ത്രിരാഷ്ട്ര പരമ്പരയില്‍ യുവതാരങ്ങളടങ്ങിയ ടീമിനെ നയിക്കേണ്ടി വരുന്നത് നായകനെന്ന നിലയില്‍ തന്‍റെ സമ്മര്‍ദ്ദം കൂട്ടുന്നില്ലെന്ന് സുരേഷ് റെയ്ന. വെള്ളിയാഴ്ച ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെയെ നേരിടുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റെയ്‌ന.
ശുഭാപ്തി വിശ്വാസത്തോടെയാണ് നാളത്തെ മത്സരത്തിനിറങ്ങുന്നത്. സൌരവ് ഗാംഗുലിയെയും മഹന്ദ്ര സിംഗ് ധോണിയെയും പോലുള്ള മികച്ച നായകന്‍മാരുടെ കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. അവരില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും നാളത്തെ മത്സരത്തില്‍ ഇന്ത്യയെ നയിക്കുക. സ്വയം സമ്മര്‍ദ്ദത്തിലാവാനോ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനോ ഞാന്‍ ഉദ്ദ്യേശിക്കുന്നില്ല.
യുവതാരങ്ങളെല്ലാം കഴിവ് തെളിയിക്കാന്‍ ലഭിക്കുന്ന അവസരത്തെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണ് ഈ ടൂര്‍ണമെന്‍റ്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനുള്ള സെലക്ടര്‍മാരുടെ തീരുമാനത്തോടാണ് യുവതാരങ്ങള്‍ നന്ദി പറയേണ്ടത്.
ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ മോശം പ്രകടനം ത്രിരാഷ്ട്ര പരമ്പരയെ ബാധിക്കില്ലെന്നും റെയ്ന പറഞ്ഞു. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാളെ ആതിഥേയരായ സിംബാബ്‌വെയുമായാണ് ഏറ്റുമുട്ടും.