ഡര്ബന്ആര്യന് റോബനില്ലാത്ത ഹോളണ്ടിന്‍റെ കരുത്ത് കണ്ടറിഞ്ഞതാണ് ഒന്നാം
റൗണ്ട്. രണ്ടാം റൗണ്ടില്‍ ഇതാ റോബനുള്ള ഹോളണ്ട് ഇരട്ടി കരുത്തുമായി
കുതിക്കുന്നു. കറുത്ത കുതിരകളാകാനെത്തിയ സ്ലൊവാക്യയെ പിടിച്ചു കെട്ടിയ
ഓറഞ്ചു പട ക്വാര്‍ട്ടറിലേക്കു കുതിച്ചു. അട്ടിമറി ലക്ഷ്യമിട്ടിറങ്ങിയ
സ്ലൊവാക്യയ്ക്കെതിരെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണു യൂറോപ്യന്‍
ജയന്‍റ്സിന്‍റെ ജയം.
ആര്യന്‍ റോബനും വെസ്ലി സ്നൈഡറുമാണ് സ്ലൊവാക്യന്‍ വലകുലുക്കിയത്.
റോബര്‍ട്ട് വിറ്റെക്ക് പെനല്‍റ്റിയിലൂടെ സ്ലൊവാക്യയ്ക്ക് ആശ്വാസം നല്‍കി.
ആര്യന്‍ റോബന്‍ കളംനിറഞ്ഞത് ഹോളണ്ടിന്‍റെ ജയത്തിന് ഇരട്ടി മധുരം നല്‍കി.
ഡിര്‍ക്ക് ക്യുയിറ്റും സ്നൈഡറുമൊക്കെ കാട്ടിയ ഒത്തിണക്കവും
ക്വാര്‍ട്ടറിലെ എതിരാളികള്‍ക്ക് മുന്നറിയിപ്പ്. സ്ട്രൈക്കര്‍ റോബര്‍ട്ട്
വിറ്റെക്കിനു ടച്ച് നഷ്ടപ്പെട്ടതു സ്ലൊവാക്യന്‍ നീക്കങ്ങളുടെ
മുനയൊടിച്ചു.
നിലവിലെ ചാംപ്യന്‍മാരായ ഇറ്റലിയെ അട്ടിമറിച്ചെത്തിയ സ്ലൊവാക്യ
ഹോളണ്ടിനെതിരേ മികച്ച തുടക്കം കുറിക്കുക തന്നെ ചെയ്തു. ഡച്ച്
മിഡ്ഫീല്‍ഡിനെ ഏറെക്കുറെ പിടിച്ചു നിര്‍ത്തിയ അവര്‍ എതിര്‍ഗോളിയെ ചില
ലോങ് റേഞ്ചുകളിലൂടെ പരീക്ഷിക്കുകയും ചെയ്തു. മൂന്നാം മിനിറ്റില്‍
ജെന്‍ഡ്രിസെക്കിന്‍റെ തകര്‍പ്പനൊരടി അതിലൊരണ്ണം. റോബന്‍റെ പാസില്‍
സ്നൈഡറുടെ ഷോട്ട് ആദ്യ നിമിഷങ്ങളില്‍ ഹോളണ്ടിന്‍റെ വിഫല
ശ്രമങ്ങളിലൊന്നായി. വാന്‍ ബൊമ്മലിന്‍റെ പാസില്‍ നിന്ന് ക്യുയിറ്റ്
നല്‍കിയ എണ്ണംപറഞ്ഞ ക്രോസില്‍ വാന്‍ പെഴ്സിയുടെ ഹെഡ്ഡറും
ലക്ഷ്യത്തിലെത്തിയില്ല. രണ്ടു ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് വാന്‍ പെഴ്സി
നല്‍കിയപന്തിനെ സ്നൈഡര്‍ സ്ലൊവാക്യന്‍ ഗോളിയുടെ കൈയിലേക്കടിച്ചു.
സ്ലൊവാക്യന്‍ പ്രതിബന്ധങ്ങളെ മറികടന്ന ഹോളണ്ട് 18ാം മിനിറ്റിലാണു
മുന്നിലെത്തുന്നത്. സ്വന്തം പകുതിയില്‍നിന്ന് സ്നൈഡര്‍ നല്‍കിയ ലോങ് പാസ്
ആര്യന്‍ റോബന്‍ ഡിഫന്‍ഡര്‍മാരെ വെട്ടിച്ചു നിലംപറ്റെയുള്ള ഷോട്ടിലൂടെ
സ്ലൊവാക്യന്‍ വലയിലെത്തിക്കുകയായിരുന്നു (1-0). ഗോള്‍ വീണതിനു പിന്നാലെ
കളിയുടെ നിയന്ത്രണം ഹോളണ്ട് കൈവശപ്പെടുത്തി. എന്നാല്‍, ലീഡ്
വര്‍ധിപ്പിക്കാന്‍ തക്കമൂര്‍ച്ചയേറിയ ആക്രണങ്ങളുണ്ടായി ല്ല. തിരിച്ചടിച്ച
സ്ലൊവാക്യ ചിലപ്പോഴൊക്കെ ഡച്ച് പാളയത്തില്‍
അപകടഭീഷണിയുയര്‍ത്തിയെങ്കിലും സമനില ഗോളും വന്നില്ല.
രണ്ടാംപകുതിയിലും ഡച്ച് ആധിപത്യം തുടര്‍ന്നു. റോബനും സ്നൈഡറും
ക്യുയിറ്റുമൊക്കെ മികച്ച നീക്കങ്ങളിലൂടെ സ്ലൊവാക്യയെ
സമ്മര്‍ദത്തിലാക്കി. എന്നാല്‍, സ്ലൊവാക്യന്‍ ഗോളി യാന്‍ മുച്ച
അചഞ്ചലനായി നിലകൊണ്ടു. 50ാം മിനിറ്റില്‍ വലതു വിങ്ങിലൂടെ കുതിച്ചുവന്ന
റോബന്‍ ബോക്സിനകത്തുകയറി തൊടുത്ത തകര്‍പ്പന്‍ ഷോട്ട് മുച്ച
വിഫലമാക്കിയതിനു ഗ്യാലറി ശ്വാസമടക്കിപ്പിടിച്ചു സാക്ഷ്യം വഹിച്ചു.
റോബന്‍റെ പാസില്‍ സ്നൈഡറുടെ ഷോട്ട് പ്രതിരോധത്തില്‍
തട്ടിത്തെറിച്ചപ്പോള്‍ മറ്റൊരു ഡച്ച് നീക്കം കൂടി നിഷ്ഫലം. പിന്നാലെ
സ്ലൊവാക്യ ഹോളണ്ടിനെ ഒന്നു വിറപ്പിച്ചു. മരെക് ഹംസിക്കിന്‍റ പാസ് വാങ്ങി
പ്രതിരോധത്തെ വകഞ്ഞ് സ്റ്റോച്ചിന്‍റെ ഷോട്ട് ഗോളി മാര്‍ക്ക്
സ്റ്റെക്കലെന്‍ബര്‍ഗിനെ അതിജീവിച്ചില്ല. നിമിഷങ്ങള്‍ക്കകം വിറ്റെക്കിന്‍റെ
ഉശിരന്‍ ഷോട്ടും സ്റ്റെക്കലെന്‍ബര്‍ഗ് സേവ് ചെയ്തു. 84ാം മിനിറ്റില്‍
സ്ലൊവാക്യന്‍ പ്രതിരോധപ്പിഴവ് മുതലെടത്ത് ഹോളണ്ട് ലീഡ് വര്‍ധിപ്പിച്ചു.
ഗോളി സ്ഥാനം തെറ്റി നില്‍ക്കെ ഇടതു വിങ്ങില്‍ നിന്നു ക്യുയിറ്റിന്‍റെ
അളന്നുമുറിച്ച പാസ് സ്നൈഡര്‍ അനായാസം വലയിലേക്കു തൊടുത്തു (2-0).
രണ്ടാം ഗോളിനു ശേഷം വാന്‍ പെഴ്സിയെയും റോബനെയും പിന്‍വലിച്ചാണു ഹോളണ്ട്
കളി തുടര്‍ന്നത്. ഇഞ്ചുറി ടൈമില്‍ വിറ്റെക്കിന്‍റെ പെനല്‍റ്റി ഗോളോടെ
ഫൈനല്‍ വിസില്‍ മുഴങ്ങി; ഡച്ച് പാളയത്തില്‍ വിജയാ രവവും.