ഓരോ സിനിമയും സൂപ്പര്‍ഹിറ്റാവുമ്പോള്‍ അക്ഷയ് കുമാര്‍ എന്ന ബോളിവുഡ് ഹീറോ സന്തോഷിക്കുകയാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് താന്‍ എത്തി നില്‍ക്കുന്ന ഉയരം അക്ഷയ്ക്ക് ഇനിയും വിശ്വസിക്കാനാവുന്നില്ല. ലേറ്റസ്റ്റ് ഹിറ്റ് ഹൗസ്ഫുള്‍ തിയെറ്ററുകളില്‍ തരംഗമാവുമ്പോള്‍ അക്ഷയ് പറയുന്നു തന്‍റെ വിജയരഹസ്യത്തെക്കുറിച്ച്. കോമഡി നായകനെന്ന നിലയില്‍ താന്‍ വിജയിക്കാന്‍ കാരണം സാധാരണക്കാരാണ്. അവരെ അനുകരിക്കാനാണു തന്‍റെ ശ്രമം. എല്ലാ വേഷങ്ങളിലും സാധാരണക്കാരന്‍റെ പ്രശ്നങ്ങളിലൂടെ തന്നെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതാണു വിജയിച്ചത്. തന്‍റെ മുഖത്തു കണ്ട ഓരോ വികാരങ്ങളും സാധാരണക്കാരനില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് അക്ഷയ്. സാധാരണയായി വലിയ താരങ്ങളെയാണു മറ്റുള്ളവര്‍ അനുകരിക്കുക. എന്നാല്‍ താന്‍ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് അനുകരിക്കുന്നത്. അതുകൊണ്ട് കോപ്പിറൈറ്റിന്‍റെ പ്രശ്നങ്ങളൊന്നുമില്ലാതെ അനുകരണം തുടരുന്നുവെന്ന് അക്ഷയ്.
ഒരുപാടു സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് താന്‍. ഈയിടെ വോള്‍ക്കാനോ ആഷസ് പ്രശ്നമായപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ കുറച്ചു സമയം വെയ്റ്റ് ചെയ്യേണ്ടി വന്നു. അവിടെ ഇരിക്കുന്ന ഓരോരുത്തരേയും ശ്രദ്ധിച്ചാല്‍ത്തന്നെ ഒരുപാട് സിനിമകളില്‍ പ്രയോഗിക്കാവുന്ന ഐറ്റം കിട്ടും. ചില കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അറിയാതെ തന്നെ ഇത്തരം വ്യക്തികളുടെ മാനറിസം കടന്നുവരികയും ചെയ്യുന്നു. ആക്ഷന്‍ ഹീറോ എന്ന ഇമേജില്‍ നിന്നു മാറാന്‍ തുടങ്ങിയതോടെയാണ് അക്ഷയിന്‍റെ കരിയറില്‍ ട്വിസ്റ്റുണ്ടായത്.
ഹേരാ ഫേരിയിലൂടെ പ്രിയദര്‍ശന്‍ കാണിച്ചുകൊടുത്ത കോമഡി ട്രാക്ക് അക്ഷയ് കുമാര്‍ എന്ന നായകന്‍റെ രണ്ടാം വരവായിരുന്നു. മുഝ്സെ ശാദി കരോഗി, ഗരം മസാല, ഫിര്‍ ഹേരാ ഫേരി, ഹേയ് ബേബി തുടങ്ങി പിന്നീട് കോമഡി ചിത്രങ്ങളുടെ ഒരു നിരതന്നെയെത്തി. നീരജ് വോറ, പ്രിയദര്‍ശന്‍, രാജ്കുമാര്‍ സന്തോഷി എന്നിവര്‍ക്കാണു തന്നെ കോമഡി താരമാക്കിയതിനുള്ള ക്രെഡിറ്റ് നല്‍കുന്നത്. കോമഡി ചെയ്യുന്നതു തന്നെയാണ് ഏറ്റവും പ്രയാസം. ചാര്‍ലി ചാപ്ളിനും മിസ്റ്റര്‍. ബീനുമെല്ലാം ഒരക്ഷരം പോലും സംസാരിക്കാതെ ആളുകളെ കുടുകുടാ ചിരിപ്പിക്കുന്നതു തന്നെയാണ് അവരുടെ വിജയം.
താന്‍ ജീവിതത്തില്‍ വളരെ സീരിയസാണെന്ന് അക്ഷയ്. വളരെ കുറച്ചു പേരോടു മാത്രമേ താന്‍ തമാശ പോലും പറയാറുള്ളു. സ്കൂള്‍ മുതലുള്ള സുഹൃത്തുക്കളാണവര്‍. സിനിമയിലും അത്തരം ഒന്നോ രണ്ടോ സുഹൃത്തുക്കളുണ്ടാവും. ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളാണു താന്‍. ഒരു ഫിലിം സ്കൂള്‍ ഡിഗ്രിയുമില്ലാതെ പരിചയത്തിലൂടെ മാത്രമാണ് എന്തെങ്കിലും ആയത്. സൂപ്പര്‍സ്റ്റാര്‍ ആകുന്നതിനു മുന്‍പുള്ള കാര്യങ്ങളോടാണ് അടുപ്പം കൂടുതല്‍. പഴയ വീട്, ഫിയറ്റ് കാര്‍, മോട്ടോര്‍ ബൈക്ക് ഇതെല്ലാം ഇപ്പോഴും നന്നായി തന്നെ സൂക്ഷിക്കുന്നു. അവയൊക്കെയാണ് അക്ഷയ് കുമാര്‍ എന്ന താരത്തെ സൃഷ്ടിച്ചെടുത്തത്.