വി.കെ. സഞ്ജുഒരാള് ക്ലബ് ഫുട്ബോള്‍ സീസണിലെ 34 ഗോളിന്‍റെ കരുത്തുമായി ലോകകപ്പ്
വേദിയിലേക്ക് ഓടിക്കയറിയ ഇരുപത്തിനാലുകാരന്‍. അപരന്‍ ഗോള്‍
ദാരിദ്ര്യത്തിന്‍റെ വിവശതകളുമായി മൈതാനമധ്യത്തേക്കു നടന്നു കയറിയ
മുപ്പത്തിരണ്ടുകാരന്‍. ആദ്യത്തെയാള്‍ വെയ്ന്‍ റൂണി, ബുള്‍ഡോസര്‍ പോലെ
എതിര്‍ ഗോള്‍മുഖങ്ങളെ ഉഴുതുമറിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ച
പവര്‍ഫുള്‍ സ്ട്രൈക്കര്‍, ആരാധക പ്രതീക്ഷകളുടെ അഭിമാനംകൊണ്ടു
നെഞ്ചുവിരിച്ചവന്‍. രണ്ടാമന്‍ മിറൊസ്ലാവ് ക്ലോസെ, ഇയാളെ എന്തിനു
ടീമിലെടുത്തു എന്ന് പഴയ ആരാധകരെക്കൊണ്ടു പോലും ചോദിപ്പിച്ചവന്‍,
അപമാനഭാരത്താല്‍ തല കുനിച്ചു പോയവന്‍.
ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പിനു പന്തുരുണ്ടു തുടങ്ങിയിട്ട് ആഴ്ച രണ്ടു
പിന്നിട്ടു, ഇംഗ്ലണ്ടും ജര്‍മനിയും ലോകകപ്പില്‍ രണ്ടു റൗണ്ട്
പൂര്‍ത്തിയാക്കി, ഇനി ശേഷിക്കുന്നതു ക്ലോസെ മാത്രം, റൂണിയില്ല.
പോളണ്ടിന്‍റെ രക്തമാണു സിരകളിലോടുന്നതെങ്കിലും ജര്‍മനിയുടെ സ്വഭാവമാണു
ക്ലോസെയ്ക്ക്- വലിയ വേദികളില്‍ അതിനൊത്ത നിലവാരം കാക്കും. റൂണിയും
വ്യത്യസ്തനല്ല, ലോകത്തേറ്റവും സുസംഘടിതമായ ക്ലബ് ഫുട്ബോള്‍ സ്ട്രക്ചര്‍
നിലവിലുള്ള രാജ്യത്തിനു ലോകകിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായത് ഒരേയൊരു
തവണ മാത്രം. ക്ലബ് വേറേ, രാജ്യം വേറെ- ഇംഗ്ലണ്ടിനുമതെ, റൂണിക്കുമതെ.
ജോണ്‍ ടെറിയുടെയും ഫ്രാങ്ക് ലംപാര്‍ഡിന്‍റെയും സ്റ്റീവന്‍
ജെറാര്‍ഡിന്‍റെയും പിന്‍ബലവുമായി വന്ന വെയ്ന്‍ റൂണി ഈ ലോകകപ്പിന്‍റെ
താരമാകുമെന്നു പ്രതീക്ഷിക്കപ്പെട്ടവനാണ്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും
ലയണല്‍ മെസിയും ഫെര്‍ണാന്‍ഡൊ ടോറസും കാകയും പോലുള്ള
താരസാന്നിധ്യങ്ങള്‍ക്കു തന്‍റെ സൂര്യശോഭയില്‍ ഒളിമങ്ങുമെന്നു റൂണി
പ്രഖ്യാപിച്ചപ്പോള്‍ എതിര്‍ക്കാന്‍ ധൈര്യപ്പെട്ടില്ല;
ആത്മവിശ്വാസമെന്നല്ലാതെ അഹങ്കാരമെന്നു വിശേഷിപ്പിച്ചില്ല; ക്ലബ്
സര്‍ക്യൂട്ടിലെ മിന്നും പ്രകടനങ്ങള്‍ക്കു മീതെ അന്താരാഷ്ട്ര ഗോളുകളുടെ
കമ്മി പെരുപ്പിച്ചു കാട്ടാന്‍ സാഹസപ്പെട്ടതുമില്ല, ആരും.
ഒരുപക്ഷേ, പ്രായത്തിന്‍റെ കരുത്തില്ലാത്ത റൂണിയുടെ ചുമലുകള്‍ക്കു
താങ്ങാനാവുന്നതിലേറെയായിരുന്നിരിക്കാം പ്രതീക്ഷകളുടെ അമിതഭാരം. ഇംഗ്ലണ്ട്
സമനില വഴങ്ങിയ രണ്ടു മത്സരങ്ങളിലും, സ്ലൊവേന്യയെ കഷ്ടപ്പെട്ടു മറികടന്ന
അവസാന മത്സരത്തിലും റൂണിയുടെ പേരു തന്നെയായിരുന്നു കമന്‍റേറ്റര്‍മാരുടെ
ചുണ്ടുകളിലും ഇംഗ്ലിഷ് ആരാധകരുടെ ഹൃദയങ്ങളിലും. ഒടുവില്‍,
ജര്‍മനിക്കെതിരേയെങ്കിലും റൂണിയുടെ വിശ്വരൂപം കാണാമെന്നു ശത്രുക്കള്‍
പോലും കരുതി. ഒന്നും സംഭവിച്ചില്ല. ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങളിലും
ലക്ഷ്യം തെറ്റിയ ചില നിറയൊഴിക്കലുകളിലും പെനല്‍റ്റി ബോക്സിനു മുന്നിലെ
ചില മിസ് പാസുകളിലുമൊതുങ്ങിപ്പോയി ഇംഗ്ലിഷ് ജയന്‍റിന്‍റെ പ്രകടന
റിപ്പോര്‍ട്ട്. കഴിഞ്ഞ ഒമ്പത് അന്താരാഷ്ട്ര മത്സരങ്ങളിലൊരിക്കലും വല
കുലുക്കാത്ത റൂണിയുടെ ബൂട്ടുകളാണോ, 49 അന്താരാഷ്ട്ര ഗോളെന്ന ബോബി
ചാള്‍ട്ടന്‍റെ ഇംഗ്ലിഷ് റെക്കോഡ് ഭേദിക്കാന്‍ പോകുന്നത്!
64 കളിയില്‍ 25 ഗോള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട് റൂണി, പ്രായവും
അനുകൂലം. കണക്കുപുസ്തകങ്ങളില്‍ പേരു ചേര്‍ക്കാന്‍ സാവകാശമേറെ. പക്ഷേ, ഈ
ലോകകപ്പ് അവശേഷിപ്പിക്കുന്ന ദുരന്ത ചിത്രങ്ങളിലൊന്ന്, ജഴ്സി അഴിച്ച്
അരയില്‍ കെട്ടി നിരാശയുടെ ആള്‍രൂപമായി നടന്നു നീങ്ങുന്ന
റൂണിയുടേതായിരിക്കും. അതിനു പഴി കേള്‍ക്കുന്നത് ഇംഗ്ലണ്ടിന്‍റെ
ഇറ്റാലിയന്‍ പരിശീലകന്‍ ഫാബിയോ കപ്പെല്ലോയാണ്. പല കളിക്കാരെയും
അവര്‍ക്കു താത്പര്യമില്ലാത്ത പൊസിഷനുകളില്‍ കളിപ്പിച്ചതിനാല്‍
റൂണിക്കുള്ള ബോള്‍ സപ്ലൈ വരണ്ടു പോയത്രെ. പക്ഷേ, ഇതേ ഫോര്‍മേഷനില്‍
കളിച്ച ടീം യോഗ്യതാ റൗണ്ടിലെ പത്തില്‍ ഒമ്പതു കളിയും ജയിച്ചത് 34 ഗോള്‍
അടിച്ചുകൂട്ടിക്കൊണ്ടാണ്, ആറു ഗോള്‍ മാത്രം വഴങ്ങിക്കൊണ്ടാണ്.
അന്നൊക്കെ എവിടെയായിരുന്നു ഈ വിമര്‍ശകരെന്നു തിരിച്ചു ചോദിക്കുന്നു
കപ്പെല്ലോ.
അതേസമയം, ജോക്വിം ലോയുടെ അവസ്ഥ നേരേ തിരിച്ചാണ്, തത്കാലത്തേക്കെങ്കിലും.
ഔട്ട് ഒഫ് ഫോമായിരുന്ന മിറൊസ്ലാവ് ക്ലോസെയെ ടീമിലെടുക്കുക മാത്രമല്ല,
ഏക സ്ട്രൈക്കറാക്കുക കൂടി ചെയ്ത ജര്‍മന്‍ കോച്ചിന്‍റെ തീരുമാനം
മാസ്റ്റര്‍ സ്ട്രോക്ക് എന്നാണിപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്.
ക്ലോസെയുടെ കരിയറിലെ ഏറ്റവും ദയനീയ സീസണാണു കടന്നു പോയത്. ബയേണ്‍
മ്യൂണിച്ചിനു വേണ്ടി സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞത് വെറും മൂന്നു ഗോള്‍.
പക്ഷേ, കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരേ കളിച്ചപ്പോള്‍ തന്‍റെ അന്താരാഷ്ട്ര
ഗോളുകളുടെ എണ്ണത്തില്‍ അര്‍ധ സെഞ്ചുറി തികച്ചു ക്ലോസെ. രാജ്യത്തിനു
വേണ്ടി 99ാം മത്സരം കൂടിയായിരുന്നു അത്. നേടിയത് പന്ത്രണ്ടാം ലോകകപ്പ്
ഗോളും. റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്താന്‍ ഇനി വേണ്ടത് മൂന്നേ
മൂന്നു ഷോട്ടുകള്‍ കൂടി.
പക്ഷേ, ആരോടും ഒന്നും ബോധിപ്പിക്കാനില്ലായിരുന്നു എന്നാണു ക്ലോസെയുടെ
പ്രതികരണം. ചിലതു സ്വയം തെളിയിക്കാനുണ്ടായിരുന്നു, അത്രമാത്രം. ചുവപ്പു
കാര്‍ഡ് കണ്ട് ഘാനയ്ക്കെതിരായ മത്സരത്തില്‍ കളിക്കാനാകാതിരുന്നപ്പോള്‍,
ക്ലോസെയ്ക്കു പ്രായം കടന്നുപോയെന്ന വര്‍ത്തമാനം
പിന്നെയുമുയുര്‍ന്നിരുന്നു അങ്ങു ജര്‍മനിയില്‍. പക്ഷേ, അതിനും ആയുസ് ഏറെ
നീളാന്‍ അനുവദിച്ചില്ല ക്ലോസെ.
മത്സരങ്ങളുടെ എണ്ണത്തില്‍ ക്ലോസെ നൂറു തികയ്ക്കുക ക്വാര്‍ട്ടര്‍ ഫൈനലില്‍
അര്‍ജന്‍റീനയ്ക്കെതിരേ ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ഇംഗ്ലണ്ടിനെതിരേ പുറത്തെടുത്ത പ്രകടനം ആവര്‍ത്തിച്ചാല്‍ ഈ ലോകകപ്പില്‍
തന്നെ അതിലേറെ സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ക്ലോസെ,
റൊണാള്‍ഡോയുടെ റെക്കോഡിനെ നിഷ്പ്രഭമാക്കുന്നതിനെക്കുറിച്ച് അഹങ്കാരം
പറഞ്ഞു തുടങ്ങിയിട്ടുമില്ല