സിനിമകളില്‍ രാഷ്ട്രീയക്കാരന്റെ വേഷം നന്നായി അവതരിപ്പിച്ചിട്ടുണ്ട് എന്നു കരുതി ജീവിതത്തില്‍ അങ്ങനെയൊന്ന് ചിന്തിക്കാന്‍ കൂടി കഴിയില്ലെന്നു ബോളിവുഡിന്റെ ക്യാരക്റ്റര്‍ ആക്റ്റര്‍ അജയ് ദേവ്ഗന്‍. ആദ്യം മണിരത്നത്തിന്റെ ഗുരുവില്‍ രാഷ്ട്രീയത്തിലേക്കു കടക്കുന്ന കഥാപാത്രമായപ്പോഴും ഇപ്പോള്‍ പ്രകാശ് ഝായുടെ രാജ്നീതിയില്‍ ഖദര്‍ ധരിക്കുമ്പോഴും അജയിന്റെ മനസില്‍ രാഷ്ട്രീയമില്ല. ഒരിക്കലും നേര്‍വഴിയില്‍ ചിന്തിക്കുന്നവര്‍ക്കു പറ്റിയ പണിയല്ല രാഷ്ട്രീയപ്രവര്‍ത്തനം. അതിന് കുറച്ചു കളികള്‍ അറിഞ്ഞിരിക്കണം. അധികാരം കൈയിലെത്തുമ്പോള്‍ ആളുകളുടെ സ്വഭാവത്തിലും മാറ്റം വരുന്നു. ഇതൊന്നും തനിക്കു തീരെ ശരിയാവില്ലെന്ന് അജയ് ഉറപ്പിക്കുന്നു.
മോശം ആളുകളോട് എതിര്‍ത്തു നില്ക്കാന് പലപ്പോഴും അവരുടെ വഴി സ്വീകരിക്കേണ്ടി വരും. എന്നു കരുതി പൊളിറ്റിക്സ് മോശമാണെന്നു താന്‍ കരുതുന്നില്ല. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് രാഷ്ട്രീയം പ്രധാനമാണ്. ശരിയായ ആളുകള്‍ രാഷ്ട്രീയത്തിലെത്തിയാല്‍ അതു രാജ്യത്തിന് ഗുണം ചെയ്യുമെന്ന് ഉറപ്പ്. അധികാരം തന്നെയാണ് ആളുകളെ നശിപ്പിക്കുന്നത്. നല്ല കാര്യം ചെയ്യാനായി അധികാരത്തിലെത്തിയാലും അവര്‍ തെറ്റിലേക്കു നയിക്കപ്പെടുന്നു. അവരെ മാത്രം കുറ്റപ്പെടുത്തുന്നതിലും അര്‍ഥമില്ല. സമൂഹം മൊത്തമായി കളങ്കപ്പെട്ടിരിക്കുമ്പോള് അവരും അതിന്റെ ഭാഗമായി മാറുകയാണെന്ന് അജയ്. രാജ്നീതിയിലെ രാഷ്ട്രീയപ്രവര്ത്തകന് അജയിനെ വിട്ടൊഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു.
മഹാഭാരതത്തിലെ കര്‍ണനു സമാനമായ കഥാപാത്രമാണ് അജയ് അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രം ഒരിക്കലും നെഗറ്റീവല്ല. കര്ണനെപ്പോലെ തെറ്റായ ഭാഗത്തു നില്‍ക്കേണ്ടി വന്ന ഒരാള്‍. ശരിയിലേക്കു വന്നാല്‍ തനിക്കു നേതാവാകാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിട്ടും അയാള്‍ അതു നിഷേധിക്കുകയാണ്. തന്റെ പ്രതിജ്ഞ നിറവേറ്റുന്നതില്‍ നിന്നു പിന്മാറാന് അയാള്‍ ഒരിക്കലും തയാറാവുന്നില്ല. മനോജ് ബാജ്പയ്, നസിറുദ്ദിന്‍ ഷാ, നാന പടേക്കര്‍, അര്ജുന് രാംപാല്‍, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ് എന്നിവരാണു രാജ്നീതിയിലെ മറ്റു പ്രധാന താരങ്ങള്‍.
രാജ്നീതിയിലെ സീരിയസ് കഥാപാത്രം കഴിഞ്ഞാല്‍ അജയ് നേരെ പോകുന്നതു ഗോല്‍മാല്‍ സീരീസിലെ പുതിയ എപ്പിസോഡിലേക്കാണ്. എന്നാല്‍ തന്റെ കോമഡി ചിത്രത്തിന്റെ സസ്പെന്‍സ് കളയാന്‍ അജയ് തയാറല്ല. ഗോല്‍മാല്‍ 3 യെക്കുറിച്ച് ഒന്നും പറയാന്‍ സമയമായിട്ടില്ല. അതു കാണുമ്പോള്‍ അറിയാനായി ഒരുപാടു പുത്തന്‍ നമ്പരുകള്‍ കരുതിവച്ചിട്ടുണ്ട്. അജയ് പറഞ്ഞു നിര്‍ത്തി.