ദക്ഷിണാഫ്രിക്കയിലെ
ബ്ലൊം ഫൊന്‍റൈനിലെ ഫ്രീ സ്റ്റേറ്റ് സ്റ്റേഡിയത്തിന്‍റെ ഗ്രൗണ്ടില്‍
ഇംഗ്ലിഷ് സ്വപ്നങ്ങള്‍ തകരുമ്പോള്‍ ഗാലറിയില്‍ പ്രിയതമകളുടെയും
പ്രണയിനികളുടെയും കണ്ണീര്‍ വീഴുകയായിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് ഏതു
ടീമും അതു ഫുട്ബോളായാലും ക്രിക്കറ്റായാലും രാജ്യത്തിന്‍റെ അതിര്‍ത്തി
വിട്ടു കളിക്കാന്‍ പോയാല്‍ ഡബ്ല്യൂഎജി എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന
ഈ വൈവ്സ് ആന്‍ഡ് ഗേള്‍ ഫ്രണ്ട്സും ഒപ്പമുണ്ടാവും. ടീം താമസിക്കുന്ന
ഹോട്ടലിന്‍റെ അടുത്തുള്ള ഏതെങ്കിലും ഹോട്ടലില്‍ അവര്‍
കുഞ്ഞുകുട്ടികളുമായി വന്നു താമസിക്കും. ഇത്തവണ ലോകകപ്പിനുള്ള ടീം
ദക്ഷിണാഫ്രിക്കയിലേക്കു പോകുന്നതിനു മുമ്പ് കോച്ച് കപ്പെല്ലോ
ചോദിച്ചതാണ് ഇത്തവണ ഇതു വേണോ എന്ന്. എന്നാല്‍ ഭൈമീ സമേതരായേ ഇംഗ്ലിഷ്
ടീമംഗങ്ങള്‍ കളിക്കാന്‍ പോകൂ എന്നത് ഒരു പരമ്പരാഗത അനുഷ്ഠാന കല
പോലെയാണെന്ന രീതിയിലായിരുന്നു ഇംഗ്ലിഷ് ഫുട്ബോള്‍ അസോസിയേഷന്‍റെ
നിലപാട്.
എന്തായാലും കഴിഞ്ഞ ദിവസം ജര്‍മനിക്കെതിരായ ക്ലാസിക് കളി കാണാന്‍
മിക്കവാറും താരങ്ങളുടെ ഭാര്യമാരും കാമുകിമാരും ഗാലറിയില്‍ അണിനിരന്നു. കളി
തുടങ്ങുന്നതു വരെ ആരാധകര്‍ക്കൊപ്പം ചിത്രങ്ങളെടുത്തും ക്യാമറാമാന്മാര്‍
അടുത്തു വരുമ്പോള്‍ കുഞ്ഞുങ്ങളെ കൊഞ്ചിച്ചും...കാര്യങ്ങള്‍ സുഗമം.
ഇംഗ്ലണ്ടിന്‍റെ പ്ലേമേക്കര്‍ ഫ്രാങ്ക് ലാംപാര്‍ഡിന്‍റെ കാമുകി ടിവി അവതാരക
കൂടിയായ ക്രിസ്റ്റീന്‍ ബ്ലെക്ക്ലി, ഡിഫന്‍റര്‍ ജോണ്‍ ടെറിയുടെ ഭാര്യ
ടോണി...സെലിബ്രിറ്റി കാണികളുടെ ലിസ്റ്റു നീളും. ഇംഗ്ലണ്ട് രണ്ടു
ഗോളുകള്‍ക്കു പിന്നില്‍. മാത്യു അപ്സണ്‍ ഒരു ഗോള്‍ മടക്കിയപ്പോഴാണ്
ഇംഗ്ലിഷ് ആരാധകക്കൂട്ടം ഉണര്‍ന്നത്. അവര്‍ക്കൊപ്പം ആവേശത്തിന്‍റെ
അലമാലകളിലേക്കുയര്‍ന്ന എല്ലി ഡാര്‍ബി,അപ്സണിന്‍റെ പ്രണയിനി ഗാലറിയില്‍
ഇളകി മറിഞ്ഞു. ടെറിയുടെ ഭാര്യ ടോണിയും മകള്‍ സമ്മറും ആഘോഷങ്ങളില്‍
ആറാടി. എന്നാല്‍ എല്ലാറ്റിനും അധികം ആയുസുണ്ടായിരുന്നില്ല. കാമുകന്‍റെ
ഗോള്‍ ഉറുഗ്വെ റഫറി നിഷേധിച്ചപ്പോള്‍ ക്രിസ്റ്റീന്‍ അലറിക്കരഞ്ഞു.
രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി അടിച്ച് ജര്‍മനി
മുന്നേറിയപ്പോള്‍ വിശ്വസിക്കാനാവാതെ എല്ലി ഡാര്‍ബി മുഖം പൊത്തി നിന്നു.
ഗ്ലെന്‍ ജോണ്‍സന്‍റെ ഭാര്യ ലോറയുടെ മുഖത്ത് നിസംഗത, നിരാശപ്പെടാന്‍
പോലും പറ്റാത്ത വിധത്തില്‍.
കപ്പെല്ലോയുടെ കര്‍ശന നിര്‍ദേശം മറി കടന്നാണ് ഇംഗ്ലിഷ് ടീമംഗങ്ങളുടെ
പ്രണയിനികള്‍ ദക്ഷിണാഫ്രിക്കയിലെത്തിയത്. ഇതിനെക്കുറിച്ചു
ചോദിച്ചപ്പോള്‍ സ്പോര്‍ട്സ് അവതാരിക കൂടിയായ ക്രിസ്റ്റീന്‍ പറഞ്ഞത്,
എനിക്ക് ഫ്രാങ്കിനെ വല്ലാതെ മിസ് ചെയ്യുന്നു എന്നാണ്. എന്നിട്ടെന്തായി
നിര്‍ണായക കളിയില്‍ ഫ്രാങ്ക് ലാംപാര്‍ഡിന് ഗോളും മിസായി.
പോരണ്ടാ...പോരണ്ടാന്ന് അപ്പോഴേ പറഞ്ഞതാണ് കോച്ച് കപ്പെല്ലോ. അതു
കേട്ടാല്‍ മതിയായിരുന്നു. വീട്ടിലിരുന്നു കളി കണ്ടാല്‍ മതിയായിരുന്നു
എന്നു തോന്നുന്നുണ്ടാവും വൈവ്സ് ആന്‍ഡ് ഗേള്‍ ഫ്രണ്ട്സിന്.