Written by Rosh
മമ്മൂട്ടിയും, മോഹന്‍ലാലും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും ആരാധകരുള്ള സിനിമാക്കാരന്‍ കിം കി ദുക് ആണെന്ന് പറഞ്ഞാല്‍, അതിശയോക്തിയാവുമെങ്കിലും അല്പം സത്യമില്ലാതില്ല. കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്രമേളയില്‍, ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട ചിത്രങ്ങളിലൊന്ന് ദുക്കിന്റെ ഡ്രീം ആയിരുന്നു. ധന്യ തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിനും രണ്ടു മണികൂര്‍ മുന്‍പ് തന്നെ ക്യൂ കോമ്പൌണ്ടും കഴിഞ്ഞു റോഡിലേക്ക് നീണ്ടു. പൊരി വെയിലത്ത് രണ്ടു മണികൂര്‍ ക്യൂ നിന്ന്, ലാല്‍ പടത്തിന്റെ ഫസ്റ്റ് ഷോയുടെതുപോലെ അടിപിടിയും കഴിഞ്ഞ്, ഒരു വിധം ഉള്ളിലെത്തിയിട്ടും, കിം ഫലം, പടം മുഴുവന്‍ നിന്നു കാണേണ്ടി വന്നു. ഒറ്റയ്ക്കായിരുന്നില്ല, ദുക്കിന്റെ ആരാധകര്‍ കുറേപേര്‍ വേറെയും ഉണ്ടായിരുന്നു, സിനിമ കണ്ടു ‘നില്‍ക്കാന്‍’ . ആദ്യമായി കാണുന്ന ആ ദുക് ചിത്രം പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെങ്കിലും, കിമ്മിന്റെ ബാക്കി സിനിമകള്‍ കാണണം എന്നുറപ്പിച്ചാണ് തിയേറ്റര്‍ വിട്ടത്.
കിമ്മിനെ ലോകം മുഴുവന്‍ പ്രശസ്തനാക്കിയ സിനിമ, അദ്ദേഹത്തിന്റെ ഏഴാമത്തെ ചിത്രമായ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍ ആന്‍ഡ് എഗയിന്‍ സ്പ്രിംഗ് ആണ്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെ ദക്ഷിണകൊറിയയില്‍ വിമര്‍ശകര്‍ക്കും, കാണികള്‍ക്കും അത്ര പ്രിയപ്പെട്ടവനല്ല, കിം. ഭീകരവും ബീഭത്സവുമായ അക്രമ രംഗങ്ങളാല്‍ സമൃദ്ധമായിരുന്നു കിമ്മിന്റെ അതു വരെയുള്ള ചിത്രങ്ങളെല്ലാം. സാഡിസത്തിന്റെയും മസോക്കിസത്തിന്റെയും നേരിട്ടുള്ള ചിത്രീകരണം എന്നുവരെ വിശേഷിപ്പിക്കപ്പെട്ടവയാണ് ഔപചാരികമായ സിനിമ പരിശീലനമൊന്നും നേടിയിട്ടില്ലാത്ത ദുകിന്റെ ‘ഐസ്ല്‍’ തുടങ്ങിയ ചിത്രങ്ങള്‍. എന്നാല്‍ ഈ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി, അക്രമങ്ങളെ നേരിട്ട് ചിത്രീകരിക്കാതെ, അഹിംസയുടെയും, സെന്‍ ബുദ്ധിസത്തിന്റെയും കഥ പറയുകയാണ് മനോഹരമായ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍. – വസന്തം, ഹേമന്തം, ശരത്, ശിശിരം പിന്നെയും വസന്തം!
വളരെ ലളിതമായ, കഥയെന്നു പോലും പറയാനില്ലാത്ത പ്രമേയമാണ്, അഞ്ചു അധ്യായങ്ങളായി ചിത്രീകരിക്കപ്പെട്ട സ്പ്രിംഗ് പറയുന്നത്. കടും പച്ച നിറത്തിലുള്ള ഒരു കാടിന്റെ നടുവിലെ, തടാകത്തില്‍ ഒഴുകിനടക്കുന്ന ആശ്രമമാണ് കഥയുടെ പശ്ചാത്തലം. ഒന്നാമധ്യായമായ ‘വസന്ത’ത്തില്‍, ആശ്രമത്തില്‍ ബാലനായ തന്റെ ശിഷ്യന്(Seo Jae Kyung) ജീവിത പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ബുദ്ധസന്യാസിയെ(Oh Young Soo) കാണാം. അറ്റത്തൊരു വെള്ള വരയുടെ വ്യത്യാസം മാത്രമേ, മരുന്ന് ചെടിയും, വിഷ ചെടിയും തമ്മിലുള്ളൂ എന്ന് അദ്ദേഹം അവനെ പഠിപ്പിക്കുന്നു. നിഷ്കളങ്കനായ ബാലന്റെ വിനോദങ്ങള്‍- മത്സ്യത്തിന്റെയും പാമ്പിന്റെയും തവളയുടെയും പുറത്തു കല്ലുകെട്ടി രസിക്കുന്ന കുട്ടിയെ – സന്യാസി തടയുന്നില്ല. പകരം, അവന്റെ പുറത്തും അതു പോലെ ഒരു കല്ല് കെട്ടിവച്ചിട്ടു പറയുന്നു: “നീ ഉപദ്രവിച്ച ഏതെന്കിലും ഒരു ജീവി മരിക്കുകയാണെങ്കില്‍ ഈ കല്ല് ജീവിതകാലം മുഴുവന്‍ നീ, നിന്റെ ഹൃദയത്തില്‍ ചുമക്കും.”
ചോര വാര്‍ന്നു മരിച്ചു കിടക്കുന്ന മത്സ്യത്തിനെയും പാമ്പിനെയും കണ്ട് വാവിട്ടു കരയുന്ന ബാലന്റെ ഹൃദയസ്പര്‍ശിയായ ദൃശ്യത്തില്‍ ഒന്നാം അധ്യായം അവസാനിക്കുന്നു.
അടുത്ത അധ്യായത്തില്‍ വാതിലുകള്‍ തുറക്കുന്നത് ഹേമന്തത്തിലെ തടാകത്തിലേക്കാണ്. ശിഷ്യന്‍(SEO Jae-kyung) വളര്‍ന്നു കൌമാരക്കാരനായിരിക്കുന്നു. ചികിത്സക്കായി ആശ്രമത്തിലെത്തുന്ന സുന്ദരിയായ പെണ്‍കുട്ടി(HAYeo-jin) അവനില്‍ ശരീരത്തിന്‍റെ ദാഹങ്ങളെ ഉണര്‍ത്തുന്നു. ശാന്തമായ തടാകത്തില്‍ ഭ്രാന്തമായി, നിലയില്ലാതെ വഞ്ചി തുഴയുന്ന അവനെ കണ്ടു അവളും അവനെ ഇഷ്ടപെട്ടു തുടങ്ങുന്നു. ഒടുവില്‍, തടാകത്തിനു പുറത്ത് അരുവിക്കരയില്‍ അവര്‍ ശരീരങ്ങളുടെ മോഹങ്ങള്‍ പങ്കു വയ്ക്കുന്നു. എല്ലാമറിയുന്ന ഗുരു, അവര്‍ ഒരുമിച്ചുറങ്ങുന്ന വഞ്ചിയില്‍ വെള്ളം തുറന്നുവിട്ടു അവരെ ഉണര്‍ത്തുകയാണ് ചെയ്യുന്നത്. എല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അതു തന്നെയാണ് അവള്‍ക്കു അനുയോജ്യമായ മരുന്നെന്നും ഗുരു പറയുന്നു. രോഗം മാറി സുഖപ്പെട്ട അവളെ, ശിഷ്യന്റെ എതിര്‍പ്പിനെ വക വയ്ക്കാതെ തിരിച്ചയക്കുമ്പോള്‍ ഗുരു പറയുന്നു. ‘മോഹം സ്വാര്‍ത്ഥതയിലേക്കും, പിന്നെയത് കൊലപാതകത്തിലെക്കും നയിക്കുന്നു’. പക്ഷെ ശിഷ്യന്‍ ബുദ്ധപ്രതിമയുമായി അവളുടെ പുറകെ ഒളിച്ചോടുന്നു.
തുടര്‍ന്ന് വരുന്ന അധ്യായത്തില്‍ ഇലപൊഴിയുന്ന ശിശിരമാണ്. ആകസ്മികമായി, ഒരു പത്രത്തില്‍, ഭാര്യയെ കൊന്ന് രക്ഷപ്പെടുന്ന യുവാവിനെ കുറിച്ചുള്ള വാര്‍ത്ത കാണുന്ന ഗുരു, ശിഷ്യനുവേണ്ട വസ്ത്രങ്ങള്‍ ഒരുക്കി വയ്ക്കുന്നു. അദ്ദേഹത്തിന്റെ പ്രതീക്ഷ അസ്ഥാനത്താകുന്നില്ല. വിക്ഷുബ്ദനും ക്രുദ്ധനുമായി യുവാവ്(KIM Young-Min) ആശ്രമത്തിലേക്ക് തന്നെയാണ് തിരിച്ചു വരുന്നത്. മനുഷ്യരുടെ ലോകത്തില്‍ നീ ആഗ്രഹിക്കുന്നത് മറ്റുള്ളവരും ആഗ്രഹിക്കില്ലേ എന്നാണ് അദ്ദേഹം അവനോടു ചോദിക്കുന്നത്. ആത്മഹത്യക്കൊരുങ്ങുന്ന അവനെ, ഗുരു തടയുന്നു. ഒരു മെഴുതിരിയുടെ ജ്വാലയില്‍ കരിയുന്ന ചരടുകളിലാണ് അവനെ ഗുരു കെട്ടിത്തുക്കുന്നത്. മറ്റുള്ളവരെ കൊല്ലാന്നതുപോലെ, അത്ര എളുപ്പമല്ല സ്വയം മരിക്കുന്നതെന്നാണ് ഗുരു ഓര്‍മ്മപെടുത്തുന്നത്. കുറ്റവാളിയെ അന്വേഷിച്ചു പോലീസുകാര്‍ ആശ്രമത്തിലെത്തുമ്പോള്‍ ഗുരുവിന്റെ നിര്‍ദേശപ്രകാരം പ്രജ്ഞാപരാമിതാ ഹൃദയ മന്ത്രങ്ങള്‍ ആശ്രമത്തിന്റെ തറയില്‍ കൊത്തിയെടുക്കുകയാണ് അയാള്‍. പോലീസുകാര്‍ അവനെ കൊണ്ട് പോയതിനു ശേഷം, ഗുരു തടാകത്തിനു നടുവില്‍ വഞ്ചിയില്‍ സ്വയം കത്തിയമര്‍ന്നു സമാധിയാവുന്നു. അദ്ധ്യായം പൂര്‍ണമാകുമ്പോള്‍, കത്തിയമരുന്ന ഗുരുവിന്റെ ചിതയില്‍ നിന്നും ഒരു പാമ്പ് ആശ്രമത്തിലേക്ക് നീന്തി കയറുന്നു.
ശരത് കാലത്ത് തണുത്തുറഞ്ഞു കിടക്കുന്ന തടാകത്തിനു മേലൂടെ മധ്യവയസ്കനായ അയാള്‍ (സംവിധായകന്‍ ദുക്) ആശ്രമത്തിലേക്ക് നടന്നു വരുന്നു. ഗുരുവിന്റെ ഭൌതികാവഷിഷ്ടങ്ങള്‍ ശേഖരിച്ച് ഐസ് കൊണ്ടുണ്ടാകിയ ബുദ്ധപ്രതിമയില്‍ നിമജ്ജനം ചെയ്യുകയാണ് അയാള്‍ ആദ്യം ചെയ്യുന്നത്. പിന്നെ അയാള്‍ ഉറഞ്ഞു കിടക്കുന്ന തടാകത്തിനു മുകളില്‍ യോഗമുദ്രകള്‍ അഭ്യസിച്ചു തുടങ്ങുന്നു. തുടര്‍ന്ന്, കരയുന്ന ഒരു കുഞ്ഞുമായി, മുഖം മറച്ച ഒരു സ്ത്രീ അവിടെയെത്തുന്നു. കുഞ്ഞിനെ ആശ്രമത്തില്‍ ഉപേക്ഷിച്ചു പോകുന്നതിനിടയില്‍ അവള്‍ അയാള്‍ വെള്ളത്തിനായി ഐസില്‍ തുറന്ന ദ്വാരത്തില്‍ വീണു മരിക്കുന്നു. അറിയാതെയെങ്കിലും താനും അവളുടെ ദുരന്തത്തില്‍ കാരണമായെന്ന് അയാള്‍ അറിയുന്നു. അരയില്‍ കെട്ടിയ ഭാരമേറിയ കല്ലുമായി ഒരു ബുദ്ധപ്രതിമയുമെടുത്തു അയാള്‍ കുന്നു കയറുന്നു. പാപഫലമായ ദുരനുഭവങ്ങളിലൂടെ അവസാനം മോക്ഷം നേടുന്നു എന്ന ആശയം ഇവിടെ നമുക്ക് വായിച്ചെടുക്കാം.
അവസാന അധ്യായമായ വീണ്ടും വസന്തത്തില്‍, അയാള്‍ അടുത്ത ഗുരുവാണ്, സ്ത്രീ ഉപേക്ഷിച്ചു പോയ കുഞ്ഞ് ശിഷ്യനും. ജീവിത ഋതുക്കളുടെ അടുത്ത ചക്രം ആവര്‍ത്തിക്കുകയാണ് അവര്‍. പുതിയ ബാലന്‍ അതെ തെറ്റുകള്‍ ആവര്‍ത്തികുമ്പോള്‍ പുതിയ ചക്രത്തിന് തുടക്കമാവുന്നു.
അതി സുന്ദരമായ ദൃശ്യങ്ങളാണ് സ്പ്രിംഗ് സംമെറിന്റെ ഒരു പ്രത്യേകത. ഇതൊരു ഷോട്ടും ഒരു ഫോട്ടോഗ്രാഫ് പോലെ അതിമനോഹരം. ഒരു സിനിമ മുഴുവന്‍ ഇത്രയ്ക്കു ആകര്‍ഷകമായ ദൃശ്യങ്ങളിലൂടെ കാണുന്നത് ആദ്യമായാണ്. ഒറ്റ ഷോട്ട് പോലും അനാകര്‍ഷകമല്ല ചിത്രത്തില്‍. എവിടെ പോസ് ചെയ്താലും ഒരു പ്രൊഫെഷണല്‍ ഫോട്ടോഗ്രാഫറുടെ മികച്ച ചിത്രം പോലെ മിഴിവാര്‍ന്ന ഫ്രെയിമുകള്‍. കൊറിയയിലെ ൨൦൦ വര്‍ഷം മുന്‍പ് കൃത്രിമമായി നിര്‍മിക്കപ്പെട്ട ജുസ്സാന്‍ തടാകമാണ് ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍. അതുപോലെ മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.
വാക്കുകളുടെയും സംഭാഷണങ്ങളുടെയും മൂര്‍ത്തമായ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങാതെ, അനന്തമായ മൌനത്തിലൂടെ സംവദിക്കുന്നു സ്പ്രിംഗ് സമ്മര്‍… അതുകൊണ്ട് തന്നെ ഓരോ ആസ്വാദകനും വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ ചമക്കാനുള്ള ഇടവും ചിത്രത്തിലുണ്ട്. സിനിമ എന്നത് ബഹളങ്ങള്‍ നിറഞ്ഞ ഒരു ശബ്ദ രേഖയാനെന്നു കരുതുന്നവര്‍ക്കുള്ള പാഠമാണ് ഈ ചിത്രം. കുറെയേറെ മലയാളം സിനിമകള്‍ കാണേണ്ട ആവശ്യം തന്നെ ഉണ്ടാകാറില്ലല്ലോ എന്നു ചിത്രം കാണുമ്പോള്‍ ഓര്‍ത്ത് പോയി. ശബ്ദരേഖയില്‍ തന്നെ അവ കേട്ടു തീര്‍ക്കാം. ഇത്തരം നിശബ്ദത, പക്ഷെ ദുകിന്റെ മറ്റു സിനിമകളിലും ആവര്‍ത്തിക്കുന്നുണ്ട്. സഹജീവികളില്‍, തനിക്ക് ചുറ്റുമുള്ളവരില്‍, പ്രതീക്ഷയും വിശ്വാസവും നഷ്ടമായി നിരാശരായ, മുറിവേറ്റ മനുഷ്യരായതിനാലാണ് തന്റെ മിക്ക കഥാപാത്രങ്ങളും മൌനത്തില്‍ അഭയം തേടുന്നതെന്ന് കിം കി ദുക് പറഞ്ഞിട്ടുണ്ടെങ്കിലും, ഈ ചിത്രത്തിലെ കാവ്യാത്മകമായ നിശബ്ദതയെ ആ തരത്തില്‍ കാണാനാവില്ല. പരമമായ സത്യം മൌനത്തിലൂടെ പകര്‍ന്നു നല്‍കുന്ന, മൌനമാണ് ഏറ്റവും പൂര്‍ണമായ മാധ്യമമെന്നു പഠിപ്പിക്കുന്ന ബുദ്ധിസം തന്നെയാണ് ചിത്രത്തിലെ നിശബ്ദത.
എണ്ണിയാല്‍ ഒടുങ്ങാത്ത പ്രതീകങ്ങളാല്‍ നിറഞ്ഞതാണ് ഒരു സെന്‍ ബുദ്ധകഥ പോലെ ലളിതമായ ചിത്രം. ഓരോ ദൃശ്യവും ആത്മീയതലത്തില്‍ അനേകം വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങുന്നവയാണ്. ആവര്‍ത്തിച്ചു കാണുമ്പോള്‍ പുതിയ പുതിയ പാഠങ്ങള്‍ ചിത്രം പകര്‍ന്നു തരുന്നു. തടാകത്തില്‍ ഒഴുകി നടക്കുന്ന ആശ്രമവും വിവിധ അധ്യായങ്ങളില്‍ ഗുരു വളര്‍ത്തുന്ന കോഴി, നായക്കുട്ടി, പൂച്ചക്കുട്ടി , ആമ തുടങ്ങിയ മൃഗങ്ങളും അനേകം ആന്തരികാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ചുമരുകളോ മതിലുകളോ ഇല്ലാതെ ഒറ്റയ്ക്ക് നില്‍ക്കുന്ന വാതിലുകള്‍ നമ്മള്‍ സ്വയം തിരഞ്ഞെടുക്കുന്ന ധാര്‍മികതയും, മൂല്യങ്ങളെയും സൂചിപ്പിക്കുന്നു. ഒരേ മുറിയില്‍ ഉറങ്ങുന്ന ശിഷ്യനെ ഗുരു വിളിച്ചുണര്‍ത്തുന്നതും അവന്‍ എഴുന്നേറ്റു വരുന്നതുമെല്ലാം ഇടയ്ക്കു നില്‍ക്കുന്ന ഈ ചുമരില്ലാ വാതിലിലൂടെയാണ്. എന്നാല്‍, ഉറങ്ങുന്ന ഗുരുവിനെ മറികടന്ന്, രാത്രി പെണ്കുട്ടിക്കടുത്തെക്ക് പോകുമ്പോള്‍ അവന്‍ ഈ വാതില്‍ ഗൌനിക്കുന്നതെയില്ല. സാധ്യതകളും അവസരങ്ങളും ഉണ്ടെങ്കിലും, ഇത്തരം ചുമരില്ലാ വാതിലുകള്‍ സൂക്ഷിക്കപ്പെടണമെന്ന് ചിത്രം പറയുന്നു. കപട സദാചാരത്തിന്റെയോ, ഹിപോക്രസിയുടെയോ പേരിലല്ലെങ്കിലും.
ജന്മാന്തരങ്ങളിലൂടെ പാപങ്ങളുടെ തുടര്ച്ചയിലേക്കാണ്, പാപഭാരത്തിന്റെ കല്ലുമായി കുറ്റബോധത്തിന്റെ മലകയറ്റത്തിലേക്കാണ് നമ്മള്‍ ജനിച്ചു വീഴുന്നത്. അനിവാര്യമായ ഈ ചാക്രികതയിലെ ഓരോ കുറ്റവാളിയും ഒരു കുട്ടിയാണെന്ന് ചിത്രം പറയുന്നു. പിന്നെ ജീവിതത്തിന്‍റെ വിവിധ ഋതുക്കളിലൂടെ ആവര്‍ത്തിക്കുന്ന ഈ ചാക്രികതയ്ക്ക് പുറത്ത് നിസ്സഹായനായി, നിസ്സംഗനായി നോക്കി നില്‍ക്കുകയും ചെയ്യുന്നു. കുട്ടിക്കാലത്ത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പാപങ്ങളെക്കാള്‍ അപ്പുറം മുതിര്‍ന്നതിനു ശേഷവും സഹജീവികളെ കുറിച്ചോര്‍ക്കാതെ, നമ്മള്‍ ചെയ്യുന്ന പാപങ്ങളാണ് ജീവിതകാലം മുഴുവന്‍ ഹൃദയത്തില്‍ ചുമക്കേണ്ടി വരുന്ന കല്ലുകള്‍.