പോര്‍ട്ട് എലിസബത്ത്ഐവറി കോസ്റ്റ് ക്യാപ്റ്റന്‍ ദിദിയര്‍ ദ്രോഗ്ബയ്ക്കു ലോകകപ്പില്‍
തുടരാന്‍ അനുമതി നല്‍കിയ ഫിഫ നടപടിയില്‍ പോര്‍ച്ചുഗീസ് കോച്ച്
കാര്‍ലോസ് ക്വിറോസിനു പ്രതിഷേധം. ശസ്ത്രക്രിയ കഴിഞ്ഞ കൈയില്‍ സംരക്ഷണ
കവചമണിഞ്ഞാണ് ദ്രോഗ്ബ പോര്‍ച്ചുഗലിനെതിരേ കളിക്കാനിറങ്ങിയത്. ഫിഫ, ഐവറി
കോസ്റ്റ്, പോര്‍ച്ചുഗല്‍ അധികൃതരും മാച്ച് റഫറിയുമായി തിങ്കളാഴ്ച
നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു ദ്രോഗ്ബയ്ക്കു കളിക്കാന്‍ പ്രത്യേക അനുമതി
നല്‍കുകയായിരുന്നു.
ബ്രേസ്ലെറ്റോ പ്ലാസ്റ്ററോ പോലും ധരിക്കാന്‍ കളിക്കാര്‍ക്ക് അനുമതി
ലഭിക്കാതിരിക്കെ, കൈയില്‍ കവചമണിഞ്ഞു കളിക്കാന്‍ ഒരാളെ
അനുവദിക്കുന്നതെങ്ങനെയാണെന്നു ക്വിറോസ് ചോദിക്കുന്നു. എതിര്‍
കളിക്കാര്‍ക്കു പരുക്കേല്‍ക്കാല്‍ ഇതു കാരണമാകുമെന്നും അദ്ദേഹത്തിന്‍റെ
ആശങ്ക. ദ്രോഗ്ബ ആഫ്രിക്കന്‍ സൂപ്പര്‍ സ്റ്റാറാണ്. പക്ഷേ, നിയമങ്ങള്‍
എല്ലാവര്‍ക്കും ഒരുപോലെയായിരിക്കണമെന്നും ക്വിറോസ്.