ഡര്ബന്കാളപ്പോരിന്റെ നാട്ടില്‍നിന്നാണു വരവ്. പക്ഷേ, കളത്തിലിറങ്ങിയപ്പോള്‍
കുളമ്പു രോഗം പിടിച്ച കാളകളെപ്പോലെയായി സ്പെയ്ന്‍റെ അവസ്ഥ. എതിരാളി
സ്വിറ്റ്സര്‍ലന്‍ഡായിട്ടും അവര്‍ പതിവു തെറ്റിച്ചില്ല. വമ്പന്‍
ടൂര്‍ണമെന്‍റുകളില്‍ കാലിടറുന്നവരെന്ന പേരുദോഷം ആവര്‍ത്തിച്ചു, ഒരു
ഗോളിനു തൊറ്റുകൊണ്ട്. രണ്ടാം പകുതിയില്‍ ജെല്‍സണ്‍ ഫെര്‍ണാണ്ടസാണ്
യൂറോപ്യന്‍ ചാംപ്യന്‍മാരെ അട്ടിമറിച്ച ഗോളിനുടമ. ഈ ലോകകപ്പില്‍
ഇതുവരെയുള്ള ഏറ്റവും അപ്രതീക്ഷിത റിസല്‍റ്റ് നല്‍കിക്കൊണ്ട്, 85
വര്‍ഷത്തിനിടെ സ്പെയ്നെതിരേ ആദ്യ ജയം കൂടിയാണു സ്വിറ്റ്സര്‍ലന്‍ഡ്
സ്വന്തമാക്കിയത്.
ലോകകീരീടമുയര്‍ത്താന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന സ്പെയ്ന്‍
സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ നെഞ്ചുറപ്പിലൂടെ ജയിച്ചു
കയറുകയായിരുന്നു സ്വിറ്റ്സര്‍ലന്‍ഡ്. അഞ്ചാം മിനിറ്റില്‍ സ്വിസ്
ബോക്സിനരികില്‍ കുതിച്ചെത്തിയ സെര്‍ജിയോ റാമോസ് തുടങ്ങിവച്ച സ്പാനിഷ്
ആക്രമണങ്ങളെ അവര്‍ ഒന്നൊന്നായി വിഫലമാക്കി. മികച്ച പാസിങ്ങിലൂടെ
തുടക്കത്തിലേ സ്പെയ്ന്‍ മുന്‍തൂക്കം നേടി. ആദ്യ 15 മിനിറ്റില്‍
പിഴവില്ലാതെ കളിച്ചു. എന്നാല്‍, ഫിനിഷിങ്ങിലെ പിഴവുകള്‍ വലച്ചു. 17ാം
മിനിറ്റില്‍ ഡേവിഡ് വിയ സ്വിസ് വല ലക്ഷ്യംവച്ചെങ്ങിലും ഗോളി
രക്ഷയ്ക്കെത്തി. ഡേവിഡ് സില്‍വയുടെയും ആന്ദ്രെ ഇനിയെസ്റ്റയുടെയും ഓരോ
ഷോട്ടുകളും ആദ്യപകുതയില്‍ ലക്ഷ്യം കാണാതെ പോയി. ഇതിനിടെ
സ്വിറ്റ്സര്‍ലന്‍ഡിന്‍റെ ഭാഗത്തു നിന്നു ചില കൗണ്ടര്‍
അറ്റാക്കുകളുമുണ്ടായി. 26ാം മിനിറ്റില്‍ റൈറ്റോ സൈഗ്ലറിന്‍റെ ഫ്രീകിക്ക്
സ്പാനിഷ് ഗോളി ഐകര്‍ കാസിയസ് വിഫലമാക്കിയപ്പോള്‍, സ്പാനിഷ് മുഖങ്ങളില്‍
ആശ്വാസം.
രണ്ടാം പകുതിയിലും സ്പെയ്ന്‍ ചടുലമു ന്നേറ്റങ്ങള്‍ കരുപ്പിടിപ്പിച്ചു.
സാബി അലോസന്‍സോയും ഇനിയെസ്റ്റയുമൊക്ക എണ്ണയിട്ട
യന്ത്രങ്ങളെപ്പോലയായപ്പോള്‍ സ്വിസ് ഡിഫന്‍ഡര്‍മാര്‍ ക്ലേശിച്ചു. 51ാം
മിനിറ്റില്‍ ബോക്സിനരുകില്‍ നിന്ന്കാര്‍ലോസ് പുയോള്‍ ഉതിര്‍ത്ത
ഹെഡ്ഡര്‍ ഫലം കണ്ടില്ല. ഡേവിഡ് സില്‍വയുടെ ഷോട്ടും പുറത്തേക്കുപോയി.
പിന്നാലെ കാളക്കൂറ്റന്‍മാരെ ഞെട്ടിച്ചു ഫെര്‍ണാണ്ടസിന്‍റെ ഗോള്‍.
അപ്രതീക്ഷിതമായി ബോക്സിലെത്തിയ ലോങ് പാസിനെ എഡ്വിന്‍ ഡെറിയോക്കു
പിടിച്ചെടുത്തു. കാസിയസ് മുന്നോട്ടു കയറിയെങ്കിലും ക്ലിയര്‍
ചെയ്യാനായില്ല. അവസരം മുതലെടുത്ത് ആളൊഴിഞ്ഞ പോസ്റ്റിലേക്കു പന്തു
കോരിയിട്ടു ഫെര്‍ണാണ്ടസ്.
ഗോള്‍ വീണശേഷം മാത്രമാണ് ഫെര്‍ണാണ്ടോ ടോറസിനെ സ്പെയ്ന്‍
കളത്തിലിറക്കിയത്. ഇതോടെ ആക്രമണം കൂടുതല്‍ ശക്തമായെങ്കിലും അനിവാര്യമായ
തോല്‍വി ഒഴിവായില്ല. എഴുപത്തിനാലാം മിനിറ്റില്‍ സ്വിസ് താരം ഈരന്‍
ഡെര്‍ഡിയോക്കിന്‍റെ തകര്‍പ്പന്‍ ഷോട്ട് സ്പാനിഷ് പോസ്റ്റില്‍
തട്ടിത്തെറിച്ചു. റീബൗണ്ടിനെത്തുടര്‍ന്നു കൂട്ടപ്പൊരിച്ചിലിനിടെ സ്പാനിഷ്
പ്രതിരോധം പന്തു ക്ലിയര്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടി. പിന്നീട് മികച്ച
ചില അവസരങ്ങള്‍ ടോറസ് നഷ്ടമാക്കിയതും സ്പാനിഷ് നിരാശയുടെ ആഴം
വര്‍ധിപ്പിച്ചു.