Subject: Interviews....from tamil industry... Tue Apr 26, 2011 8:01 pm
അമ്മയെപ്പോലെ നല്ല നടിയാകണം: കാര്‍ത്തിക
ഛായാഗ്രാഹകനായ കെ.വി. ആനന്ദ് സംവിധാനം ചെയ്‌ത 'കോ' എന്ന തമിഴ് ചിത്രത്തിലൂടെ നായികാസ്‌ഥാനത്തേക്കെത്തിയിരിക്കുന്നു കാര്‍ത്തിക. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന രാധയുടെ മകളാണ് കാര്‍ത്തിക; അംബികയുടെ സഹോദരിപുത്രി. 'ചിത്രത്തില്‍ ജീവയാണ് എന്റെ നായകന്‍. അജ്‌മല്‍-പ്രിയ ആണ് മറ്റൊരു ജോഡി. ആനന്ദ്‌സാര്‍ കഥ പറഞ്ഞപ്പോള്‍തന്നെ അമ്മയെന്നോടു പറഞ്ഞു, നീ ഭാഗ്യവതിയാണെന്ന്. കാരണം അത്ര പെട്ടെന്നാര്‍ക്കും ലഭിക്കാത്ത ഒരു കഥാപാത്രമാണ് ഇത്. തന്റേടവും ആത്മവിശ്വാസവുമുള്ള ഒരു പത്രപ്രവര്‍ത്തകയുടെ വേഷം'. കാര്‍ത്തിക പറഞ്ഞു തുടങ്ങി.
അവസരം ലഭിച്ചതെങ്ങനെയാണ്?
തമിഴ് അറിയാവുന്ന, എന്നാല്‍ കാഴ്‌ചയില്‍ തമിഴ് പെണ്ണാണെന്നു തോന്നാത്ത ഒരാളെയാണ് സംവിധായകന്‍ അന്വേഷിച്ചത്. എന്നെപ്പറ്റി അറിഞ്ഞപ്പോള്‍ വന്നു കാണുകയും അമ്മയുമായി സംസാരിക്കുകയും ചെയ്‌തു.
ഇത് ആദ്യസിനിമയല്ലല്ലോ?
അല്ല. പ്ലസ്‌ടുവിന് പഠിക്കുന്ന സമയത്ത് തെലുങ്കില്‍ നാഗാര്‍ജുനസാറിന്റെ മകന്റെയൊപ്പം 'ജോഷ്' എന്ന പടത്തിലും മലയാളചിത്രമായ മകരമഞ്ഞിലും അഭിനയിച്ചിരുന്നു.
ജീവയെപ്പറ്റി പറഞ്ഞാല്‍?
തമിഴിലെ മുന്‍നിര നായകനടന്‍മാരില്‍ ജീവയും ഉള്‍പ്പെടുന്നു. മാത്രമല്ല, ചലച്ചിത്ര കുടുംബത്തിലെ അംഗം. എന്നാല്‍ ആ തലക്കനമൊന്നുമില്ല. സാധാരണമായ പെരുമാറ്റം. ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവുമുള്ള ആള്‍.
അഭിനയാനുഭവങ്ങള്‍?
നോര്‍വെയിലാണ് പാട്ടുസീനുകള്‍ ചിത്രീകരിച്ചത്. അവിടെയുള്ള ബാള്‍ട്ടണ്‍ ഹാംഗിംഗ് പാറയുടെ മുനമ്പില്‍ നൃത്തം ചെയ്യുന്ന സീനെടുത്തത് പേടിപ്പെടുത്തിയ അനുഭവമായി ബാക്കിനില്‍ക്കുന്നു.
അഭിനയത്തിനായി ഒരുക്കങ്ങളെന്തെങ്കിലും?
എനിക്ക് മുന്‍പേ ഭരതനാട്യമറിയാം. സിനിമയ്‌ക്കാവശ്യമായ നൃത്തപരിശീലനവും നേടിയിട്ടുണ്ട്. പിന്നെ ജന്മസിദ്ധമായി ലഭിച്ച അഭിനയ താല്‌പര്യവും പിന്‍തുണയായുണ്ട്.
ലക്ഷ്യത്തെക്കുറിച്ച് പറഞ്ഞാല്‍?
അമ്മയെപ്പോലെ നല്ല നടിയെന്ന പേരു സമ്പാദിക്കണം. ഞാനിപ്പോള്‍ ലണ്ടനില്‍ ബി.എ. എക്കണോമിക്‌സിന് പഠിക്കുകയാണ്. സിനിമയും പഠനവും ഒന്നിച്ചു കൊണ്ടുപോകണമെന്നാണ് ആഗ്രഹം