ഷാരുഖ് ഖാന് ആരാധകനാണ്, അതേ പാതയില്‍ തന്നെയാണു സല്മാന് ഖാനും ഐശ്വര്യ റായ് ബച്ചനും. പരസ്പരം കണ്ടാല്‍ മിണ്ടാത്തവര്‍ പോലും ഒന്നിക്കുന്നയിടം. മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററാണ് ഈ താരം. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം ട്വിറ്ററിന്റെ ആരാധകര്‍. എന്നാല്‍ ഇതിലൊന്നും തീരെ താല്‍പ്പര്യമില്ലാത്ത ഒരാളുണ്ട് ഹിന്ദി സിനിമയില്‍. യൂത്ത് ഐക്കണ്‍ രണ്‍ബീര്‍ കപൂര്‍. ട്വിറ്ററിനോട് ഇത്രയധികം ഭ്രമം തോന്നാനുള്ള കാരണം തനിക്കു മനസിലാവുന്നില്ലെന്നു രണ്‍ബീര്‍ പറയുന്നു. സൈറ്റില്‍ അംഗമാണെങ്കിലും ആദ്യമായും അവസാനമായും രണ്‍ബീര്‍ ട്വീറ്റ് ചെയ്തത് എട്ടു മാസം മുന്‍പ്. ട്വിറ്ററിന്റെ ഇത്ര വലിയ പ്രശസ്തി തനിക്ക് ഇന്നും നിഗൂഢമായി തുടരുന്നെന്നു രണ്‍ബീര്‍.
ഞാനിപ്പോള്‍ ഭക്ഷണം കഴിക്കുന്നു. ബാത്ത്റൂമിലേക്കു പോകുന്നു തുടങ്ങിയ നിസാര കാര്യങ്ങള്‍ പോലും ട്വിറ്ററിലൂടെ ലോകത്തെ അറിയിക്കുന്നത് അത്ര ശരിയായി തനിക്കു തോന്നുന്നില്ല. അങ്ങനെയായാല്‍ പിന്നെന്തു പ്രൈവസി. അതുകൊണ്ടു തന്നെയാണു ട്വിറ്ററിനോട് അത്ര താല്‍പ്പര്യമില്ലാത്തതും. വേക്ക് അപ്പ് സിഡ്, അജബ് പ്രേം കി ഗസബ് കഹാനി തുടങ്ങിയ ചിത്രങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം സ്റ്റാറായ രണ്‍ബീര്‍ കപൂര്‍ തന്റെ കരിയറില്‍ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍.
എനിക്കു വേണ്ടി എന്റെ സിനിമകള്‍ സംസാരിക്കും. അതിലൂടെയാണു പ്രേക്ഷകര്‍ ഒരു നടനെ അറിയേണ്ടതും. അതല്ലാതെ പെഴ്സനല്‍ ലൈഫ് ഇങ്ങനെ നിസാരമായി പറയുന്നതില്‍ അര്‍ഥമില്ലെന്നു രണ്‍ബീര്‍. എന്നാല്‍ രണ്‍ബീറിന്റെ മുന്‍ കാമുകി ദീപിക പദുക്കോണ്‍ ട്വിറ്ററിന്റെ കടുത്ത ആരാധിക. ഈയിടെയാണു വെറ്ററന്‍ താരവും രണ്‍ബീറിന്റെ അമ്മാവനുമായ ഷമ്മി കപൂര്‍ സംഘടിപ്പിച്ച വിരുന്നിലേക്കു ദീപികയ്ക്കു ക്ഷണം ലഭിച്ചത്. അതും ട്വിറ്ററിലൂടെ. പലരും ട്വിറ്റര്‍ ഒരു ആഘോഷമാക്കി മാറ്റുമ്പോള്‍ രണ്‍ബീര്‍ മാത്രം മാറി നില്‍ക്കുന്നതിന്റെ കാരണം ആരാധകര്‍ക്കും മനസിലാവുന്നില്ല.