ഇനി
ആര്‍ക്കു വേണ്ടി വുവുസെലകള്‍ മുഴക്കണം, ഇനി ആര്‍ക്കു വേണ്ടി മുഖത്തു ചായം
പൂശണം, ഇനിയങ്ങോട്ടു ഞങ്ങള്‍ ദക്ഷിണാഫ്രിക്കക്കാര്‍ക്ക് ലോകകപ്പ്
എന്താണ്? ആതിഥേയമര്യാദകളില്‍ ഒതുങ്ങണോ? പെട്ടെന്നുത്തരം നല്‍കാന്‍
കഴിയാത്ത ചോദ്യങ്ങളാണ് ഇതെല്ലാം. ഇരുണ്ട ഭൂഖണ്ഡത്തില്‍ നിറയെ പ്രകാശം
പരത്തിയ ഒരു ചെറിയ പന്തിന്‍റെ പരിസരങ്ങളില്‍ നിന്ന് ഇനി ആശയും
ആവേശവുമില്ലാതെ മാറി നില്‍ക്കുകയാണ് ഇവര്‍. ആദ്യ റൗണ്ടിലെ അവസാന കളിയില്‍
ജയിച്ചിട്ടും രണ്ടാം റൗണ്ടില്‍ കടക്കാന്‍ യോഗമില്ലാതെ പോയ
ദക്ഷിണാഫ്രിക്കക്കാര്‍ ഇപ്പോള്‍ ഇഷ്ടപ്പെട്ട മറ്റു ടീമുകളിലേക്കു
ചേക്കേറുകയാണ്.
ലോക കപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യ റൗണ്ടില്‍ പുറത്താവുന്ന
ആദ്യത്തെ ആതിഥേയ ടീം എന്നൊരു ചീത്തപ്പേരു കൂടിയാവുമ്പോള്‍ എല്ലാം
പൂര്‍ണം. എല്ലായിടത്തെയും ഫുട്ബോള്‍ ചര്‍ച്ചകളില്‍ അഭിമാനം നിലനിര്‍ത്തി,
തല ഉയര്‍ത്തിപ്പിടിച്ചാണു മടക്കം തുടങ്ങി പതിവ് സമാശ്വാസങ്ങള്‍.
സൊവെറ്റോ എന്ന ചെറുപട്ടണത്തിലെ നാല്‍പ്പത്തഞ്ചു വയസുകാരനായ ക്ലിഫ്റ്റണ്‍
സ്വാനെയോട് ഇനി ആരുടെ കൂടെ എന്നു ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ടൊന്നു
നോക്കി. പിന്നെ മുഖത്തു നിരാശ പടര്‍ന്നു. രണ്ടു ഭാവങ്ങളും
കൂട്ടിക്കലര്‍ത്തി പറഞ്ഞു, ദക്ഷിണാഫ്രിക്ക പുറത്തായെങ്കിലെന്ത് ബ്രസീലും
സ്പെയ്നുമുണ്ടല്ലോ അവരാണ് എന്‍റെ ടീം.
കൊളോണിയല്‍ കാലം മുതല്‍ റഗ്ബിക്ക് വലിയ ആരാധനയുണ്ടായിരുന്നു
ദക്ഷിണാഫ്രിക്കയില്‍. എന്നാല്‍ കുറച്ചു കാലമായി ലോകകപ്പു നടത്താനുള്ള
ഒരുക്കങ്ങളില്‍ മുഴുകിയതോടെ കടുത്ത റഗ്ബി ആരാധകര്‍ പോലും ഫുട്ബോളിനെ
സ്നേഹിച്ചു തുടങ്ങിയിരുന്നു. ടീം പുറത്തായില്ലേ ഞാന്‍ റഗ്ബിയിലേക്കു
തിരിച്ചു പോകുന്നു എന്നു പറയാന്‍ യാതൊരു മടിയുമില്ല ജോ ഫോരിക്ക്.
എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ ചെറുപ്പക്കാര്‍ ഒന്നു തീരുമാനിച്ചിട്ടുണ്ട്.
ആഫ്രിക്കക്കൊപ്പം തന്നെ നില്‍ക്കാന്‍. പ്രീക്വാര്‍ട്ടറില്‍ കടന്ന ഏക
ആഫ്രിക്കന്‍ ടീമായ ഘാനയുടെ പതാകയേന്താന്‍. അവര്‍ എവിടെ വരെ മുന്നേറുന്നോ
അവിടെ വരെ അവരെ തുണയ്ക്കാന്‍. അതു കഴിഞ്ഞു മതി അടുത്ത ടീമിനെ നോക്കാന്‍.