പോര്‍ട്ട് എലിസബത്ത്ബ്രസീലിന്റെ കളി കാശിനു കൊള്ളില്ലെന്നു ഡച്ച് ഫുട്ബോള്‍ ഇതിഹാസം
യൊഹാന്‍ ക്രൈഫ് കഴിഞ്ഞ ദിവസം പറഞ്ഞതേയുള്ളൂ. പിന്‍ഗാമികള്‍ ഇന്നലെ അതു
കളിക്കളത്തില്‍ തെളിയിച്ചു കൊടുത്തു. വിശ്വസിച്ചേ മതിയാകൂ, ഈ
ലോകകപ്പില്‍ ഇനി ബ്രസീല്‍ ഇല്ല. ഫുട്ബോള്‍ ലോകം കണ്ണിമ ചിമ്മാതെ കണ്ട
ക്ലാസിക് പോരാട്ടത്തില്‍ മുന്‍ ലോകചാംപ്യന്‍മാരെ ഒന്നിനെതിരേ
രണ്ടുഗോളുകള്‍ക്കു മറിച്ചിട്ട് സെമി ഫൈനലിലേക്കു മുന്നേറിയതു ഹോളണ്ട്.
1994ഉം 98 ഉം ബ്രസീലിനോടേറ്റ പരാജയങ്ങള്‍ക്കുള്ള മധുര പ്രതികാരം കൂടിയായി
ഹോളണ്ടിന്‍റെ ജയം. 98നുശേഷം ഇതാദ്യമായാണവര്‍ അവസാന നാലിലെത്തുന്നതും.
ബ്രസീലിന് എല്ലാം പിഴച്ച ദിവസമായിരുന്നു ഇന്നലെ; ഓറഞ്ചുപട എന്നത്തെയും
പോലെ കളിച്ചു. വിഖ്യാതമായ മഞ്ഞക്കുപ്പായത്തിനു പകരം നീലപ്പടയായി ഇറങ്ങിയ
ദുംഗയുടെ ബോയ്സിനു നിറംമാത്രമല്ല നഷ്ടമായത് കളികൂടിയായിരുന്നു.
റൊബീഞ്ഞോയുടെ ഗോളിലൂടെ തുടക്കത്തില്‍ത്തന്നെ മുന്നില്‍ക്കടന്നപ്പോള്‍
ബ്രസീലിയന്‍ വാഴ്ചയാണു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ രണ്ടാംപകുതിയില്‍
ശക്തമായി തിരിച്ചടിച്ച ഹോളണ്ട് വിജയം പിടിച്ചെടുത്തു. ഭാവനാശൂന്യമായ
കളികെട്ടഴിച്ച ബ്രസീല്‍ തോല്‍വി ഇരന്നുവാങ്ങി.
ഹോളണ്ടിന്‍റെ സമനില സമ്മാനിച്ച സെല്‍ഫ് ഗോളിലൂടെയും പിന്നെ
ചുവപ്പുകാര്‍ഡിലൂടെയും ഫിലിപ്പെ മെലോ ദുരന്തനായകനായി. വെസ്ലി സ്നൈഡര്‍
ഹോളണ്ടിന്‍റെ വിജയഗോളിനുടമ. ആര്യന്‍ റോബനെ പൂര്‍ണമായി തളയ്ക്കുന്നതില്‍
ബ്രസീല്‍ പരാജയപ്പെട്ടതു മത്സരത്തില്‍ നിര്‍ണായകമായി. ആദ്യ പകുതിയിള്‍
റോബന്‍റെ സോളോകളെ ലാറ്റിനമേരിക്കന്‍ പ്രതിരോധം വിഫലമാക്കിയെങ്കിലും ഈ
തന്ത്രം പൂര്‍ണമായി വിജയിച്ചില്ല. കാക ഒരിക്കലല്‍ക്കൂടി പരാജയമായതും
ലൂയിസ് ഫാബിയാനോ കൃത്യമായി മാര്‍ക്ക് ചെയ്യപ്പെട്ടതും ബ്രസീലിയന്‍
മുന്നേറ്റങ്ങളുടെ മുനയൊടിച്ചു.
ആരാധക ലക്ഷങ്ങള്‍ ആകാംക്ഷയോടെ വീക്ഷിച്ച ഹൈ വോള്‍ട്ടേജ് മാച്ചില്‍
ഹോളണ്ടിനായിരുന്നു മികച്ച തുടക്കം. രണ്ടാം മിനിറ്റില്‍ ഇടതു വിങ്ങുവഴി
കയറി വന്ന ഡിര്‍ക്ക് ക്യുയിറ്റിന്‍റെ ക്രോസ് റോബിന്‍ വാന്‍
പെഴ്സിയെത്തേടിയെത്തിയെങ്കിലും ഗോളായില്ല. കുറച്ചു സമയത്തേക്കു പന്ത്
ഓറഞ്ചു പടയുടെ വരുതിക്കു നിന്നു. ആറാം മിനിറ്റില്‍ റൊബിഞ്ഞോയും കാകയും
പന്തിനെ തഴുകിത്തലോടിയപ്പോള്‍ ഡച്ച് ഗോള്‍ മുഖം ആദ്യമായി വിറച്ചു.
പ്രതിരോധത്തില്‍തട്ടി ബ്രസീലിയന്‍ നീക്കം പിഴയ്ക്കുമ്പോള്‍ ഹോളണ്ടിന്
ആശ്വാസം. പിന്നാലെ റൊബിഞ്ഞോ ഡച്ച് വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി
ഓഫ്സൈഡ് വിളിച്ചു. പക്ഷേ, പത്താം മിനിറ്റില്‍ കാനറികള്‍ മുന്നിലെത്തുക
തന്നെ ചെയ്തു. മൈതാന മധ്യത്തു നിന്നു ഫിലിപ്പെ മെലോയുടെ ലോങ്പാസ്
സ്വീകരിച്ച റോബിഞ്ഞോ ഞൊടിയിടകൊണ്ടു പന്ത് വലയിലാക്കി (1-0).
ഗോള്‍ നേടിയശേഷം കളിയുടെ വേഗം കുറച്ച ബ്രസീല്‍ പ്രതിരോധത്തില്‍
ശ്രദ്ധയൂന്നി. ഹോളണ്ടിന്‍റെ മുന്നേറ്റങ്ങള്‍ക്കു ജൂലിയോ സീസറിനെ
പരീക്ഷിക്കാനുള്ള കരുത്തില്ലാതെയായപ്പോള്‍ കളി മൈതാനമധ്യത്തേക്കൊതുങ്ങി.
31ാം മിനിറ്റില്‍ ബ്രസീല്‍ ലീഡ് വര്‍ധിപ്പിച്ചേനെ. ബോക്സിനു പുറത്തു
നൃത്തച്ചുവടുവച്ച റൊബീഞ്ഞോ നല്‍കിയ പാസ് കാകയുടെ കാലില്‍ നിന്നു ഗോള്‍
പോസ്റ്റിലേക്കു പറന്നു. പക്ഷേ, വളഞ്ഞു താഴ്ന്ന പന്ത് മാര്‍ട്ടിന്‍
സ്റ്റെക്കലന്‍ങ് ബര്‍ഗ് എന്ന ഡച്ച് ഗോളിയുടെ അതുല്യ പ്രകടനത്തിനു
മുന്നില്‍ വെറും കോര്‍ണറായി. മൈക്കോണ്‍ ബ്രസീലിനുവേണ്ടി പതിവുപോലെ
അധ്വാനിച്ചെങ്കിലും ഫലമുണ്ടായില്ല.
രണ്ടാം പകുതിയല്‍ ഹോളണ്ടിന്‍റെ തിരിച്ചടി. ലക്ഷ്യബോധത്തോടെ ഓരോ
നീക്കവും നടത്തിയ അവര്‍ 53ാം മിനിറ്റില്‍ ഒപ്പമെത്തി; മെലോയുടെ സെല്‍ഫ്
ഗോളിലൂടെ. ആര്യന്‍ റോബനെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീ കിക്കില്‍ നിന്നു
സ്നൈഡര്‍ തൊടുത്ത ഷോട്ട് മെലോയുടെ തലയെ സ്പര്‍ശിച്ച് വലയിലേക്ക് (1-1).
അഡ്വാന്‍സ് ചെയ്ത ജൂലിയോ സീസറിനു പിഴച്ചു. ഗോള്‍ വഴങ്ങിയതോടെ സാംബാ
താളം പിഴച്ചു.
റോബനും സ്നൈഡറും ബ്രസീലിയന്‍ പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കി. ഫലം ഹോളണ്ടിനു ലീഡ്.
കോര്‍ണറിനു തലവെച്ച സ്നൈഡര്‍ തന്നെ ഇത്തവണയും ഹീറോ (2-1). ലീഡിനൊപ്പം
ബോള്‍ പൊസഷനും ഹോളണ്ട് പിടിച്ചെടുത്തപ്പോള്‍ ബ്രസീല്‍ കൂട്ടം തെറ്റിയ
കിളികളായി. നിര്‍ണായക സമയത്തു റോബനെ വീഴ്ത്തിയ ഫിലിപ്പെ മെലോ റെഡ്
കാര്‍ഡു പുറത്തായത് അവര്‍ക്കു മേല്‍ അവസാനത്തെ പ്രഹരം.
പത്തുപേരായി ചുരങ്ങിയതോടെ വിഭ്രമത്തിലായി ബ്രസീല്‍ സമ്പൂര്‍ണ
ആക്രമണത്തിനു മുതിര്‍ന്നപ്പോള്‍ രണ്ടു തുറന്ന അവസരങ്ങളും ഹോളണ്ടിനു വീണു
കിട്ടി. പക്ഷേ, മുതലാക്കാനായില്ല. അവസാന മിനിറ്റുകളില്‍ ജൂലിയോ സീസര്‍
മധ്യനിര വരെ കയറി കളിക്കുന്നതിനും സാക്ഷിയായി നെല്‍സണ്‍ മണ്ടേല ബേ. ഈ
ലോകകപ്പിലെ ഏറ്റവും ദയനീയമായ കാഴ്ചകളിലൊന്നും അതുതന്നെ