ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇനി സൂപ്പര്‍ പോരാട്ടങ്ങള്‍. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും വിജയം നേടിയതോടെ സൂപ്പര്‍ എട്ടിലേക്കുള്ള ടീമുകളുടെ പട്ടികയായി. ഇന്ന് നടക്കുന്ന ആദ്യ സൂപ്പര്‍ എട്ട് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ നേരിടും. രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് ദക്ഷിണാഫ്രിക്കയെയും നേരിടും.
അതേസമയം, മുന്‍ ചാമ്പ്യന്മാരായ ഇന്ത്യക്ക് സൂപ്പര്‍ എട്ടിലെ പോരാട്ടങ്ങള്‍ കടുപ്പമേറിയതാവും. ആദ്യമത്സരത്തില്‍ വെള്ളിയാഴ്ച ഇന്ത്യ ഓസ്‌ത്രേലിയയെ നേരിടും. വെസ്റ്റിന്‍ഡീസും ശ്രീലങ്കയുമാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. വെസ്റ്റിന്‍ഡീസിനോട് ഒമ്പതിനും ശ്രീലങ്കയോട് 11നും പോരാട്ടത്തിനിറങ്ങും. ഗ്രൂപ്പില്‍ രണ്ട് മല്‍സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ സെമിഫൈനല്‍ ഉറപ്പിക്കാനാവൂ.
രണ്ടാമത്തെ ഗ്രൂപ്പില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടും. പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലാണ് ആദ്യ പോരാട്ടം. ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മിലാവും രണ്ടാം മല്‍സരം. ബാറ്റ്‌സ്മാന്മാര്‍ മികച്ച ഫോം പ്രകടിപ്പിക്കുന്നതാണ് ഇന്ത്യക്ക് കരുത്ത് പകരുന്നത്. എന്നാല്‍, ഓസ്‌ത്രേലിയയോട് കടുത്ത പോരാട്ടം തന്നെ നടത്തേണ്ടിവരും. ഷോണ്‍ ടെയ്റ്റും മിച്ചല്‍ ജോണ്‍സനും ഷെയ്ന്‍വാട്‌സണും ഡിര്‍ക്ക് നാനസുമടങ്ങിയ മികച്ച പേസ് നിരയാണ് ഓസീസിനുള്ളത്.
ഇന്ത്യയുടെ സഹീര്‍ ഖാനും നെഹ്‌റയും പ്രവീണ്‍ കുമാറും നന്നായി പന്തെറിയുന്നുണ്ട്. ആദ്യ മല്‍സരം തോറ്റാല്‍ പിന്നീടുള്ള മത്സരങ്ങള്‍ സമ്മര്‍ദ്ദത്തിലാകും. പനി കാരണം ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കാതിരുന്ന ഗൗതം ഗംഭീര്‍ ബുധനാഴ്ച പരിശീലനത്തിനിറങ്ങിയത് ക്യാമ്പില്‍ ആശ്വാസം പകരുന്നുണ്ട്.