റസ്റ്റന്ബര്ഗ്ഒന്നിനു പിറകെ ഒന്നായി ഏഴു സമനിലകള്‍. അതിനൊപ്പം ഇതിനെയും ചേര്‍ക്കാം,
ഘാന-1 ഓസ്ട്രേലിയ-1. പക്ഷേ, എന്നത്തെയുംപോലെ വിരസമായിരുന്നില്ല ഇത്.
ഓസീസിന്‍റെ പോരാട്ടവീര്യവും ഘാനയുടെ ആക്രമണോത്സുകതയതും
തമ്മിലുരസിപ്പിറന്ന സമനില. ഹാരി ക്വിവലിന്‍റെ പുറത്താകലിലൂടെ പത്തു പേരായി
ചുരിങ്ങിയ ഓസീസിന് ആശ്വാസത്തിന്‍റെ മത്സരഫലം. എങ്കിലും ഡി ഗ്രൂപ്പില്‍
രണ്ടു പോയിന്‍റ് മാത്രമുള്ള സോക്കോറൂസിനു പ്രീക്വാര്‍ട്ടര്‍ സാധ്യത
ശുഷ്കമായി. നാലു പോയിന്‍റുമായി ഘാന പ്രതീക്ഷ കാത്തു. ബ്രട്ട്
ഹോള്‍മാനിലൂടെ മുന്നില്‍ക്കടന്ന ഓസീസിനെ അസമോവ ഗ്യാനിന്‍റെ പെനാല്‍റ്റി
ഗോളിലൂടെയാണ ഘാന ഒപ്പം പിടിച്ചത്.
ആദ്യപകുതിയില്‍ ഇരുവരും ഒപ്പത്തിനൊപ്പം. തുടക്കത്തിലും ഗോളിനു
പിന്നാലെയുള്ള നിമിഷങ്ങളിലും സോക്കറൂസ് കളി നിയന്ത്രിച്ചു. രണ്ടാം
മിനിറ്റില്‍ത്തന്നെ ഹാരി ക്വിവല്‍ ഘാന ബോക്സില്‍ പറന്നെത്തി. ബോള്‍
പൊസഷന്‍ നിലനിര്‍ത്തിയ ഓസീസ് 13 മിനിറ്റില്‍ ലീഡെടുത്തു. മാര്‍ക്ക്
ബ്രസ്നിക്കയുടെ വലങ്കാലനടി ഘാന ഗോളി റിച്ചാര്‍ഡ് കിങ്സണ്‍ ബ്ലോക്ക്
ചെയ്തു. പന്തു ചെന്നത് ബ്രട്ട് ഹോള്‍മാന്‍റെ കാലില്‍. വലചലിക്കാന്‍ അധികം
താമസമുണ്ടായില്ല (1-0).
പിന്നീട് ഓസീസിന്‍റെ കളിയുടെ ഒഴുക്കേറി. ഘാന മിസ്പാസുകളുമായി
അലഞ്ഞപ്പോള്‍ ഓസ്ട്രേലിയ മുന്നേറ്റങ്ങളുമായി മികച്ചുനിന്നു. എന്നാല്‍,
സോക്കോറൂസിന്‍റെ ഹൃദയം തകര്‍ത്ത് 24ാം മിനിറ്റില്‍ ഹാരി ക്വിവല്‍
പന്തില്‍ കൈതൊട്ടു. റഫറി പെനല്‍റ്റി വിധിച്ചു, ക്വിവലിനു
ചുവപ്പുകാര്‍ഡും. അസമോ ഗ്യാന്‍ വലകുലുക്കി (1-1).
ഓസ്ട്രേലിയക്കാരുടെ എണ്ണം കുറഞ്ഞതോടെ മത്സരം ഘാനയ്ക്ക് അനുകൂലമായി.
രണ്ടാംപകുതിയില്‍ ഘാനയുടെ ആക്രമണവും ഓസീസിന്‍റെ അതിജീവനവും. തുടക്കം
മുതല്‍ എതിര്‍ഗോള്‍മുഖത്ത് ഇരമ്പിക്കയറിയ ഘാനയ്ക്കു ഗോള്‍
കണ്ടെത്താനായില്ല. ഓസീസ് പ്രതിരോധം ശക്തമായപ്പോള്‍ ഗ്യാനും ബോട്ടിങ്ങും
അസമോഹും ലോങ് റേഞ്ചറുകളിലൂടെ അവസരങ്ങള്‍ നഷ്ടമാക്കി. ലീഡ് നേടാന്‍
ഓസ്ട്രേിലയയ്ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കിയില്ല. വിങ്ങുകള്‍
വഴി ആക്രമിച്ച അവര്‍ മികച്ച ചില ക്രോസുകളിലൂടെ ഘാനയെ വിറപ്പിച്ചെങ്കിലും
വിജയഗോള്‍ അകന്നുനിന്നു.