മെല്‍ഗിബ്‌സണ് രണ്ടാം ജന്മം
എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ക്യാമറയ്ക്കുമുന്നിലേക്ക് വന്ന ഹോളിവുഡ് താരം മെല്‍ഗിബ്‌സണ് ഇത് ആഹ്‌ളാദത്തിന്റെ ദിനങ്ങള്‍. ഗിബ്‌സണ്‍ നായകനായ 'ദി എഡ്ജ് ഓഫ് ദി ഡാര്‍ക്ക്‌നസ്' എന്ന ഏറ്റവും പുതിയ ചിത്രത്തിന് അമേരിക്കയിലുടനീളം വന്‍വരവേല്‍പ്പു ലഭിച്ചുകഴിഞ്ഞു. ജെയിംസ് കാമറൂണിന്റെ പണംവാരിച്ചിത്രം അവതാറിന്റെ കലക്ഷന്‍ റെക്കോഡുകള്‍ പോലും 'ദി എഡ്ജ് ഓഫ് ദി ഡാര്‍ക്ക്‌നെസ്' തകര്‍ത്തെറിയുമെന്നതാണ് യു.എസ്സില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത.
നടനായും സംവിധായകനായും ഹോളിവുഡില്‍ നിറഞ്ഞുനിന്ന മെല്‍ഗിബ്‌സണ് കഴിഞ്ഞ കുറേവര്‍ഷങ്ങള്‍ അത്ര നല്ല അനുഭവങ്ങളല്ല സമ്മാനിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിയിലായ ഗിബ്‌സണ്‍ കുറേനാള്‍ കോടതി കയറിയിറങ്ങേണ്ടിവന്നു. മുപ്പതുവര്‍ഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ച് ഭാര്യ റോബിന്‍ ഡെന്നിസ് മൂര്‍ പടിയിറങ്ങിപ്പോയതും ഈ സമയത്തായിരുന്നു. സ്വയം സംവിധാനം ചെയ്ത ദി പാഷന്‍ ഓഫ് ക്രൈസ്റ്റ്, അക്കലിപ്‌റ്റോ തുടങ്ങിയ ചിത്രങ്ങള്‍ വന്‍വിജയങ്ങളായെങ്കിലും ജൂതന്‍മാരെക്കുറിച്ചു നടത്തിയ മോശമായ പരാമര്‍ശങ്ങള്‍ ഗിബ്‌സനെ വീണ്ടും വിവാദപുരുഷനാക്കി. തന്നെ വിടാതെ പിന്തുടരുന്ന പപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഏറെക്കാലം ഒളിവിലായിരുന്നു ഈ അമ്പത്തിനാലുകാരന്‍.
കഷ്ടകാലത്തില്‍ നിന്നെല്ലാം മെല്‍ഗിബ്‌സണ് മോചനം നല്‍കുകയാണ് പുതിയ ചിത്രമായ 'ദി എഡ്ജ് ഓഫ് ദി ഡാര്‍ക്ക്‌നെസ്'. സ്വന്തം മകളുടെ കൊലപാതകികളെ തേടിയിറങ്ങുന്ന മധ്യവയസ്‌കനായ
ഡിറ്റക്ടീവ് തോമസ് ക്രാവെണിന്റെ കഥ പറയുന്നു ഈ സിനിമ. മകളുടെ ദാരുണമരണത്തിനു പിന്നില്‍ സമൂഹത്തിലെ ഉന്നതരാണെന്ന് കണ്ടെത്തിയ തോമസ് പ്രതികാരത്തിനൊരുങ്ങുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ് രംഗങ്ങള്‍. ജെയിംസ്‌ബോണ്ട് പടങ്ങളായ ഗോള്‍ഡന്‍ ഐ, കാസിനോ റൊയാല്‍ എന്നിവയൊരുക്കിയ മാര്‍ട്ടിന്‍ കാംപ്‌ബെല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മാര്‍ട്ടിന്‍ തന്നെ ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ബി.ബി.സി.ക്കു വേണ്ടി തയ്യാറാക്കിയ ടെലിവിഷന്‍ പരമ്പരയുടെ കഥയാണ് സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
ആരും പ്രതീക്ഷിക്കാത്ത സ്വീകരണം ചിത്രത്തിന് ലഭിക്കുന്നുണ്ടെന്ന് ഹോളിവുഡ് പണ്ഡിതര്‍ നിരീക്ഷിക്കുന്നു. 24 കാരിയുടെ പിതാവായി വേഷമിടുമ്പോള്‍ അത് എത്രത്തോളം പ്രേക്ഷകര്‍ ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നുവെന്ന് മെല്‍ഗിബ്‌സന്‍ തന്നെ ഒരഭിമുഖത്തില്‍ സമ്മതിച്ചിരുന്നു. ''ഒന്നും ചെയ്യാതെ പഴഞ്ചനായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ സിനിമ ലഭിച്ചത്. ഉത്തരവാദിത്വമുള്ള ഒരു മുതിര്‍ന്ന അച്ഛന്റെ റോളാണ് ചിത്രത്തിലെനിക്ക്. ഇതുവരെ ചെയ്യാത്ത ഈ വേഷം എത്രത്തോളം സ്വീകരിക്കപ്പെടും എന്ന കാര്യത്തില്‍ ഭയമുണ്ടായിരുന്നു''- ഗിബ്‌സണ്‍ പറയുന്നു. ഇതിനു മുമ്പ് 2002 ലാണ് മെല്‍ഗിബ്‌സന്റെ ഒരുസിനിമ ഇത്രവലിയ ഹിറ്റാകുന്നത്. ആ വര്‍ഷം ഗിബ്‌സണ്‍ നായകനായ മനോജ് നൈറ്റ് ശ്യാമളന്റെ 'സൈന്‍സ്' വന്‍വിജയം നേടിയിരുന്നു. രണ്ടുതവണ ഓസ്‌കര്‍ അവാര്‍ഡ് നേടിയ ഹോളിവുഡിന്റെ പ്രിയനടന് രണ്ടാംജന്മം നല്‍കുകയാണ് പുതിയ സിനിമ.