ഭാഷയുടെ മതിലുകള്‍ ഭേദിച്ച്, കിങ്ഖാന്‍....
ഷാരൂഖ്ഖാന്റെ 'മൈ നെയിം ഈസ് ഖാന്‍' എന്ന ചിത്രത്തിന് ഇന്ത്യയില്‍മാത്രമല്ല, ജര്‍മനിയിലും വന്‍വരവേല്പ്. കഴിഞ്ഞദിവസം ജര്‍മനിയില്‍ നടന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞത് സെക്കന്‍ഡുകള്‍ക്കുള്ളിലാണെന്ന് റിപ്പോര്‍ട്ട്. കിങ് ഖാന്റെ ചിത്രത്തിന് ജര്‍മനിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഊഷ്മളമായ സ്വീകരണം ചലച്ചിത്രപ്രേമികളില്‍ അമ്പരപ്പുളവാക്കിയിരിക്കയാണ്.
അതുകൊണ്ടുതന്നെ, അനൗപചാരികമായ ഇടപെടലിലൂടെയും നര്‍മമധുരമായ സംഭാഷണങ്ങളിലൂടെയും ആരാധകരെ തൃപ്തരാക്കുന്ന ഷാരൂഖ് തന്റെ ബെര്‍ലിന്‍ വാസത്തിനിടെ ശകലം ജര്‍മന്‍ഭാഷ അഭ്യസിക്കാനുള്ള ശ്രമവും നടത്തിയെന്നാണ്
സൂചന. എന്നാല്‍, പുത്തന്‍ഭാഷകള്‍ പഠിച്ചെടുക്കുന്ന കാര്യത്തില്‍ താനൊരു അമാന്തക്കാരനാണെന്നാണ് നടന്റെ സ്വയംവിലയിരുത്തല്‍.
'ജര്‍മന്‍ഭാഷയിലെ കുറച്ചു പദങ്ങളെല്ലാം പഠിച്ചിട്ടുണ്ട്. ഭാഷാഭ്യാസത്തില്‍ ഞാനൊരു പിന്നാക്കക്കാരനാണ്. വളരെ വേഗത്തില്‍ ഭാഷ പഠിച്ചെടുക്കുന്ന ചിലരുണ്ട്. അത്തരക്കാരോട് തികഞ്ഞ ആദരവുണ്ട്....''-കിങ്ഖാന്‍ പറയുന്നു.
''ജര്‍മനിയിലുള്ള എന്റെ പ്രേക്ഷകരെ ഫാന്‍സ് എന്ന് വിശേഷിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്തെന്നാല്‍, അത് ഏകപക്ഷീയമായ ഒരു വിശേഷണമാവും. അവര്‍ എന്നെ എത്രയധികം സ്നേഹിക്കുന്നുവോ, അത്രതന്നെ ഞാന്‍ അവരെയും സ്നേഹിക്കുന്നുണ്ട്....''-ബെര്‍ലിനില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ ഷാരൂഖ് പറഞ്ഞതിങ്ങനെ.