ധാംബുള്ളറാവല്പിണ്ടി എക്സ്പ്രസ് വീണ്ടും ചൂളം വിളിച്ചു, പഴയ അതേ തീവ്രതയോടെ.
പക്ഷേ, ആഘോഷങ്ങളില്‍ ചിറകുവിരിക്കുന്ന ആ വിമാനം പറന്നത്
ശാന്തമായൊഴുകുന്നൊരു ഗ്ലൈഡര്‍ പോലെ മാത്രം. ഇതു പുതിയ ഷൊയ്ബ് അക്തര്‍.
ഏഷ്യാ കപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ 41 റണ്‍സിനു മൂന്നു
വിക്കറ്റെടുത്ത് ആതിഥേയരുടെ നടുവൊടിച്ച് അതിശക്തമായ തിരിച്ചുവരവ്.
എങ്കിലും ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ ആ പ്രകടനം മതിയായില്ല. ആവേശകരമായ
മത്സരത്തില്‍ 16 റണ്‍ ജയം ലങ്കയ്ക്ക്.
ഒമ്പത് വിക്കറ്റിന് 242 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ
സമ്പാദ്യം. രക്ഷയായതു കുമാര്‍ സംഗക്കാരയുടെയും (42) മഹേല ജയവര്‍ധനെയുടെയും
(54) ഏഞ്ചലോ മാത്യൂസിന്‍റെയും (55*) പ്രകടനങ്ങള്‍. മറുപടി ബാറ്റിങ്ങില്‍
32 റണ്‍സിനു നാലു വിക്കറ്റ് പോയ പാക്കിസ്ഥാനെ ഒറ്റയ്ക്കു ചുമലിലേറ്റിയതു
ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. 76 പന്തില്‍ എട്ടു ഫോറും ഏഴും സിക്സും
ഉള്‍പ്പെടെ 109 റണ്‍സെടുത്ത അഫ്രീദി പുറത്തായതോടെ പാക്കിസ്ഥാന്‍ വീണ്ടും
തകര്‍ന്നു. 226ന് ഓള്‍ഔട്ട്.
34 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത ലസിത് മലിംഗ ലങ്കന്‍ ജയത്തില്‍
നിര്‍ണായക പങ്കു വഹിച്ചു. ഇന്ത്യയ്ക്ക് ഇന്ന് ആദ്യ മത്സരം. എതിരാളികള്‍
ബംഗ്ലാദേശ്. മത്സരം ഉച്ച കഴിഞ്ഞഉ 2.30 മുതല്‍ നിയോ സ്പോര്‍ട്സില്‍
തത്സമയം.