ടി. ദാമോദരന്ലോകകപ്പ് മത്സരത്തിന്‍റെ മൂന്നാം ദിവസം അള്‍ജീരിയയും സ്ലൊവേന്യയും
തമ്മിലാണ് ഏറ്റുമുട്ടിയത്. യോഗ്യതാറൗണ്ട് മത്സരങ്ങളില്‍ നിന്ന് ഏറെ
പ്രയാസപ്പെട്ടാണ് ഇരുടീമുകളും ഫൈനല്‍ റൗണ്ടിലേക്കു കടന്നത്. ആഫ്രിക്കന്‍
മേഖലയിലെ ഗ്രൂപ്പ് സിയില്‍ നിന്ന് പ്ലേ ഓഫ് മത്സരത്തില്‍ ഈജിപ്റ്റിനെ
കീഴ്പ്പെടുത്തിക്കൊണ്ടായിരുന്നു അള്‍ജീരിയയുടെ വരവ്. ഏറെ വിവാദം
സൃഷ്ടിച്ചിരുന്നു കളി. ചെക്ക് റിപ്പബ്ലിക്കിനും പോളണ്ടിനും യൂറോപ്പിലെ
മൂന്നാം ഗ്രൂപ്പില്‍ വിജയസാധ്യത പ്രതീക്ഷിച്ചവരെ
അത്ഭുതപ്പെടുത്തിക്കൊണ്ടാണ് സ്ലൊവേന്യ മുന്നേറിയത്. കരുത്തരായ റഷ്യയെ
പ്ലേ ഓഫില്‍ തോല്‍പ്പിച്ചതോടെ മതിപ്പ് കൂടുകയും ചെയ്തു. ലോകകപ്പ്
മത്സരങ്ങളില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളില്‍ തന്നെ ചെറിയ രാജ്യമാണ്
സ്ലൊവേന്യ. ജനസംഖ്യ 21 ലക്ഷത്തില്‍ താഴെമാത്രം. അവര്‍ക്കെതിരേ വരുന്ന
അള്‍ജീരിയക്കാരും കളിക്കളത്തിനു പുറത്തെ കനല്‍വഴി താണ്ടിയാണെത്തുന്നത്.
1992ല്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ടുമായി ആരംഭിച്ച ഏറ്റുമുട്ടല്‍
രാജ്യത്തെ ആഭ്യന്തര കലഹത്തിലെത്തിച്ചു. ഏഴുവര്‍ഷത്തോളം നീണ്ട രക്തരൂഷിത
സായുധ കലാപത്തില്‍ ഒരു ലക്ഷത്തിലേറെപ്പേര്‍ മരിച്ചു. ആ കാലത്തു
നാട്ടുകാര്‍ക്കു സ്വന്തം ജീവനിലല്ലാതെ പന്തുകളിയില്‍ ശ്രദ്ധിക്കാന്‍
കഴിഞ്ഞിരുന്നില്ല. 1999ല്‍ സമാധാനം പുനസ്ഥാപിച്ചശേഷം കിട്ടിയ
പത്തുകൊല്ലങ്ങള്‍ക്കിടയിലാണ് അള്‍ജീരിയ ലോകനിലവാരത്തിലുള്ള ഫുട്ബോള്‍
ടീമിനെ വാര്‍ത്തെടുത്തത്. ഫിഫ റാങ്കിങ്ങില്‍ അള്‍ജീരിയ മുപ്പത്തൊന്നാം
സ്ഥാനത്തും സ്ലൊവേന്യ 23ലും നില്‍ക്കുന്നു.
ഓരോ സ്ട്രൈക്കര്‍മാരെ മുന്നില്‍നിര്‍ത്തി പ്രതിരോധത്തില്‍ കൂടുതല്‍
ശ്രദ്ധിച്ചുകൊണ്ടാണ് ഇരുടീമുകളും കളി തുടങ്ങിയത്. ഗോള്‍മുഖത്ത് ഉദ്വേഗം
ജനിപ്പിക്കുന്ന നിമിഷങ്ങളോ ഗോളിയെ പരീക്ഷിക്കുന്ന ഷോട്ടുകളോ
ഉണ്ടായില്ല. മൈതാനമധ്യത്തില്‍ പന്ത് തട്ടിമുട്ടി ഉരുളുന്നതു കണ്ട് വിരസമായ
നിമിഷങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരിക്കെ 79ാം മിനിറ്റില്‍ സ്ലൊവേന്യന്‍
ക്യാപ്റ്റന്‍ റോബര്‍ട്ട് കൊറന്‍ അള്‍ജീരിയയ്ക്കെതിരേ ഗോളടിച്ചു.
തിരിച്ചടിക്കാന്‍ അള്‍ജീരിയക്കാര്‍ ചെറിയ തോതില്‍ ശ്രമം
നടത്തിനോക്കിയെങ്കിലും ഫലിച്ചില്ല. റോബര്‍ട്ട് കൊറനെ ഒഴിച്ച് എടുത്തു
പറയാവുന്ന ഒരു കളിക്കാരനെ ഇരുടീമിലും കണ്ടതുമില്ല.
സെര്‍ബിയയും ഘാനയും തമ്മിലായിരുന്നു രണ്ടാമത്തെ കളി. തുടര്‍ച്ചയായി നടന്ന
വര്‍ഗീയ സംഘട്ടനങ്ങളുടെ ഫലമായി ഭാഗിച്ചുപോയ പഴയ യുഗോസ്ലാവിയയുടെ
ഒരുഭാഗമാണു സെര്‍ബിയ. കഴിഞ്ഞ ലോകകപ്പില്‍ മോണ്ടിനെഗ്രോ എന്ന പേരിലും
അതിനു മുന്‍പ് യുഗോസ്ലാവ്യ കിങ്ഡം, യുഗോസ്ലാവിയ സോഷ്യല്‍ ഫെഡറല്‍
റിപ്പബ്ലിക്, യുഗോസ്ലാവിയ ഫെഡറല്‍ റിപ്പബ്ലിക് എന്നീ പേരുകളിലും
ടൂര്‍ണമെന്‍റില്‍ പങ്കെടുത്തു. സെര്‍ബിയ എന്ന പേരില്‍ നടാടെയാണ് ലോകകപ്പ്
മത്സരത്തിനിറങ്ങിയത്. ഫ്രാന്‍സിനെ പ്ലേ ഓഫിലേക്കയച്ച് ഗ്രൂപ്പില്‍ ഒന്നാം
സ്ഥാനം പിടിച്ചെടുത്ത സെര്‍ബിയ ഭാഗ്യത്തിന്‍റെ തുണയോടെയാണ് ഫൈനല്‍
റൗണ്ടിലെത്തിയത്. എതിരാളികളായ ഘാനയാവട്ടെ കഴിഞ്ഞ ലോകകപ്പില്‍ കറുത്ത
കുതിരകള്‍ എന്നാണറിയപ്പെട്ടത്. അന്നു ശക്തരായ അമേരിക്കയെയും ചെക്ക്
റിപ്പബ്ലിക്കിനെയും തോല്‍പ്പിച്ച അവര്‍ ബ്രസീലിന്‍റെ മുന്നില്‍ മാത്രമെ
അടിയറവ് പറഞ്ഞുള്ളു. കാട്ടുപോത്ത് എന്നുവിളിക്കുന്ന ക്യാപ്റ്റന്‍
മൈക്കിള്‍ എസിയന് പരുക്കേറ്റ കാരണം അദ്ദേഹത്തെ കൂടാതെയാണ് ഘാനയെത്തിയത്.
യൂറോപ്പിലെ സമ്പന്ന ക്ലബ്ബ് ടീമുകളില്‍ കളിച്ച് പരിചയം നേടിയ ഘാന
താരങ്ങള്‍ ക്യാപ്റ്റന്‍റെ അഭാവം അത്ര കാര്യമായെടുക്കുന്നില്ല. സെര്‍ബിയന്‍
മുന്നേറ്റങ്ങളെ പഴുതടച്ചു പ്രതിരോധിക്കാന്‍ ഘാനക്കാര്‍ക്കു കഴിഞ്ഞു.
ഒരിക്കല്‍പ്പോലും സെര്‍ബിയ ഘാനയ്ക്കൊരു ഭീഷണിയായി തോന്നിയില്ല.
ജന്മസിദ്ധിയായ പേശീബലവും വേഗവും പന്തടക്കവും പോലെ, ഘാനക്കാര്‍ ഒരു
ടീമെന്ന നിലയില്‍ ഒത്തിണങ്ങി കളിക്കാന്‍കൂടി തുടങ്ങിയാല്‍ അവരെ
കീഴ്പ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നു തോന്നി. എന്നാല്‍, രണ്ടു
ടീമുകളും പരുക്കന്‍ അടവുകള്‍ മാറിമാറി പ്രയോഗിക്കുന്നതാണു കണ്ടത.്
തുടര്‍ന്നുണ്ടായ ഒരു കൂട്ടായ്മയില്‍ സെര്‍ബിയയുടെ അലക്സാണ്ടര്‍
ലൂക്കോവിച്ചും ഘാനയുടെ താരവും തറയില്‍ തെറിച്ചുവീണു. കൂട്ടിയിടിച്ചത്
തെറ്റാണെങ്കില്‍ രണ്ടുപേരും ശിക്ഷാര്‍ഹരാണ്. പക്ഷേ, അര്‍ജന്‍റൈന്‍ റഫറി
ഹെക്റ്റര്‍ ലൂക്കോവിച്ചിനെ പുറത്താക്കി. പിന്നീട് പത്തു പേരുമായാണ്
സെര്‍ബിയ ഘാനയോടു പൊരുതിയത്. കളി അവസാനിക്കാന്‍ കുറഞ്ഞ സമയം ബാക്കി
നില്‍ക്കെ സെര്‍ബിയന്‍ പെനല്‍റ്റി ബോക്സില്‍വച്ച് മിഡ്ഫീല്‍ഡര്‍
ഡ്രാവ്കോ ക്യൂസ് മനോവിച്ചിന്‍റെ ഉയര്‍ത്തിപ്പിടിച്ച കൈയില്‍ പന്ത്
തട്ടിയതിന് റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. ആപല്‍ക്കരമായ ഒരവസ്ഥയെ
നേരിടാനോ പന്തു തടയാനോ ഗതിമാറ്റാനോ അല്ല ക്യൂസ്മനോവിച്ച് ബോളില്‍
തൊട്ടത്. മനഃപൂര്‍വം തൊട്ടതല്ല. തൊട്ടുപോയതായാണെനിക്കു തോന്നിയത്.
അസമാവോഗ്യാന്‍ ആ പെനല്‍റ്റി ഗോളാക്കി.
അവസാനം ജര്‍മനി ഓസ്ട്രേലിയയ്ക്കെതിരേ നാലു ഗോള്‍ വര്‍ഷിച്ചുകൊണ്ട്
അതുവരെ ഇരുണ്ട വന്‍കരയില്‍ ഗോള്‍ പിറക്കാതെ ഉരുണ്ടുപോയ ഫുട്ബോള്‍
മാമാങ്കാത്തില്‍ അറ്റാക്കിങ് ഫുട്ബോളിന്‍റെ ദീപം തെളിച്ചു.
ഗോളാകുമെന്നുറപ്പിച്ച നിരവധി ഷോട്ടുകള്‍ ഓസ്ട്രേലിയന്‍ ഗോളി
തട്ടിമാറ്റിയതുകൊണ്ടാണ് സ്കോര്‍ കുറഞ്ഞത്. ഗോളിയുടെ മിടുക്കു കൊണ്ടാണ്
അതു സാധിച്ചതെന്നു കരുതരുത്. വര്‍ധിച്ച ശക്തിയോടെ ഒരു പന്തു നെഞ്ചിനുനേരെ
വരുമ്പോള്‍ ആരായാലും തടുത്തുപോകും. മാര്‍ക്ക് ഷ്വാസര്‍ അതേ ചെയ്തുള്ളു...