ആവേശകരമായ
ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജര്‍മനിയെ നേരിടാനൊരുങ്ങുന്ന
അര്‍ജന്‍റീനയ്ക്ക് മുന്നറിയിപ്പേകുകയാണ് ലോകകപ്പുകളിലെ ജര്‍മനിയുടെ
പെര്‍ഫെക്റ്റ് ഷൂട്ടൗട്ട് റെക്കോഡ്. കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടര്‍
ഫൈനലില്‍ ജര്‍മനിയോട് ഷൂട്ടൗട്ടില്‍ തോറ്റ് പുറത്താകുകയായിരുന്നു
അര്‍ജന്‍റീന. അന്ന് നിശ്ചിത സമയത്ത് 1-1 സമനിലയായിരുന്നു ഫലം.
ഷൂട്ടൗട്ടില്‍ 4-2 ന് ജയം ജര്‍മനിക്കൊപ്പം. ലോകകപ്പില്‍ പെനല്‍റ്റി
ഷൂട്ടൗട്ട് പ്രാബല്യത്തില്‍ വന്ന ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചു
കൊണ്ടാണ് ജര്‍മനിയുടെ തുടക്കം.
1982 ല്‍ സ്പെയ്ന്‍ ആഥിത്യമരുളിയ ലോകകപ്പ് സെമിയിലാണ് ഷൂട്ടൗട്ട്
ആദ്യമായി പരീക്ഷിക്കപ്പെട്ടത്. അന്നു ഫ്രാന്‍സിനെ ജര്‍മനി തകര്‍ത്തു.
പിന്നീട് 1990 ലെ ഇറ്റാലിയന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയും ഷൂട്ടൗട്ട്
വിജയം. ഇതു കൂടാതെ 1996 ലെ യൂറോ കപ്പ് ചാംപ്യന്‍ഷിപ്പിലും ജര്‍മനിയോട്
ഷൂട്ടൗട്ട് തോല്‍വി ഏറ്റുവാങ്ങാനായിരുന്നു ഇംഗ്ലണ്ടിന്‍റെ വിധി.
ഷൂട്ടൗട്ടുകള്‍ കണ്ടുപിടിച്ചതിന്‍റെ ക്രെഡിറ്റ് ഒരു ജര്‍മന്‍കാരന്‍റെ
പേരിലാണെന്നതും യാദൃച്ഛികം. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് സ്വദേശിയും
ഫുട്ബോള്‍ റഫറിയുമായ കാള്‍ വാല്‍ഡാണ് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ്
പെനല്‍റ്റി ഷൂട്ടൗട്ട് എന്ന ആശയം മുന്നോട്ടു വച്ചത്. അതുവരെ മത്സരം ടൈ
ആയാല്‍ ടോസ് ഇട്ടുള്ള ഭാഗ്യപരീക്ഷണമാണു സ്വീകരിച്ചിരുന്നത്.
വാല്‍ഡ് 1970 ല്‍ ഷൂട്ടൗട്ട് ആശയം മുന്നോട്ടു വയ്ക്കുമ്പോള്‍ ഫുട്ബോള്‍
അസോസിയേഷന്‍റെ ഭാഗത്തു നിന്ന് ശുഭസൂചന ലഭിച്ചിരുന്നില്ല. ഒടുവില്‍ വിവിധ
അസോസിയേഷനുകളുടെ പ്രതിനിധികള്‍ ആശയത്തിനു പച്ചക്കൊടി കാണിച്ച ശേഷമാണ്
ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഷൂട്ടൗട്ടുകള്‍ മത്സരങ്ങളില്‍
ഏര്‍പ്പെടുത്തിത്തുടങ്ങി. പിന്നീട് യുവേഫയും ഷൂട്ടൗട്ടുകള്‍ സ്വീകരിച്ചു.
ഒടുവില്‍ 1976 ലാണ് ഫിഫ പെനല്‍റ്റി ഷൂട്ടൗട്ടുകള്‍ക്ക് ഔദ്യോഗിക അംഗീകാരം
നല്‍കിയത്.
1976 ലെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ജര്‍മനി - ചെക്കോസ്ലൊവാക്യ
മത്സരമാണ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ വിധിനിര്‍ണയിക്കപ്പെട്ട ആദ്യത്തെ
അന്താരാഷ്ട്ര മത്സരം. എന്നാല്‍ അന്ന് ചെക്കൊസ്ലൊവാക്യയോട് ജര്‍മനി
പരാജയപ്പെട്ടു.
ഈ ലോകകപ്പില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് അര്‍ജന്‍റീനയും ജര്‍മനിയും
പുറത്തെടുത്തത്. അതിനാല്‍ ഈ ഭീമന്‍മാര്‍ ഏറ്റുമുട്ടുന്ന ക്വാര്‍ട്ടര്‍,
ഒരു പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ജര്‍മനിയുടെ പെനല്‍റ്റി ഷൂട്ടൗട്ടിലെ പെര്‍ഫെക്റ്റ് റെക്കോഡ്
തകര്‍ക്കാന്‍ ഡീഗോയുടെ കുട്ടികള്‍ക്കാകുമോയെന്ന് കാത്തിരുന്നു കാണാം.