിച്ചത് സ്വന്തം അമ്മയാകുമ്പോള്‍ ഒരു മകള്‍ എങ്ങനെ
പൊരുതിനില്‍ക്കും. അങ്ങനെ അവള്‍ നടത്തുന്ന പ്രതികാരത്തിന്റെ കഥ
കൂടിയാണിത്. പ്രത്യേക സാഹചര്യത്തില്‍ ഒരു ക്രൈം നടന്നു. അതിന്റെ അന്വേഷണം,
തുടര്‍ന്നുള്ള പ്രതികാരം എല്ലാം ഇവിടെ ചേര്‍ന്നുപോകുന്നു. ഒരര്‍ഥത്തില്‍
ഒരു ഫാമിലി സ്റ്റോറി, മറ്റൊരര്‍ഥത്തില്‍ ഒരു ക്രൈം ഡിറ്റക്ഷന്‍
സ്റ്റോറി... രണ്ടും കൂടി ഇഴചേര്‍ന്നിരിക്കുന്നു. സംവിധായകന്‍
ശ്യാമപ്രസാദിന്റെ വാക്കുകള്‍.