ഡച്ച്
സിനിമാ സംവിധായകനായ ബെർട്ട് ഹാൻസ്ട്ര ഡോക്കുമെന്ററി സിനിമകളുടെ
കുലപതിയായാണ് കണക്കാക്കപ്പെടുന്നത്. 1951 ലെ ‘കാൻ ഫിലിം ഫെസ്റ്റിവലിൽ‘
‘മിറർ ഓഫ് ഹോളണ്ട്’ എന്ന ലഘുഡോക്കുമെന്ററി ചിത്രം ‘ഗ്രാന്റ് പ്രിക്സ് ‘
അവാർഡ് നേടിയതോടെ ഹാൻസ്ട്ര ശ്രദ്ധിക്കപ്പെട്ടു. പ്രക്ര്യുതിയേയും
മനുഷ്യരേയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ദ്ര്യുശ്യഭാഷയുടെ വ്യാകരണവും,
സൌന്ദര്യ ശാസ്ത്രവും അടിസ്ഥാനമാക്കി അവ ക്യാമറയിൽ പകർത്തി എഡിറ്റിങ്
നടത്തി ഒരു കലാസ്ര്യുഷ്ടിയാക്കിമാറ്റുന്ന ഒരു രീതിയാണ്
അദ്ദേഹത്തിന്റേത്. വളരെ പ്രശസ്തമായ രണ്ട് സിനിമകളാണ്
ഹാൻസ്ട്രയുടേതായുള്ളത്. ഗ്ലാസ്സ് (1958),മ്ര്യുഗശാല (1962) എന്നീ
സിനിമകൾ... സിനിമയെന്ന കലാമാധ്യമപഠനത്തിനുള്ള ടെക് സ്റ്റ് ബുക്കുകൾ എന്ന
പോലെയാണ് ഇക്കാലമത്രയും ലോകത്തെങ്ങുമുള്ള ഫിലിം ഇൻസ്റ്റിറ്റുട്ടുകളിൽ ഈ
രണ്ട് സിനിമകളും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. വെറും പതിനൊന്നു
മിനുട്ടുകൾ മാത്രം ദൈർഘ്യമുള്ളതാണ് ഈ സിനിമകൾ.. പക്ഷെ അവ നമ്മോട്
സംവദിക്കുന്നത് മനുഷ്യായുസ്സിന്റെ ദൈർഘ്യമാണ്.
1957ൽ
.‘റോയൽ ലീർഡാം ഗ്ലാസ്സ് വർക്സ് ‘ കമ്പനിയുമായുണ്ടാക്കിയ ഒരു പ്രൊമോഷണൽ
ഫിലിം കരാറിൽ നിന്നാണ് ഈ ക്ലാസ്സിക് സിനിമ ജനിക്കുന്നത്. ബ്ലാക്ക് &
വൈറ്റിൽ ഗ്ലാസ്സ് നിർമാണം പരിചയപ്പെടുത്തുന്ന പരസ്യ ചിത്രമാണ്
ഉദ്ദേശിച്ചിരുന്നത്. ഫാക്ടറിയിൽ സന്ദർശനത്തിനിടെ കണ്ട ഒരു യന്ത്രത്തകരാറിൽ
നിന്നാണ് ഹൻസ്ട്രക്ക് പുതിയ ആശയം കിട്ടിയത്. പൂർണ്ണ സ്വാതന്ത്രത്തോടെ
ഗ്ലാസ്സിനെയും മനുഷ്യനേയും കുറിച്ച് സിനിമ കളറിൽ ചെയ്യാൻ കരാർ
ഉറപ്പിക്കുന്നു.
ഗ്ലാസ്സ് ബ്ലോവർമാർ
ലോഹക്കുഴലിലൂടെ ഊതി, ഉരുകിയ ഗ്ലാസ്സുകൊണ്ട് സ്ഫടിക ഭരണികളും ചഷകങ്ങളും
പാത്രങ്ങളും ഉണ്ടാക്കുന്ന പഴയ രീതികൾ കാണിച്ചു തന്നുകൊണ്ടാണ് “ഗ്ലാസ്സ്’
ആരംഭിക്കുന്നത്. ഒരു സംഗീത ഉപകരണം വായിക്കുന്നതുപോലെയാണ് കലാകാരന്മാരായ
ഗ്ലാസ്സ്ബ്ലോവർമാർ പാത്രങ്ങൾ നിർമ്മിക്കുന്നത്. അവർ ഉണ്ടാക്കുന്ന ഓരോ
പാത്രവും അവരുടെ ഓരോ സ്ര്യുഷ്ടികളാണ്. ഊത്തിലും , ചുഴറ്റിലും , വളക്കലിലും
, പോളിഷിങിലും , പതംവരുത്തലിലുമൊക്കെ പ്രത്യേകമായ ശ്രദ്ധയും
അർപ്പണവുമുണ്ട്. ഒരു സ്ര്യുഷ്ടിയും ഒരുപോലെയല്ല...
യന്ത്രങ്ങൾ
ഉപയോഗിച്ചുള്ള പുതിയ രീതിയാണ് പിന്നീട് കാണിക്കുന്നത്. എണ്ണമറ്റ
കുപ്പികളാണ് നിർമിച്ചുകൂട്ടുന്നത്, വളരെ വേഗത്തിലും ചിട്ടയിലും..- ഉരുകിയ
ഗ്ലാസ്സ് കുപ്പികളായി മാറുന്നു. മുൻപുണ്ടായിരുന്ന ജാസ് സംഗീതത്തിന്റെ
പശ്ചാത്തല ശബ്ദം വിരസവും അരോചകവുമായ യന്ത്രമുരൾച്ചയിലേക്ക് വഴിമാറുന്നു.
ഒരേ രൂപവും നിറവും ഭംഗിയും ഉള്ള കുപ്പികളുടെ നിര..ആവർത്തിക്കപ്പെടുന്ന
പ്രക്രിയകൾ.. യാന്ത്രികമായ ചലനങ്ങൾ. സ്ഫടികക്കുപ്പികൾ കൺ വെയർ ബെൽറ്റിലൂടെ
ചിട്ടയായി നീങ്ങുകയാണ്. അങ്ങേത്തലക്കലെ യന്ത്രകൈ അവിടെയെത്തുന്ന ഓരോ
കുപ്പിയേയും നുള്ളിയെടുത്ത് മാറ്റിവെയ്ക്കുകയാണ്.. കഴുത്ത് പൊട്ടിയ ഒരു
കുപ്പിയാണ് ഇപ്പോൾ യന്ത്രകൈക്ക് മുന്നിലെത്തുന്നത്.അതിനെ
നുള്ളിയെടുക്കനാവുന്നില്ല- അതോടെ പുറകെയെത്തുന്ന കുപ്പികളെല്ലാം
വീണുടയുകയാണ്. ഒരു മനുഷ്യന്റെ കൈ ഇടപെടും വരെ. കഴുത്തു പൊട്ടിയ കുപ്പി
അയാൾ മാറ്റിവെക്കുന്നതോടെ വീണ്ടും പ്രവർത്തനങ്ങൾ തുടരുന്നു.
വളരെ
സാധാരണമായ ഒരു വിഷയം ദ്ര്യുശ്യഭാഷാവ്യാകരണങ്ങളുടെ ഉപയോഗത്തിലൂടെ ഒരു
കലാസ്ര്യുഷ്ടിയായി മാറുന്നതിന്റെ ഉദാഹരണമാണീ സിനിമ. നരേഷനുകളൊന്നും
ഉപയോഗിക്കാതെ, വർണ്ണവിന്യാസം , ചലനം, സംഗീതം , മിശ്രണം , സമ്രുദ്ധമായ
ക്ലോസ്സപ്പുകൾ, പ്രകാശനിയന്ത്രണം എന്നിവ വഴി ഈ സിനിമ നമ്മെ
വശീകരിക്കുന്നു.മനുഷ്യന്റെ സ്ര്യുഷ്ടിപരതയുടെ ഒരു സ്ര്യുഷ്ടിമാത്രമായ
യന്ത്രങ്ങളേയും മനുഷ്യനാണ് ഗുണപരമായി ഉപയോഗിക്കേണ്ടതെന്ന തത്വചിന്താപരമായ
ഒരാശയം വികസിച്ചുവരുന്നു.
1958 ലെ
ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഹ്രസ്വഡോക്കുമെന്ററിക്കുള്ള‘ സിൽ വർ
ബെയർ’ അവാർഡ്, 1959ലെ ബഫ്റ്റ അവർഡ്, 1960ലെ ഏറ്റവും നല്ല
ഡോക്കുമെന്ററിക്കുള്ള ഓസ്കാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഈ സിനിമ
നേടി.
1962ൽ
നിർമിച്ച കാഴ്ചബംഗ്ലാവ് (zoo) വളരെയേറെ പ്രത്യേകതകളുള്ള ഹ്രസ്വചിത്രമാണ്.
ഈ ബ്ലാക്ക്&വൈറ്റ് സിനിമയിലും നരേഷനില്ല.ഒരു കാഴ്ചബംഗ്ലാവിലെ
മ്രുഗങ്ങളേയും സന്ദർശകരേയും മാത്രമാണ് കാണിക്കുന്നത്.
അഴികളുടെ
ഒരു സമീപദ്ര്യുശ്യത്തിലാണ് സിനിമ ആരംഭിക്കുന്നത്.മ്ര്യുഗശാല കാണാനെത്തുന്ന
കുട്ടികളുടെ കൂട്ടത്തെ എത്തി നോക്കുന്ന ജിറാഫും ഒട്ടകപക്ഷിയും..പതുക്കെ
നടന്നുനീങ്ങുന്ന സ്ത്രീകൾ,സമാനമായി നടക്കുന്ന പെൻ ഗ്വിനുകൾ, വരയൻ
ഉടുപ്പിട്ട സ്ത്രീയെ ശ്രദ്ധിക്കുന്ന വരയൻ കുതിര,..ഇങ്ങനെ സിനിമ
വികസിക്കുന്നു.ക്യാമറ കമ്പിയഴികൾക്ക് അപ്പുറവും ഇപ്പുറവും മാറിമാറി
നിൽക്കുന്നു,സന്ദർശകരുടെ കാഴ്ചപ്പാടിലും ,മ്രിഗങ്ങളുടെ കാഴ്ചപ്പാടിലും
ദ്രിശ്യങ്ങൾ മാറിമാറി തെളിയുന്നു.പതുക്കെ പതുക്കെ സിനിമകാണുന്ന നമ്മളുടെ
മനസ്സിൽ ഒരു സംശയം ഉദിക്കും..ആർ ആരെയാണ് കാണുന്നത്? കാഴ്ച്ചക്കാർ
മ്ര്യുഗങ്ങളെ നോക്കി കളിയാക്കുകയും ചിരിക്കുകയും ചെയ്യുമ്പോൾ
മ്ര്യുഗങ്ങളും അതുതന്നെയല്ലെ ചെയ്യുന്നത് ?.സന്തോഷകരവും രസകരവുമായ
ഒരിടമാണ് കാഴ്ചബംഗ്ലാവുകൾ. ഒളിഞ്ഞുനോക്കി ശ്രദ്ധിക്കുന്ന ഒരു സ്വതന്ത്ര
നിരീക്ഷകന്(മനുഷ്യരോട് പക്ഷപാതമില്ലതെ) രസകരമായ
നിഗമനത്തിലെത്താനാകും.ഇവരുടെ സ്വാഭാവിക ചേഷ്ടകൾ, മുഖഭാവങ്ങൾ തമ്മിൽ
അത്ഭുതകരമായ സാമ്യമാണുള്ളത്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയമാണു
സിനിമയിലെ കാലം.പല സന്ദർശകരും ആവർത്തിച്ച് ദ്ര്യുശ്യങ്ങളിൽ
പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷിവിൽപ്പനക്കാരൻ, തത്തയുടെ ഫോട്ടോ എടുക്കാൻ
ശ്രമിക്കുന്നയാൾ, വ്യുദ്ധ ദമ്പതിമാർ, നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന
സ്ത്രീകൾ, ചിത്രങ്ങൾ സ്കെച്ച് ചെയ്യുന്നയാൾ, കുട്ടികളെ സസ്യശാസ്ത്രം
പഠിപ്പിക്കുന്ന അദ്ധ്യാപകൻ,അമ്മമാർ തുടങ്ങിയവർ...രാവിലെയുള്ള ഉണർവും
ഉത്സാഹവും ഉച്ചാമയക്കത്തിലേക്ക് വഴിമാറുന്നു. കോട്ടുവായിടുന്നവർ, ഉറക്കം
തൂങ്ങുന്നവർ..സന്ദർശകരിലും കൂട്ടിലുള്ളവരിലും
ഇവരുണ്ട്...വൈകുന്നേരത്തിന്റെ ദു;ഖത്തിൽ സിനിമ അവസാനിക്കുന്നു.
സന്ദർശകർക്കിടയിൽ മുഖം മൂടിധരിച്ചയാളെ കണ്ട് പേടിച്ചു
മുഖംതിരിച്ചിരിക്കുന്ന കുട്ടിക്കുരങ്ങനെ കണ്ട് ആർത്ത് ചിരിക്കുന്ന
കുട്ടികൾ.അവസാനം അവരുടെ നേരെ -പ്രേക്ഷകരായ നമുക്കു നേരെയും നാക്കു നീട്ടി
ഗോഷ്ടികാണിക്കുന്ന കുട്ടിക്കുരങ്ങിൽ ‘മ്ര്യുഗശാല ‘അവസാനിക്കുന്നു.
ആംസ്റ്റെർഡാമിലെ
ആർട്സ് മ്ര്യുഗശാലയിൽ വച്ച് ഒളിക്യാമറകൾ ഉപയോഗിച്ച് വളരെ കഷ്ടപ്പെട്ടാണ്
ഹാൻസ്ട്ര ഈ സിനിമ ചിത്രീകരിച്ചത്.പത്തുമിനിട്ടിനടുത്ത് മാത്രം ദൈർഘ്യമുള്ള
ഈ സിനിമക്ക് വേണ്ടി ഒരു ലക്ഷത്തിൽ പരം അടി ഫിലിം റോൾ
ഷൂട്ട്ചെയ്യേണ്ടിവന്നു.വലിയ ഷോപ്പിങ്ങ് ബാഗുകളിലും , കുറ്റിക്കാടുകളിലും,
ഉള്ളുകാണാത്ത ഗ്ലാസ്സ് കാബിനുകളിലുമൊക്കെ ക്യാമറയും അനുബന്ധസാമഗ്രികളും
ഒളിച്ച് വച്ചാണ് സന്ദർശകരുടെ സ്വാഭാവിക ചേഷ്ടകളും ഭാവങ്ങളും ഹാൻസ്ട്ര
ചിത്രീകരിച്ചത്,.ക്യാമറയുടെ സാന്നിദ്ധ്യം അറിയുന്നത് മനുഷ്യരുടെ സ്വാഭാവിക
പെരുമാറ്റത്തിൽ മാറ്റമുണ്ടാക്കുമെന്ന് ഹാൻസ്ട്ര മനസ്സിലാക്കിയിരുന്നു. പല
സമയത്തും സ്ഥലത്തുമായി ചിത്രീകരിച്ച് ഷോട്ടുകളെ വളരെ തന്മയത്വത്തോടെ
വിളക്കിചേർത്ത് തുടർച്ചയായുള്ള സംഭവപ്രതീതി അനുഭവിപ്പിക്കുന്നുണ്ട്,
1962ലെ
സാൻഫ്രാൻസിസ്കൊ മേളയിലും, വിയന്ന മേളയിലും, ഈ സിനിമ പുരസ്കാരങ്ങൾ നേടി,
ബെർളിൻ ഫിലിം ഫെസ്റ്റിവലിൽ- ഫിപ്രസി അവാർഡും യൂത്ത് ഫിലിം അവാർഡും നേടിയ
ZOO സിനിമ എന്ന മാധ്യമത്തിൽ ദ്ര്യുശ്യങ്ങളിലൂടെ ആശയങ്ങൾ എങ്ങനെ സാർഥകമായി
പ്രകടിപ്പിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഇപ്പഴും നിലനിൽക്കുന്നു.