ആവതുണ്ടായിരുന്നെങ്കില്‍
ഞാന്‍ സെന്റര്‍ കോര്‍ട്ടില്‍ ഒരു വലിയ ടെലിവിഷന്‍ വച്ചനേ, പറയുന്നതു
റോജര്‍ ഫെഡറര്‍. വിമ്പിള്‍ഡണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ ഇന്നലെ ആദ്യ
മത്സരത്തിനിറങ്ങുന്നതിനു മുമ്പാണ് ഫെഡറര്‍ക്ക് ഈ മോഹം.
സ്വിറ്റ്സര്‍ലണ്ടുകാരനാണ് ഫെഡറര്‍. ലോകകപ്പ് ഫുട്ബോളില്‍
സ്വിറ്റ്സര്‍ലണ്ട്, ചിലിയെ നേരിടാന്‍ ഇറങ്ങുന്നതിനു മുമ്പ്
വിമ്പിള്‍ഡണില്‍ ഫെഡറര്‍ തന്റെ ആദ്യ പോരാട്ടത്തിനിറങ്ങിയിരുന്നു.
ചെറുപ്പത്തില്‍ ടെന്നിസ് റാക്കറ്റ് പിടിച്ചു തുടങ്ങുന്നതിനു മുമ്പ്
ഫുട്ബോള്‍ കളിച്ചിരുന്ന ഫെഡറര്‍ക്ക് ഇന്നും ആ കളിയോടുള്ള അഭിനിവേശം
അടങ്ങിയിട്ടില്ല. വിമ്പിള്‍ഡണില്‍ നിലവിലുള്ള ചാംപ്യനാണ് ഫെഡറര്‍.
ലോകകപ്പു തുടങ്ങുന്നതിനു മുമ്പ് സ്വിസ് ടീമിന്റെ കോച്ചിങ്
ക്യാംപിലെത്തി ഫെഡറര്‍ കളിക്കാരോടു സംസാരിച്ചിരുന്നു. കോച്ചിന്റെ
അഭ്യര്‍ഥന മാനിച്ചായിരുന്നു ഇത്. കളത്തില്‍ സമ്മര്‍ദങ്ങളെ എങ്ങനെ
അതിജീവിക്കാം എന്നതിനെക്കുറിച്ചാണു ഫെഡറര്‍ കളിക്കാരോടു സംസാരിച്ചത്.
ഇപ്പോള്‍ ടെന്നിസ് ലോകത്ത് ഫെഡററുടെ എതിരാളി ആരെന്നു ചോദിച്ചാല്‍
ഏതുറക്കത്തിലും ഉത്തരം റെഡി, സ്പെയിനിന്റെ റാഫെല്‍ നദാല്‍. ലോകകപ്പില്‍
സ്പെയിനും സ്വിറ്റ്സര്‍ലണ്ടും ഒറ്റ ഗ്രൂപ്പിലാണെന്നോര്ക്കുക. മാത്രമോ
ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലണ്ട് അപ്രതീക്ഷിതമായി സ്പെയിനെതിരെ വിജയം
നേടുകയും ചെയ്തു. കഴിഞ്ഞ ദിവസം ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോടു
സംസാരിക്കുമ്പോള്‍ ഫെഡറര്‍ പറഞ്ഞതു മുഴുവന്‍ ഫുട്ബോളിനെക്കുറിച്ച്.
സ്പെയ്നെ സ്വിറ്റ്സര്‍ലണ്ട് തോല്‍പ്പിച്ചതിനു ശേഷം നദാലിനെ കണ്ടോ എന്നു
ചോദിച്ചു ചിലര്‍, എനിക്കു ഫുട്ബോള്‍ ഇഷ്ടമാണ്. കളി കാണും. അതിനപ്പുറം
തോല്‍വിയും ജയവുമൊന്നും ആരോടും ചര്‍ച്ച ചെയ്യാറില്ല.
ബേസ്ബോളും ബാസ്ക്കറ്റും റഗ്ബിയും മാത്രം ആവേശമാക്കിയിരുന്ന
അമേരിക്കക്കാര്ക്കുണ്ടായ മാറ്റം അറിയണമെങ്കില്‍ സെറീന വില്യംസിന്റെ
അടുത്തു ചെല്ലണം. വിമ്പിള്‍ഡണില്‍ നിലവിലുള്ള ചാംപ്യനായ സെറീന
ആവേശത്തിന്റെ കൊടുമുടിയിലാണ്. സ്ലോവേന്യയോടു രണ്ടു ഗോള്‍ സമനില
പിടിച്ച കളി തന്റെ ഹൃദയം തകര്‍ത്തു കളഞ്ഞു എന്നാണ് സെറീന പറഞ്ഞത്. അവസാന
മിനിറ്റില്‍ അമേരിക്ക അടിച്ച ഗോള്‍ റഫറി അനുവദിക്കാത്തതിനെക്കുറിച്ച് ആ
നിമിഷത്തെപ്പറ്റി എനിക്കോര്‍ക്കാന്‍ പറ്റുന്നില്ല എന്നാണു സെറീന പറഞ്ഞത്.
അമേരിക്ക ജയിച്ചു എന്നു ഞാന്‍ ഉറപ്പിച്ചിരുന്നു. പക്ഷേ റഫറി അത്
അനുവദിക്കാതിരുന്നത്. എന്റെ ഹൃദയം സ്തംഭിച്ചു പോയി എന്നു പോലും
തോന്നിയ നിമിഷം. സെറീനയിക്കിപ്പോഴും നിരാശ.
സ്പെയിനിന്റെ തോല്‍വിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ബാഡ് ലക്ക് എന്നു
മാത്രമായിരുന്നു നദാലിന്റെ മറുപടി. ഇക്കാര്യത്തെക്കുറിച്ചു കൂടുതല്‍
സംസാരിക്കാന്‍ താത്പര്യം കാട്ടാതിരുന്ന നദാല്‍ ഇതുവരെയുള്ള കളികളെ വളരെ
ടെക്നിക്കലായി അവലോകനം ചെയ്തു. എല്ലാവരും ഡിഫന്‍സീവില്‍ കളിക്കുന്നു
എന്നാണ് നദാലിന്റെ പരാതി. ഇംഗ്ലണ്ടിന്റെ പ്രകടനത്തില്‍ ആന്‍ഡി
മുറെയ്ക്കും നിരാശയുണ്ട്. രണ്ടു സമനിലയുമായി പുറത്താകലിന്റെ വക്കത്താണ്
ഇംഗ്ലണ്ട്. മാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്ക് അമിതമായി ശ്രദ്ധ
കൊടുക്കുന്നതാണ് ഇംഗ്ലണ്ട് ടീമിന്റെ പ്രധാന പ്രശ്നം എന്നാണ് മുറെക്കു
തോന്നുന്നത്.
കളിക്കാര്‍ ഇങ്ങനെയൊക്കയാണെങ്കിലും വിമ്പിള്‍ഡണ്‍ സംഘാടകര്‍
ഫുട്ബോളിനോടു കൂട്ടുകൂടാന്‍ തയാറല്ല. വുവുസെല നേരത്തെ
നിരോധിച്ചിരുന്നു. ഇനി അറിഞ്ഞോ അറിയാതെയോ കോര്‍ട്ടുകളിലെ സ്ക്രീനില്‍
ലോകകപ്പിന്റെ സ്കോര്‍ എഴുതിക്കാണിക്കുക പോലും ചെയ്യരുതെന്നു കര്‍ശന
നിര്‍ദേശവും നല്‍കിക്കഴിഞ്ഞു