ടി.ദാമോദരന്കഴിഞ്ഞ ലോകകപ്പിലെ ചാംപ്യന്‍മാരായ ഇറ്റലി, അത്രയൊന്നും പ്രശസ്തരല്ലാത്ത,
ഫിഫ റാങ്കിങ്ങില്‍ മുപ്പതാം സ്ഥാനക്കാരായ പരാഗ്വെയോട് കഷ്ടി
രക്ഷപെടുകയായിരുന്നു. പരാഗ്വയുടെ സുപ്രധാന കളിക്കാരന്‍ തലയില്‍
ബുള്ളറ്റുമായി കളത്തിനു പുറത്തിരിക്കുകയായിരുന്നു. മഴനനഞ്ഞ മൈതാനത്തെ
പുല്‍ത്തകിടിയില്‍ കളി തണുപ്പനായി നീങ്ങിക്കൊണ്ടിരിക്കെ 39ാം മിനിറ്റില്‍
പരാഗ്വെയ്ക്ക് അനുകൂലമായി അല്‍കരാസ് മനോഹരമായ ഹെഡറിലൂടെ ഗോള്‍നേടി. 63ാം
മിനിറ്റില്‍ ഫീല്‍ഡ് ഗോളിലൂടെ ഡാനിയല്‍ ഡിറോസി ഇറ്റലിക്കു സമനില
നേടിക്കൊടുത്തു. അതില്‍കൂടുതലായി ആ കളിയെപ്പറ്റി പറയാനില്ല.
ലോക ഫുട്ബോളില്‍ യൂറോപ്യന്‍, തെക്കേ അമേരിക്കന്‍ മേധാവിത്വത്തെ ചോദ്യം
ചെയ്യുന്ന ഏഷ്യന്‍ ശക്തികളുടെ വളര്‍ച്ച, തെക്കന്‍ കൊറിയയ്ക്കു പിന്നാലെ
ജപ്പാന്‍ നേടിയ വിജയം സൂചിപ്പിക്കുന്നു. ഫിഫ ആ കളിയില്‍ മാന്‍ ഒഫ് ദി
മാച്ചായി തെരഞ്ഞെടുത്ത കെയ്സുകെ ഹോണ്ടയാണു വിജയഗോളിന്‍റെ അവകാശി.
ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുള്ള രണ്ട് ആഫ്രിക്കന്‍
ടീമുകളിലൊന്നായ കാമറൂണിന്‍റെ തോല്‍വി അപ്രതീക്ഷിതമായിരുന്നു.
ഇന്‍റര്‍മിലന്‍റെ താരവും കാമറൂണ്‍ ക്യാപ്റ്റനുമായ സാമുവല്‍ എറ്റൂ
അധ്വാനിച്ചു കളിച്ചെങ്കിലും കളി സമനിലയിലെങ്കിലും അവസാനിപ്പിക്കാന്‍
കഴിഞ്ഞില്ല.
ടോട്ടല്‍ ഫുട്ബോളിന്‍റെ അവതാരകരായ ഓറഞ്ച്പട- നെതര്‍ലാന്‍ഡ്സ് എന്ന
ഡച്ചുകാരും ഡെയ്ന്‍സ് എന്ന ഡെന്‍മാര്‍ക്കും തമ്മിലായിരുന്നു ഇന്നലെ നടന്ന
മറ്റൊരു കളി. യോഗ്യതാ മത്സരങ്ങളില്‍ എട്ടില്‍ എട്ടും ജയിച്ചാണ്
ഹോളണ്ടിന്‍റെ വരവ്. അവരെ നേരിടുന്ന ഡെന്‍മാര്‍ക്ക് യൂറോപ്യന്‍ മേഖലയില്‍
ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പില്‍ നിന്നു കഷ്ടപ്പെട്ടു വന്നവരും.
1974 ലെ ഫൈനലില്‍ നിര്‍ഭാഗ്യംകൊണ്ടു മാത്രം ചാംപ്യന്‍ പദവി കൈവിട്ട,
യൊഹാന്‍ ക്രൈഫ് നയിച്ച ഹോളണ്ട് 78 ലും റണ്ണറപ്പ് ആയിരുന്നു. പിന്നീട്
അവരുടെ ശക്തി ക്ഷയിച്ചതായി തോന്നി. ക്രൈഫിനെ പോലെ പ്രഗത്ഭരായ
ബര്‍ഗ്ക്യാംപ്, വാന്‍ബാസ്റ്റന്‍, റൂഡ് ഗുള്ളിറ്റ്, പോള്‍ മക്ഗ്രാത്ത്
എന്നിവരുടെ നിലവാരത്തില്‍ കളിക്കുന്നവരില്ലെങ്കിലും ഹോളണ്ട് ടീമിലെ
ചെറുപ്പക്കാരെ വിലകുറച്ചു കാണുന്നതു ശരിയല്ല. ആഫ്രിക്കന്‍ ലോകകപ്പില്‍
ആദ്യം പിറന്ന സെല്‍ഫ് ഗോളിന്‍റെ പേരിലാകും ഇവര്‍ തമ്മിലുള്ള മത്സരം
ഓര്‍ക്കപ്പെടുക. ഹോളണ്ടിന്‍റെ മുന്നേറ്റത്തിനിടെ ഡെന്‍മാര്‍ക്ക് താരം
സൈമണ്‍ പോള്‍സെന്‍റെ തലയില്‍തട്ടി സെല്‍ഫ് ഗോള്‍ ആവുകയായിരുന്നു.
കളി അവസാനിക്കാന്‍ ആറു മിനിറ്റ് ശേഷിക്കെ, ഹോളണ്ട് സ്ട്രൈക്കര്‍
ഡിര്‍ക്ക് ക്യുയ്റ്റ് ലീഡ് രണ്ടാക്കി. സെല്‍ഫ് ഗോള്‍ കാണുമ്പോള്‍ പലരും
ഓര്‍ത്തുപോവുക 1994ലെ യുഎസ്എ, കൊളംബിയ വേള്‍ഡ്കപ്പ് മത്സരം ആയിരിക്കും.
ആ കളിയില്‍ കൊളംബിയയ്ക്കു വേണ്ടി ഡീപ്പ് ഡിഫന്‍സില്‍ കളിക്കുകയായിരുന്ന
ആന്ദ്രെ എസ്കോബാര്‍ എന്ന യുവതാരത്തിന്‍റെ കാലില്‍ തട്ടി പന്ത് സ്വന്തം
പോസ്റ്റിലായി. കൊളംബിയയുടെ പരാജയ കാരണം ഈ സെല്‍ഫ് ഗോളായിരുന്നു.
അതിനുള്ള ശിക്ഷയായി എസ്കോബാറിനെ ഡ്രഗ് മാഫിയ സംഘം വെടിവച്ചുകൊന്നു.
കൊളംബിയ പരാജയപ്പെട്ട രോഷം കൊണ്ടല്ല, വാതുവയ്പ്പില്‍ കോടികള്‍
നഷ്ടപ്പെട്ടതിലുള്ള വൈരാഗ്യം തീര്‍ക്കാനായിരുന്നു അത്. കൊളംബിയന്‍
മയക്കുമരുന്ന് ഇടപാടുകാരായ കാര്‍ട്ടന്‍സിന്‍റെ തോക്കുകളും, സ്പോട്സ്
ഉപകരണ നിര്‍മാണ കമ്പനികളില്‍ പ്രമുഖരായ അഡിഡാസും നൈക്കും പോലുള്ള
വന്‍തോക്കുകളും, ഇറ്റാലിയന്‍ ഡോണ്‍ മുസോളിനിയെപ്പോലെ
സ്വേച്ഛാധിപതികളായ ഭരണകര്‍ത്താക്കളും ലോകകപ്പ് മത്സരങ്ങളില്‍ ഇടപെട്ട
ചരിത്രം വേറെയും നിലനില്‍ക്കുന്നു.
1992 ലോകകപ്പിലെ ഫൈനല്‍ മത്സരത്തിന്‍റെ തലേദിവസം അപസ്മാര രോഗബാധയാല്‍
തളര്‍ന്നു കിടന്ന റൊണാള്‍ഡോ എന്ന ബ്രസീലിയന്‍ താരത്തെ നിര്‍ബന്ധമായി
ഗ്രൗണ്ടില്‍ ഇറക്കണം എന്നു വാശിപിടിച്ചത് ഒരു സ്പോര്‍ട്സ് ഉപകരണ നിര്‍മാണ
കമ്പനിയുടെ ഉടമസ്ഥന്‍ ആയിരുന്നു. തങ്ങളുടെ ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍
തെളിയുന്ന റോണോയുടെ മുഖം കളിക്കളത്തില്‍ കണ്ടില്ലെങ്കില്‍ കച്ചവടത്തെ
ബാധിക്കുമെന്നായിരുന്നു കമ്പനിയുടെ വാദം. കോടികള്‍ മുടക്കുന്ന ടീമിന്‍റെ
സ്പോണ്‍സര്‍മാരായ ആ മുതലാളിമാരുടെ കല്‍പ്പനയെ എതിര്‍ക്കാന്‍ ബ്രസീല്‍
ഫുട്ബോള്‍ അധികൃതര്‍ക്കോ ലോക ഫുട്ബോളറായ റൊണാള്‍ഡോവിനോ
കഴിയുമായിരുന്നില്ല. 1974 ലെ ലോകകപ്പ് നടത്തിപ്പ് അര്‍ജന്‍റീനയ്ക്ക്
ഏല്‍പ്പിച്ചുകൊടുത്തപ്പോള്‍ പ്രതിഷേധിക്കാന്‍ പല രാജ്യങ്ങളും
മുന്നിട്ടിറങ്ങി. ഹോളണ്ടാണ് അതിന്‍റെ നേതൃത്വം ഏറ്റെടുത്തത്.
അര്‍ജന്‍റീനയിലെ ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത
പട്ടാളഭരണം ജനങ്ങളോടു കാട്ടുന്ന കടുത്ത ക്രൂരതയ്ക്കെതിരായിരുന്നു
പ്രതിഷേധം. പക്ഷേ, ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കാനുള്ള തീരുമാനം ചില ബാഹ്യ
സമ്മര്‍ദങ്ങള്‍ക്കടിപ്പെട്ട് ഹോളണ്ട് അടക്കം മുഴുവന്‍ രാഷ്ട്രങ്ങളും
പിന്‍വലിച്ചു. എന്നാല്‍, ക്രൈഫ് മാത്രം തീരുമാനത്തില്‍ ഉറച്ചു നിന്നു.
പ്രായേണ നിലവാരം കുറഞ്ഞ എതിര്‍ടീമുകളെ ക്രൈഫുണ്ടെങ്കില്‍ എളുപ്പം
തോല്‍പ്പിക്കാമെന്നു കരുതിയ ഹോളണ്ട് ഫുട്ബോള്‍ ഭാരവാഹികളും സര്‍ക്കാരും
ആവുംവിധം നിര്‍ബന്ധിച്ചിട്ടും ക്രൈഫ് മനസുമാറ്റിയില്ല. ആ കപ്പില്‍
ജര്‍മനിക്കു വിജയം നേടാനായത് അതുകൊണ്ടാണ്. രാജ്യതാത്പര്യത്തിനെതിരേ
തന്‍റെ പിടിവാശിയില്‍ ഉറച്ചു നിന്നതിനു പിന്നീട് പലരും ക്രൈഫിനെ നിശിതമായി
വിമര്‍ശിച്ചു.
പില്‍ക്കാലത്ത് ക്രൈഫ് തന്നെ വെളിപ്പെടുത്തിയതു മറ്റൊരു സത്യമായിരുന്നു.
തന്നെ കളിയില്‍ പങ്കെടുപ്പിക്കരുതെന്ന ചില മാഫിയ തലവന്മാരുടെ ഭീഷണിക്കു
വഴങ്ങിയാണത്രെ അദ്ദേഹം വിട്ടു നിന്നത്. ക്രൈഫിനെ കുടുംബത്തോടൊപ്പം
തട്ടിക്കൊണ്ടുപോയി ഭാര്യയുടെയും മക്കളുടെയും മുന്‍പില്‍വച്ച്
തലയ്ക്കുനേരെ തോക്കു ചൂണ്ടി സമ്മതിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം
വെളിപ്പെടുത്തുന്നു. മാഫിയ സിന്‍ഡിക്കെറ്റ് പലരും കരതുന്ന പോലെ
ക്രിക്കറ്റില്‍ മാത്രമല്ല ഫുട്ബോള്‍, ബേസ്ബോള്‍, ബാസ്ക്കറ്റ്ബോള്‍
തുടങ്ങിയ മേജര്‍ ഗെയ്മുകളിലും കാര്യമായി ശ്രദ്ധിക്കുന്നു എന്നു സാരം.