ജൊഹാന്നസ്ബര്ഗ്അവര് മോഹിച്ചതു വിജയം മാത്രം. അതു കാണാനാണു രാവിലെ മുതല്‍ പുരുഷാരം
ഒഴുകിയെത്തിയത്. സോക്കര്‍ സിറ്റി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ശേഷവും ജനം
പുറത്തു തമ്പടിച്ചുനിന്നതും വിജയവാര്‍ത്തയ്ക്കു കാതോര്‍ത്ത്.
എഴുപത്തൊമ്പതാം മിനിറ്റുവരെ ദക്ഷിണാഫ്രിക്കന്‍ വിജയമോഹം
തുടിച്ചുനില്‍ക്കുകയും ചെയ്തു. പക്ഷേ, ആഫ്രിക്കന്‍ വല കുലുങ്ങിയ ഒരേയൊരു
മെക്സിക്കന്‍ നീക്കം. അതിങ്ങനെ കുറിച്ചു: ലോകകപ്പിലെ ഉദ്ഘാടന
മത്സരത്തില്‍ ദക്ഷിണാഫ്രിക്ക- മെക്സിക്കോ പോരാട്ടം 1-1 സമനിലയില്‍.
തോറ്റില്ലല്ലോ, ഇനി അടുത്ത മത്സരത്തില്‍ നോക്കാം എന്ന ആശ്വാസവുമായി
വേദി വിട്ടൂ ആതിഥേയര്‍.
ക്രെഡിറ്റ് എന്തായാലും ആഫ്രിക്കന്‍ ടീമിനു തന്നെ. ഇരമ്പിയാര്‍ത്ത
മെക്സിക്കന്‍ തിരമാലകളെ തടഞ്ഞു നിര്‍ത്തി അവരുടെ വന്‍ മതില്‍. ബഫാന ബഫാന
വിളികളും വുവുസെലയുടെ മുഴക്കവും നിറഞ്ഞ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍
ദക്ഷിണാഫ്രിക്കയ്ക്കു തോല്‍ക്കാനാവുമായിരുന്നില്ലല്ലോ. എതിരാളികളുടെ
ആക്രമണ ഫുട്ബോളിനു ചുട്ടമറിപടി നല്‍കിയ അവര്‍ മുന്നിലെത്തുന്നത് 55ാം
മിനിറ്റില്‍. സിഫിവെ ഷബലാലയാണ് ഈ ലോകകപ്പിലെ തന്നെ ആദ്യ സ്കോറര്‍.
എണ്‍പത്തൊമ്പതാം മിനിറ്റില്‍ ഗോള്‍ പോസ്റ്റ് തടസം
സൃഷ്ടിച്ചിരുന്നില്ലെങ്കില്‍ ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ മെക്സിക്കോ
തകര്‍ന്നടിഞ്ഞേനെ. അത്രയ്ക്കു സുന്ദരവും ഉറപ്പുള്ളതുമായ നീക്കമാണു
നിര്‍ഭാഗ്യത്താല്‍ തട്ടിത്തെറിച്ചത്. 79ാം മിനിറ്റില്‍ മെക്സിക്കോയുടെ
സമനില ഗോള്‍ റഫേല്‍ മാര്‍ക്കേസിന്‍റെ വക. എ ഗ്രൂപ്പില്‍ ഇരു
ടീമുകള്‍ക്കും ഓരോ പോയിന്‍റ് വീതം.
ആക്രമണ ഫുട്ബോളിന്‍റെ സൗന്ദര്യവും പ്രതിരോധത്തിന്‍റെ ഗാംഭീര്യവുമുണ്ട്
ഉദ്ഘാടന മത്സരത്തിന്. ഒന്നാം പകുതിയില്‍ കൂട്ടായ മെക്സിക്കന്‍ ആക്രമണം.
നിരവധി തവണ എതിരാളികളുടെ ഗോള്‍മുഖം വിറപ്പിച്ചൂ മെക്സിക്കോ. അവരെ
വലച്ചതു നിര്‍ഭാഗ്യവും ഓഫ്സൈഡ് കെണിയും. ജിയോവാനി സാന്‍റോസും
മാര്‍ക്കേസും ഒത്തിണക്കത്തോടെ കളിച്ചപ്പോള്‍ ആഫ്രിക്കന്‍ പ്രതിരോധ
നിരയ്ക്കു പിടിപ്പതു പണി. 23ാം മിനിറ്റിലാണു ദക്ഷിണാഫ്രിക്കയുടെ
ഒത്തിണക്കത്തോടെയുള്ള നല്ല നീക്കം. മെക്സിക്കന്‍ ഗോള്‍മുഖത്തേക്കു
കാറ്റ്ലെഗ മൊഫല്ല നല്‍കിയ ഉഗ്രന്‍ ക്രോസ് ഗോളി ഓസ്കാര്‍ പെരസ്
വിഫലമാക്കി.
പിന്നാലെ കാര്‍ലോസ് വെലയുടെ പാസില്‍ ഫ്രാങ്കോയുടെ ഷോട്ട് ഗോളി
ഇറ്റുമെലെങ് ഖുനെ തടുത്തിട്ടു. ബോള്‍ പൊസിഷനില്‍ ആധിപത്യം നിലനിര്‍ത്തിയ
മെക്സിക്കോ ആക്രമണം തുടര്‍ന്നെങ്കിലും പോസ്റ്റിനരികേ എല്ലാം പൊലിഞ്ഞു.
രണ്ടാം പകുതിയില്‍ ആഫ്രിക്കന്‍ ബോയ്സിന്‍റെ ചടുല നീക്കങ്ങള്‍. അതിനുടന്‍
ഫലവുമുണ്ടായി. മിഡ്ഫീല്‍ഡില്‍ നിന്ന് ത്രൂപാസ് ലഭിച്ച ഷബലാല മെക്സിക്കന്‍
ഡിഫന്‍സ് മറികടന്ന് ബുള്ളറ്റ് ഷോട്ടിലൂടെ വല കുലുക്കുമ്പോള്‍
ഗ്യാലറിയില്‍ ആനന്ദസാഗരം.
ഗോള്‍ ഒരു ടോണിക്കായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഒന്നിനുപുറകെ ഒന്നായി
ആക്രമണങ്ങള്‍. ഫിനിഷിങ് പിഴവുകളില്‍ അതെല്ലാം പൊലിഞ്ഞുകൊണ്ടിരുന്നു.
പിന്നിലായ മെക്സിക്കോ ആക്രമിച്ചു മുന്നേറി. അതിന്‍റെ ഫലം സമനില ഗോള്‍.
ആന്ദ്രെ ഗുവാര്‍ഡോയുടെ ക്രോസ് പെനല്‍റ്റി ഏരിയയില്‍ ക്രോസ്
ചെയ്യപ്പെടാതെ നിന്ന പ്രതിരോധ താരം മാര്‍ക്കേസിന്‍റെ കാലുകളില്‍.
തിളങ്ങിനിന്ന ആഫ്രിക്കന്‍ കീപ്പര്‍ ഖുലെയെ മറികടക്കാന്‍ മാര്‍ക്കേസിന്
അധികം പണിപ്പെടേണ്ടി വന്നില്ല.
സമനില വന്നതോടെ ഇരുപകുതികളിലും ആക്രമണങ്ങളുടെ തിരമാല. ഇതില്‍ മികച്ചു
നിന്നത് ആതിഥേയരും. നിശ്ചിത സമയത്തിന് ഒരു മിനിറ്റു ശേഷിക്കെ സ്ട്രൈക്കര്‍
കറ്റ്ലെഗൊ എംഫെലയ്ക്കു ലഭിച്ച സുവര്‍ണാവസരം പോസ്റ്റില്‍ തട്ടി മടങ്ങി.
മെക്സിക്കന്‍ ഡിഫന്‍സിനെ പിളര്‍ത്തി മുന്നേറിയ എംഫെലയുടെ ഷോട്ട് കീപ്പര്‍
ഓസ്കര്‍ പെരസിനെയും മറികടന്നിരുന്നു. പക്ഷേ, നിര്‍ഭാഗ്യം ഗോള്‍
പോസ്റ്റിന്‍റെ രൂപത്തിലായപ്പോള്‍ സ്വന്തം നാട്ടിലെ ആദ്യ ലോകകപ്പിലെ
ആദ്യ മത്സരത്തില്‍ ജയമെന്ന ദക്ഷിണാഫ്രിക്കന്‍ മോഹം പൊലിഞ്ഞു.