മുംബൈയുടെ
അധോലോകകഥകള്‍ പറയുന്ന സിനിമകള്‍ വിവാദങ്ങളാവാറുണ്ട്. മിലന്‍ ലുഹിത്ര
സംവിധാനം ചെയ്യുന്ന വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്ന ചിത്രവും
എഴുപതുകളിലെ അധോലോകത്തിന്‍റെ കഥ പറയുകയാണ്. എന്നാല്‍ വ്യക്തിപരമായി
ആരുടെയും കഥയല്ല തന്‍റെ സിനിമയെന്ന് ലുഹിത്ര. ബോളിവുഡിലെ
സൂപ്പര്‍ഹിറ്റുകളായ ദീവാര്‍, സന്‍ജീര്‍ തുടങ്ങിയ ചിത്രങ്ങളില്‍ നിന്നു
പ്രചോദനം നേടിയാണ് ചിത്രം ഒരുക്കിയത്. മാധ്യമങ്ങളുടെ പ്രചാരണത്തിനപ്പുറം
ഒരാളുടെയും ജീവിതവുമായി ഈ സിനിമയ്ക്കു സാദൃശ്യമില്ലെന്ന് ലുഹിത്ര
പറയുന്നു. ഒരാളുടെ ജീവിതം സിനിമയാക്കിയാല്‍ അത് എല്ലാ അര്‍ഥത്തിലും
സത്യസന്ധമായിരിക്കണം. അതിനു കഴിയില്ലെന്ന് ഉറപ്പുള്ളപ്പോള്‍ ബയോപിക്
എടുക്കാന്‍ താന്‍ ശ്രമിക്കില്ല. പൊലീസ് ഓഫിസറായ സുല്‍ത്താന്‍റെ കണ്ണിലൂടെ
അധോലോകത്തിനു സംഭവിക്കുന്ന മാറ്റങ്ങള്‍ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍.
അജയ് ദേവ്ഗന്‍, ഇമ്രാന്‍ ഹാഷ്മി, കങ്കണ റണാവത്ത്, പ്രാചി ദേശായ്
എന്നിവരാണ് പ്രധാന താരങ്ങള്‍. ബാലാജി ടെലിഫിലിംസ് നിര്‍മിക്കുന്ന
ചിത്രത്തില്‍ ഗൂണ്ടകളുടെയും കള്ളക്കടത്തുകാരുടെയും കഥ പറയുന്നു. ചോരി
ചോരി, ടാക്സി നമ്പര്‍ 9211 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് മിലന്‍
ലുഹിത്ര. കഴിഞ്ഞുപോയ ചില ഏടുകള്‍ വീണ്ടും സൃഷ്ടിക്കുന്നത് രസകരമാണ്.
അന്നത്തെ കാറുകള്‍, കാബറെ, കള്ളക്കടത്ത്, നാടകീയത എന്നിവ
അവതരിപ്പിക്കുമ്പോള്‍ എഴുപതുകളുടെ വിഷ്വല്‍ സ്റ്റൈല്‍
നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.
എന്നാല്‍ അധോലോകനായകന്മാരെക്കുറിച്ചുള്ള വിവരം ലഭിക്കാനായിരുന്നു
ഏറ്റവുമധികം ബുദ്ധിമുട്ടിയതെന്ന് ലുഹിത്ര. ലൊക്കേഷനുകള്‍ക്ക് പഴമ
കൊണ്ടുവരാനും കഷ്ടപ്പെട്ടു. ഒരുപാട് റിസര്‍ച്ചുകള്‍ക്കു ശേഷമാണ് അന്നത്തെ
ലൈറ്റിങ്, ആക്സസറി, കളര്‍ എന്നിവ റിക്രിയേറ്റ് ചെയ്തത്. അന്നത്തെ കാറുകളും
അതിന്‍റെ നമ്പര്‍ പ്ലേറ്റുകളും മാറ്റാന്‍ ശ്രദ്ധിച്ചു. ബോംബെ എന്ന
പേരില്‍ നിന്ന് മുംബൈ ആയി മാറിയതു തന്നെയാണ് മുപ്പതു വര്‍ഷത്തെ സിറ്റിയുടെ
കഥ പറയുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടി വന്ന മറ്റൊരു കാര്യം. മാറ്റങ്ങള്‍
ഇനിയും അറിഞ്ഞിട്ടില്ലാത്ത നഗരത്തിന്‍റെ മറ്റൊരു മുഖം തേടിയുള്ള യാത്ര
കൊണ്ടെത്തിച്ചത് സൗത്ത് മുംബൈയുടെ ചില ഉള്‍പ്രദേശങ്ങളിലാണ്. റോഡുകളും
മറ്റു സൗകര്യങ്ങളുമില്ലാതിരുന്ന സ്ഥലത്ത്, സിനിമാതാരങ്ങളെ
നേരില്‍ക്കണ്ടിട്ടില്ലാത്ത ആളുകളുടെ മുന്നില്‍ ചിത്രീകരണം ഏറെ
ബുദ്ധിമുട്ടായിരുന്നു. കഷ്ടപ്പെട്ട് ചിത്രീകരിച്ച സിനിമയ്ക്ക്
പ്രേക്ഷകരുടെ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലുഹിത്രയും ടീമും.