ഭാഷാഭേദങ്ങളില്ലാതെ മണിയും തിരക്കിലാണല്ലേ?എന്റെ പല ചിത്രങ്ങളുടെയും ഷൂട്ടിങ് പെട്ടെന്ന് തീരാറുണ്ട്. പക്ഷേ, റിലീസ്
ചെയ്യാനാണ് കാലതാമസം വരുന്നത്. ബിജുവര്‍ക്കിയുടെ 'ഓറഞ്ച്' എനിക്ക് ഏറെ
പ്രതീക്ഷയുള്ള ചിത്രമാണ്. ഒട്ടും ഓവറാകാതെയാണ് ബിജുവര്‍ക്കി എന്റെ
കഥാപാത്രത്തെ നിയന്ത്രിച്ചിരിക്കുന്നത്. അതിന്റെ ഗുണം ചിത്രം ഡബ്ബ്‌ചെയ്തു
കണ്ടപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്. ഗ്ലിസറിന്‍പോലും ഉപയോഗിക്കാതെ
കരഞ്ഞ് അഭിനയിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ ആ ചിത്രത്തിലുണ്ട്.
അതുപോലെത്തന്നെ എനിക്ക് ഏറെ പ്രതീക്ഷയുള്ള മറ്റൊരു ചിത്രമാണ്
'ഫിലിംസ്റ്റാര്‍'. ഈ ചിത്രത്തില്‍ എനിക്കൊപ്പം ദിലീപും പ്രധാന
കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സൗഹൃദത്തില്‍ നിന്നുള്ള ഒരു
സഹായമാണത്. എന്റെ ചിത്രത്തിന് ആ കലാകാരന്റെ സാന്നിധ്യം വലിയ
ഹെല്‍പ്പായിരിക്കും. സിനിമയ്ക്കുള്ളിലെ ജീവിതങ്ങളുടെ കഥയാണ്
'ഫിലിംസ്റ്റാര്‍' പറയുന്നത്. ചിത്രത്തില്‍ ദിലീപ് എഴുതുന്ന കഥയിലെ
നായകനായാണ് ഞാന്‍ അഭിനയിക്കുന്നത്. വലിയൊരു ജീവിതസന്ദേശംകൂടി ഈ ചിത്രം
പറയുന്നുണ്ട്.
മറ്റൊരു വ്യത്യസ്ത ചിത്രം ചേകവരാണ്. ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ
കഥാപാത്രത്തിന്റെ ഓപ്പോസിറ്റായ ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ്
എനിക്ക് കിട്ടിയത്. മോഹന്‍ കുപ്ലേരിയുടെ 'പൊട്ടന്‍ ബഷീര്‍' എന്നൊരു
ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കുന്നുണ്ട്. ഇത്തിരി ദേഹം അനങ്ങി
ചെയ്യേണ്ട ഒരു കഥാപാത്രമാണത്. മര്യാദയ്ക്ക് അഭിനയിച്ചാല്‍ ഒരു നടനെന്ന
നിലയില്‍ ഇനിയും അംഗീകാരങ്ങള്‍ തടയാന്‍ സാദ്ധ്യതയുള്ള ഒരു കഥാപാത്രമാണത്.
[You must be registered and logged in to see this image.]നായകന്‍, പ്രതിനായകന്‍, സഹനടന്‍,
അതിഥിതാരം തുടങ്ങി എല്ലാതരം കഥാപാത്രങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന ഒരു
സ്വഭാവം മണിയില്‍ കാണാം. ഒരു നടന്റെ ഇമേജിന് അത്തരം സമീപനങ്ങള്‍ ദോഷകരമായി
ബാധിക്കില്ലേ?അത് ഒരു നല്ല സമീപനമായാണ് ഞാന്‍ കണക്കാക്കുന്നത്. നായകനായി മാത്രമേ
അഭിനയിക്കൂ എന്ന നിര്‍ബന്ധം പിടിക്കാത്ത കലാകാരനാണ് ഞാന്‍. വ്യത്യസ്ത
കഥാപാത്രങ്ങള്‍ തേടിയുള്ള എന്റെ യാത്രകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുകയും
ചെയ്തിട്ടുണ്ട്. വലിച്ചുവാരി ചെയ്യാതെ നായകന്റെ എണ്ണം കുറയ്ക്കാനാണ് ഇനി
എന്റെ പുതിയ തീരുമാനം.
അടുത്തകാലത്ത് നിരവധി മണിച്ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പലതിലും
കഥാപാത്രങ്ങള്‍ക്ക് കാര്യമായ പുതുമ ഇല്ലാത്തവയായിരുന്നു. എങ്ങനെയാണ് അത്
സംഭവിച്ചത്? സൗഹൃദം ആ സംഭവത്തിന് കാരണമായോ?...നല്ല ചിത്രങ്ങള്‍ തേടി ഞാന്‍ അലയാറുണ്ട്. പക്ഷേ, പ്രതീക്ഷകള്‍ പലപ്പോഴും
തെറ്റായിപ്പോകാറുണ്ട്. 'ആയിരത്തില്‍ ഒരുവന്‍' ഇറങ്ങിയപ്പോള്‍ അതിന്റെ
റിസള്‍ട്ട് വളരെ നന്നായിവരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, അത് അങ്ങനെ
വന്നില്ല. വളരെ നല്ല ചിത്രങ്ങള്‍ പോലും പ്രേക്ഷകര്‍ സ്വീകരിക്കാത്ത
സ്ഥിതിവന്നു. പുതുമയാര്‍ന്ന പ്രമേയവുമായി എന്നെ നായകനാക്കി ഒരു
ചിത്രമെടുക്കാന്‍ ധൈര്യവുമായി ഒരു കഴിവുറ്റ സംവിധായകന്‍ വന്നാല്‍ മാത്രമേ
ഈ അവസ്ഥയില്‍ നിന്ന് എനിക്ക് രക്ഷപ്പെടാന്‍ കഴിയൂ. പക്ഷേ അങ്ങനെ ആരും
സമീപിക്കുന്നില്ല എന്നതാണ് സത്യം.
സെന്റിമെന്‍സിന്റെ പുറത്താണ് പല ചിത്രത്തിലും അഭിനയിക്കേണ്ടി വരുന്നത്.
അത് വ്യക്തിപരമായി എനിക്ക് നഷ്ടം തന്നെയാണ്. പല ചിത്രത്തില്‍ നിന്നും
എനിക്ക് കാര്യമായ പ്രതിഫലമൊന്നും കിട്ടിയിട്ടില്ല. എന്റെ കൈയില്‍ നിന്ന്
കാശ് അങ്ങോട്ടു കൊടുത്ത് തീര്‍ത്ത ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്.
കലാഭവന്‍ മണി കോടികള്‍ പ്രതിഫലം പറ്റുന്ന നടനല്ല. എന്നെ വെച്ച്
ചിത്രങ്ങള്‍ എടുക്കുന്ന നിര്‍മാതാക്കള്‍ക്ക് ഒരിക്കലും വന്‍ സാമ്പത്തിക
പരാജയവും ഉണ്ടായിട്ടില്ല. അതുകൊണ്ട് മാത്രമാണ് എനിക്ക് കൈനിറയെ
ചിത്രങ്ങള്‍ കിട്ടുന്നത്. വാരിവലിച്ച് ചിത്രങ്ങള്‍ ചെയ്യാതെ ഏറെ
സെലക്ടീവാകാനാണ് പ്ലാന്‍.
ഞാന്‍ അടുത്തിടെ നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളുടെയും
സംവിധായകന്മാര്‍ പുതിയവരാണ്. പുതിയ സംവിധായകര്‍ക്ക് അവസരം കൊടുക്കുക എന്ന
സമീപനവും അതിനു പിന്നിലുണ്ട്. അതില്‍ വിജയം കണ്ടെത്തിയോ എന്നത് മറ്റൊരു
കാര്യം. ഞങ്ങളുടെ ഉദ്യമം വിജയിച്ചാല്‍ അവര്‍ക്കും എനിക്കും ഒരു
ജീവിതമായിരിക്കും. അതാണ് ഞാന്‍ ആലോചിച്ചത്. പിന്നെ മറ്റൊരു കാര്യവും അതിനു
പിന്നിലുണ്ട്. ഇന്നത്തെ വലിയ വലിയ ഡയറക്ടര്‍മാരാരും എന്നെ വെച്ച്
നായകനാക്കി പടം ചെയ്യാന്‍ വരാറില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്റെ
ചിത്രവും നന്നായി ഓടുമായിരുന്നു. എന്നെവെച്ച് പടം ചെയ്യാനുള്ള
പേടികൊണ്ടാണോ അതോ എന്നെ നായകനാക്കാനുള്ള കഥ കിട്ടാഞ്ഞാണോ അവര്‍
സമീപിക്കാതിരിക്കുന്നത് എന്നെനിക്കറിയില്ല.
ദേശീയതലത്തില്‍വരെ ശ്രദ്ധേയനായ ഒരു താരമായിരുന്നു കലാഭവന്‍ മണി. പിന്നീട്
ആ നടന്റെ ഗ്രാഫ് വളരെ താഴ്ന്നുപോയി. എന്താണ് മണി എന്ന നടനെ
മടുപ്പിക്കുന്നത്?നല്ല ചിത്രത്തില്‍ മാത്രമേ അഭിനയിക്കൂ എന്ന് വാശി പിടിച്ചിരുന്നാല്‍ മണി
എന്ന നടന്‍ ഇന്ന് ഉണ്ടാകുമായിരുന്നില്ല. അതൊരു പേടിയായിരുന്നു. പല
താരങ്ങളും വേണ്ട എന്നു പറഞ്ഞ സബ്ജക്ടാണ് ഒടുവില്‍ എന്നെ തേടിവരുന്നത്.
അതിന് ചില മാറ്റങ്ങള്‍ വരുത്തി നന്നാക്കിയാണ് ഞാന്‍ അഭിനയിച്ചിരുന്നത്.
ഞാന്‍ അഭിനയിച്ചതിനേക്കാള്‍ മൂന്നിരട്ടിയാണ് ഞാന്‍ ഒഴിവാക്കിയ ചിത്രങ്ങള്‍.
ഒരുകാലത്ത് തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും മണിമുഴക്കം കേട്ടിരുന്നു...അന്യഭാഷയില്‍ മണിമുഴക്കം നിലച്ചിട്ടില്ല. ശങ്കറിന്റെ 'യന്തിരന്‍'
ചെയ്തതിനുശേഷം തമിഴില്‍നിന്ന് രണ്ടുമൂന്നു ചിത്രങ്ങള്‍ വന്നിരുന്നു.
മലയാളത്തിലെ തിരക്കുകാരണം ഒഴിവാക്കേണ്ടിവന്നു. ഒരു കന്നട ചിത്രത്തില്‍
അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ട്. എന്റെ 'ബ്ലാക്ക് സ്റ്റാലിയന്‍' എന്ന
ചിത്രം തെലുങ്കില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കിയിരുന്നു. അത് അവിടെ
സൂപ്പര്‍ഹിറ്റാണ്. മലയാളത്തില്‍നിന്ന് കിട്ടാത്ത എല്ലാ സൗഭാഗ്യങ്ങളും
അന്യഭാഷയില്‍ നിന്നാണ് എനിക്ക് കിട്ടുന്നത്.
മണിയെക്കുറിച്ച് ചോദിച്ചാല്‍ ചാലക്കുടിക്കാര്‍ക്ക് നൂറ് നാവാണ്. ഒരു
ജനപ്രതിനിധിയായി ചാലക്കുടിയില്‍ മണിയുടെ കാരുണ്യവര്‍ഷമാണെന്ന്
കേള്‍ക്കുന്നു.
ചാലക്കുടിയില്‍ മാത്രമല്ല, എല്ലാവരേയും ഞാന്‍ ഉള്ളറിഞ്ഞ് സഹായിക്കാറുണ്ട്.
സത്യം പറഞ്ഞാല്‍ എനിക്ക് ഇപ്പോള്‍ ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്.
സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിളിയാണ്. സഹിക്കാന്‍ വയ്യാതെ ഞാന്‍ ഫോണ്‍
ഓഫ് ചെയ്തിരിക്കയാണ്.
ഈ വര്‍ഷംതന്നെ 9 പേരുടെ കിഡ്‌നി മാറ്റിവെക്കാന്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്.
പാവപ്പെട്ടവരുടെ കല്യാണത്തിനുള്ള സഹായം, ചികിത്സാസഹായം തുടങ്ങിയ
ആവശ്യങ്ങള്‍ക്കുള്ള സഹായത്തിനുവേണ്ടിയാണ് വിളികള്‍. പലതിലും ഞാന്‍
വീണുപോകും.
ഞാന്‍ വീട്ടിലുള്ളപ്പോള്‍ വീടിനു മുന്‍പില്‍ നിറയെ ആള്‍ക്കാരായിരിക്കും.
പലപ്പോഴും അവരെ പിരിച്ചുവിടാന്‍ ഞാന്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. എനിക്ക്
സിനിമയില്‍ നിന്നു കിട്ടുന്നതിന്റെ ഭൂരിഭാഗവും ഞാന്‍ പാവപ്പെട്ടവര്‍ക്ക്
കൊടുക്കാറാണ് പതിവ്.
ഒരു പയ്യന്റെ കിഡ്‌നി മാറ്റിവെക്കാനുള്ള സഹായത്തിനുവേണ്ടി അടിമാലിയില്‍
ഞാന്‍ മുന്നിട്ടിറങ്ങി. 10 ലക്ഷമാണ് അവിടെനിന്നു മാത്രം പിരിച്ചെടുത്തത്.
ഒരു സ്റ്റേജ് പ്രോഗ്രാമില്‍ നിന്നുമാത്രം ഒരുലക്ഷത്തി അറുപത്തയ്യായിരം
അടിമാലിയില്‍ നിന്നും പിരിച്ചെടുത്തു.
ആ കാരുണ്യസ്പര്ശത്തിനു ലഭിക്കുന്ന പ്രാര്‍ത്ഥനകൊണ്ട് മാത്രമായിരിക്കും എനിക്ക് ഇത്രയും നന്നായി പോകാന്‍ കഴിയുന്നത്.
അത് എന്റെ മനസ്സിന് സുഖം കിട്ടുന്ന കാര്യമാണ്. ഞാന്‍ കിലോമീറ്ററുകള്‍
നടന്നാണ് സ്‌കൂളില്‍ പഠിച്ചത്. ഞാന്‍ അടുത്തിടെ ചാലക്കുടി ഈസ്റ്റ്
സ്‌കൂളിന് ഒരു ബസ്സ് വാങ്ങിക്കൊടുത്തു. ആ വണ്ടി കടന്നുപോകുമ്പോള്‍ കുഞ്ഞു
കുട്ടികള്‍ എന്നെ നോക്കി കൈവീശി കാണിക്കുമ്പോള്‍ വല്ലാത്ത ഒരു സുഖമാണ്.
നമുക്ക് കിട്ടാത്ത സുഖങ്ങള്‍ അവരെങ്കിലും അനുഭവിക്കട്ടെ എന്നാണ് മനസ്സില്‍.
ചാലക്കുടിയിലെ കനാല്‍ ബണ്ടിനടുത്ത് നടന്ന കലാപ്രവര്‍ത്തനത്തില്‍ നിന്നാണ്
മണി എന്ന കലാകാരന്‍ വളര്‍ന്നത്. വിശേഷ ദിവസങ്ങളില്‍ എന്റെ
വീട്ടില്‍നിന്നൊഴികെ മറ്റെല്ലാ വീടുകളില്‍നിന്നും വിഭവങ്ങളുടെ മണം ഉയരും.
ആ വിഷമം കുഞ്ഞുനാളില്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ആ വിഷമം ഇന്നത്തെ
തലമുറയ്ക്ക് ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. അതുകൊണ്ടുതന്നെ എല്ലാ
ക്രിസ്മസ് ദിനത്തിലും ചാലക്കുടി കനാല്‍ ബണ്ടിനടുത്തുള്ള 150-ഓളം
കുടുംബങ്ങളില്‍ ഓരോരുത്തര്‍ക്കും അഞ്ചു കിലോ അരിയും ഒരു ക്രിസ്മസ് കേക്കും
150 രൂപയും ഞാന്‍ സമ്മാനമായി കൊടുക്കാറുണ്ട്.
ഈ മണിയെ വളര്‍ത്തി വലുതാക്കിയത് ചാലക്കുടിക്കാരാണ്. ചാലക്കുടിയിലെ 65-ഓളം
പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കാനാണ് ഇനി എന്റെ അടുത്ത ശ്രമം.
അച്ഛനും അമ്മയും കഷ്ടപ്പെടുന്നതു കണ്ടാണ് ഞാന്‍ വളര്‍ന്നത്. അവരെയെങ്കിലും
നന്നായി നോക്കാനായി ചെറുപ്പകാലത്ത് എന്റെ പ്രായത്തിന് ചെയ്യാന്‍
കഴിയുന്നതിനേക്കാള്‍ വലിയ ജോലി ഞാന്‍ ചെയ്തു. ചാലക്കുടി പുഴയില്‍ പൂഴി
വാരി, മരം കയറ്റുകാരനായി, ഓട്ടോ ഡ്രൈവറായി, ചുമട്ടുകാരനായി,
മിമിക്രിക്കാരനായി. വലിയ ധൈര്യമായിരുന്നു ജീവിതം എനിക്ക് സമ്മാനിച്ചത്. ആ
ധൈര്യത്തില്‍ നിന്നാണ് കലാഭവന്‍ മണി ഇവിടെയെത്തിയത്. കലയിലും
സ്‌പോര്‍ട്‌സിലും എന്നും ഞാന്‍ ഒന്നാമനായിരുന്നു. എസ്.എസ്.എല്‍.സി.ക്ക്
എനിക്ക് നല്ല മാര്‍ക്കുണ്ടായിരുന്നു. പക്ഷേ, കോപ്പിയടിച്ചു എന്ന
കുറ്റമാരോപിച്ച് എന്റെ ബുക്ക്, ബോര്‍ഡ് ഇപ്പോഴും തടഞ്ഞുവെച്ചിരിക്കുകയാണ്.
അത് ഭാഗ്യമായാണ് ഞാന്‍ കണക്കാക്കുന്നത്. പഠിക്കാതെതന്നെ ഞാന്‍ ജില്ലാ
കലക്ടര്‍, പോലീസ് കമ്മീഷണര്‍, മന്ത്രി, വക്കീല്‍, ഡോക്ടര്‍ എല്ലാമായി.
ചാലക്കുടിയില്‍ ഒരു ഉത്സവം നടക്കാന്‍ ആന ഇല്ലെങ്കിലും മണി വേണം എന്നാണ് കേള്‍ക്കുന്നത്?ശരിയാണ്. കഴിഞ്ഞ വര്‍ഷം 3 ഉത്സവങ്ങള്‍ എന്റെ നേതൃത്വത്തില്‍ നടന്നു. അഞ്ച്
ആനകളും നൂറ്റമ്പതു പേരുടെ ശിങ്കാരിമേളവും പുലിക്കളിയും മോഹിനിയാട്ടവും
നാടന്‍ പാട്ടുകളും 3 ലക്ഷത്തിന്റെ വെടിക്കെട്ടുമായി ഉഗ്രന്‍ ഉത്സവം.
(ഇതിന്റെ ചെലവില്‍ ഭൂരിഭാഗവും അന്യഭാഷയില്‍ അഭിനയിച്ചതിനു കിട്ടിയ
പ്രതിഫലമായിരുന്നു).
എന്റെ വീടിനടുത്ത് 5 സെന്റ് സ്ഥലത്ത് മൂന്നു നിലയിലുള്ള ഒരു ലൈബ്രറി
പണിയാനാണ് പുതിയ പരിപാടി. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അടക്കമുള്ള
സൗകര്യങ്ങളും ഡാന്‍സ്, നാടന്‍പാട്ട്, ചെണ്ട, ഉടുക്ക്, ഫ്രീ പി.എസ്.സി.
കോച്ചിങ് സെന്റര്‍ തുടങ്ങിയവ ചേര്‍ന്ന ഒരു കലാകേന്ദ്രത്തിനാണ് പരിപാടി.
[You must be registered and logged in to see this image.]കലാഭവന്‍ മണി ജനപ്രിയനാകുന്നതില്‍ സ്ഥലത്തെ രാഷ്ട്രീയനേതാക്കന്മാര്‍ക്ക് മുറുമുറുപ്പ് ഉണ്ടാകുമല്ലോ?ഞാന്‍ അതൊന്നും ശ്രദ്ധിക്കാറില്ല. കഴിഞ്ഞ ഇലക്ഷനില്‍ എനിക്ക് അവിടെ സീറ്റ്
തരാമെന്നു ഒരു രാഷ്ട്രീയകക്ഷി പറഞ്ഞിരുന്നു. പക്ഷേ, ഞാന്‍ അത്
സ്‌നേഹപൂര്‍വം നിരസിച്ചു. എന്റെ ജനസേവനങ്ങള്‍ നിരവധി ശത്രുക്കളെ
ഉണ്ടാക്കിയിട്ടുണ്ട്. അസൂയകൊണ്ടുള്ള ശത്രുക്കള്‍... മറ്റൊന്നും അവിടെ
വിലപ്പോവില്ലെന്നു എല്ലാവര്‍ക്കും അറിയാം. ഒരു മന്ത്രിക്കോ എം.എല്‍.എ.ക്കോ
ചെയ്യാവുന്ന പരിമിതിക്കപ്പുറമുള്ള ജനസേവനമാണ് ഞാന്‍ ചാലക്കുടിയില്‍
ചെയ്തത്. എല്ലാ രാഷ്ട്രീയക്കാരുടേയും പിന്‍തുണയോടെ നല്ല കാര്യങ്ങള്‍
ചെയ്യാനാണ് ഇനിയുള്ള പ്ലാന്‍.
കലാഭവന്‍ മണിയുടെ ഫാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ്?ഞാന്‍ അവരെ കലാഭവന്‍ മണിയുടെ കൂട്ടുകാര്‍ എന്നാണ് വിളിക്കുന്നത്. എന്റെ
പടത്തിന്റെ റിലീസ് ദിവസം തിയേറ്ററില്‍ ഫ്ലക്‌സ് വെക്കാനും തോരണങ്ങള്‍
തൂക്കാനും തിയേറ്ററില്‍ കൈയടിക്കാനുമല്ല ഞാന്‍ അവരോട് ആഹ്വാനം
ചെയ്യുന്നത്; പാവപ്പെട്ടവരെ സഹായിക്കാനുള്ള
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാനാണ്. അത്തരം
പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ധാരാളം നടക്കുന്നുണ്ട്.
കലാഭവന്‍മണിയുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വിമുഖത കാണിച്ച ചില
നടന്മാര്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നു. അത്തരം വകതിരിവുകളെ മണി എങ്ങനെ
മറികടന്നു?എന്റെ ചിത്രത്തിലെ താരങ്ങള്‍ ആരായിരിക്കണമെന്ന് ഞാന്‍ തീരുമാനിക്കാറില്ല.
എന്റെ ചിത്രത്തിന്റെ സംവിധായകരും തിരക്കഥാകൃത്തുക്കളും നിര്‍മാതാക്കളുമാണ്
അത് തീരുമാനിക്കുന്നത്. ആരൊക്കെയാണ് എന്റെ ചിത്രത്തില്‍
അഭിനയിക്കുന്നതെന്ന് ഷൂട്ടിങ് ലൊക്കേഷനില്‍നിന്നാണ് ഞാന്‍ അറിയാറുള്ളത്.
മറ്റു പ്രശ്‌നങ്ങളൊന്നും ഞാന്‍ അറിയാറില്ല എന്നതാണ് സത്യം. ഒരു കാര്യം
എനിക്ക് പറയാം. കലാഭവന്‍ മണി നായകനാകുന്ന ചിത്രത്തിലൂടെ നിരവധി ചെറിയ
ചെറിയ താരങ്ങളും ടെക്‌നീഷ്യന്മാരും പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നുണ്ട്.
അതുകൊണ്ട് ദൈവം എന്റെ പിറകിലുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
നാടന്‍ പാട്ട് പാടാത്ത മണിയുടെ ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ?ഇല്ല. ഓഡിയോ സീഡി രംഗത്ത് ഇത്രയും നാടന്‍പാട്ടിറക്കിയ കലാകാരന്‍ ഉണ്ടെന്നു
തോന്നുന്നില്ല. ഒരുകാലത്ത് മണിയുടെ നാടന്‍പാട്ടിന് വന്‍
ഡിമാന്‍ഡായിരുന്നു. നാടന്‍പാട്ട് ആല്‍ബത്തിന് പ്രതിഫലമായി സ്‌കോര്‍പിയോ
വണ്ടിയായിരുന്നു എനിക്ക് കിട്ടിയത്. അത്തരം നാടന്‍ പാട്ടുകള്‍ക്ക് ഇന്നും
നല്ല മാര്‍ക്കറ്റ് ഉണ്ട്. പക്ഷേ, ഒരു സീഡി ഇറങ്ങിയാല്‍ അടുത്ത ദിവസംതന്നെ
വ്യാജനും വിപണിയിലെത്തി വിപണി കീഴടക്കും, അതാണ് സ്ഥിതി. അടുത്ത കാലത്ത്
തമിഴിലും മലയാളത്തിലും ഇറക്കിയ എന്റെ അയ്യപ്പഭക്തിഗാനങ്ങള്‍ക്ക് വന്‍
വരവേല്പാണ് ലഭിച്ചത്. ഞാന്‍ വളര്‍ന്ന എന്റെ നാടിന്റെയും കുടുംബത്തിന്റെയും
ജീവിതത്തിന്റെയും വരദാനമായിരുന്നു എന്റെ നാടന്‍ പാട്ടുകള്‍. ഏറ്റവും
കൂടുതല്‍ സിനിമയില്‍ പാടിഅഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചത് എനിക്കാണ്.
പഴയ ചാലക്കുടിയും മണിയും ഇന്ന് ഏറെ മാറി... എന്നാലും ഓര്‍മകളില്‍ ആ കാലം കടന്നുവരാറില്ലേ?തീര്‍ച്ചയായും... എന്നും ഓര്‍ക്കും. എന്നെ സ്‌കൂളില്‍ പഠിപ്പിച്ച ടീച്ചര്‍
കഴിഞ്ഞ ദിവസം എന്റെ വണ്ടിയില്‍ കയറി. അവരുടെ കണ്ണ് നിറയുന്നത് ഞാന്‍
കണ്ടു. കാരണം, ലാസ്റ്റ് ബെഞ്ചില്‍ വികൃതിയും പട്ടിണിയും ഭൂഷണമാക്കി
പഠനത്തില്‍ ഉഴപ്പി ജീവിച്ച ആ പയ്യന്‍ ഇന്ന് ഈ അവസ്ഥയില്‍ എത്തുമെന്ന്
അവര്‍പോലും വിചാരിച്ചിരിക്കില്ല. മണിയുടെ ഇന്നത്തെ അവസ്ഥ കണ്ട സന്തോഷമാണ്
ആ കണ്ണ് നിറയിച്ചത്. കാരണം, വിശപ്പിന്റെ രുചിയറിഞ്ഞ ആ കാലത്ത് ടീച്ചര്‍
കൊണ്ടുവരുന്ന ഉച്ചഭക്ഷണം പലപ്പോഴും സമ്മാനമായി എനിക്ക് ലഭിച്ചിരുന്നു.