ജൊഹന്നാസ് ബര്ഗ്കഴിഞ്ഞതൊരു യുദ്ധമായിരുന്നു. കരുത്തും തന്ത്രങ്ങളുമായി ഘാനയും ഉറുഗ്വയും
കയ്യും മെയ്യും മറന്നു പോരാടിയപ്പോള്‍ സംഭവബഹുലമായ നിമിഷങ്ങളാണു
ജൊഹന്നാസ് ബര്‍ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയം കണ്‍നിറയെ കണ്ടത്. ആദ്യ
പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് അപ്രതീക്ഷിതമായി ഘാനയുടെ സുള്ളി
മൊണ്ടാരി തൊടുത്തുവിട്ട നീണ്ട ഷോട്ട് ഉറുഗ്വന്‍ ഗോളി ഫെര്‍ണാണ്ടോ
മസ്ലേരയുടെ കണ്ണഞ്ചിപ്പിച്ചാണു വല ചലിപ്പിച്ചത്.
രണ്ടാം പകുതിയിലും ഘാനയുടെ മുന്നേറ്റമാണു കണ്ടത്. എന്നാല്‍ സൂപ്പര്‍താരം
ഫോര്‍ലന്‍ അമ്പത്തിയഞ്ചാം മിനിറ്റില്‍ മാരിവില്‍ കണക്കേയെടുത്ത ഫ്രീ
കിക്ക് ഉറുഗ്വയുടെ തിരിച്ചുവരവായി. പിന്നീടു മനോഹരമായ പാസുകളിലൂടെയും
ലോങ് ഷോട്ടുകളിലൂടെയും ഇരു ടീമുകളും സുന്ദരാനുഭവങ്ങളാണു പകര്‍ന്നത്.
എങ്കിലും ഘാനയുടെ മേല്‍ക്കൈ മൈതാനത്തു പരക്കെ ഉണ്ടായിരുന്നു. ആഫ്രിക്കന്‍
കാട്ടാനക്കൂട്ടത്തിന്‍റെ കരുത്തുണ്ടായിരുന്നു കുതറി പാഞ്ഞടുക്കുന്ന ഘാനന്‍
പോരാളികള്‍ക്ക്. ഏതു നിമിഷവും ഗോള്‍ വീഴുമെന്ന അവസ്ഥ. ആ കരുത്തിനെ
തന്ത്രത്തിലൂടെയും പ്രത്യാക്രമണത്തിലൂടെയും തടയാന്‍ ഉറുഗ്വന്‍
പ്രതിരോധത്തിനു കഴിഞ്ഞു.
എക്സ്ട്രാ ടൈമിലേക്കു നീങ്ങിയ കളിയുടെ അവസാന നിമിഷത്തില്‍
ഗോളെന്നുറപ്പിച്ച നീക്കത്തെ കൈകൊണ്ടു തട്ടിമാറ്റിയ ഉറുഗ്വന്‍ താരം ലൂയി
സോറസ് ചുവപ്പുകാര്‍ഡു കണ്ടപ്പോള്‍ ഘാന ഉറപ്പിച്ചു വിജയം തങ്ങള്‍ക്കു
തന്നെയെന്ന്. പെനാല്‍റ്റി ഉറപ്പിച്ച ഘാന, ഷോട്ടെടുക്കാന്‍ അസമാവോ
ഗ്യാനെയല്ലാതെ മറ്റാരെ നിയോഗിക്കാന്‍. ഒരു രാജ്യത്തിന്‍റെ അല്ല, ഒരു
ഭൂഖണ്ഡത്തിന്‍റെ വീരനായകനായി മാറിയ ഗ്യാനു നൂലിട തെറ്റി. ക്രോസ് ബാറില്‍
തട്ടി ആ പെനാല്‍റ്റി ദുരന്തമായപ്പോള്‍ ഘാനയുടെ വിധി എഴുതപ്പെട്ടു
കഴിഞ്ഞിരുന്നു. ഘാനന്‍ ജേഴ്സിയില്‍ കടിച്ചുപിടിച്ചു ഗ്യാന്‍ സമനില
തെറ്റിയവനെപ്പോലെ പകച്ചുനിന്നപ്പോള്‍ കൂട്ടുകാര്‍ക്കു സമാധാനിപ്പിക്കുക
മാത്രമെ വഴിയുണ്ടായുള്ളൂ.
എക്സ്ട്രാ ടൈമിലും സമനില തുടര്‍ന്നപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു
കളി നീങ്ങി. ഘാനയ്ക്കു വേണ്ടി ആദ്യ കിക്കെടുത്തത് ഗ്യാന്‍ തന്നെ. ഇത്രയും
സമ്മര്‍ദത്തിനു മുന്നിലും ഗ്യാന്‍ തന്‍റെ ദൗത്യം പൂര്‍ത്തീകരിച്ചു. പക്ഷെ
പിന്നീടു കണ്ടത് ഉറുഗ്വന്‍ ഗോളി ഫെര്‍ണാണ്ടോ മസ് ലേരയുടെ
മനക്കരുത്തായിരുന്നു. രണ്ടു ഷോട്ടുകള്‍ തടുത്തിട്ട് ഫെര്‍ണാണ്ടോ
ഉറുഗ്വയ്ക്ക് വിജയം സമ്മാനിച്ചു. മുന്‍ ലോക ചാംപ്യന്മാര്‍ സെമിയിലെത്തി.
കളിക്കളത്തില്‍ കണ്ണുനീര്‍ വീഴ്ത്തി ഘാനന്‍ പോരാളികള്‍ മടങ്ങി. എങ്കിലും
ഈ ലോകകപ്പിലെ ഏറ്റവും ആവേശഭരിതമായ മത്സരം നല്‍കിയെന്ന ആശ്വസം
അവര്‍ക്കെന്നുമുണ്ടാകും.