ടെലിവിഷന്‍ ടോക് ഷോകളുടെ റാണി ഓപ്റ വിന്‍ഫ്രി അവതരിപ്പിക്കുന്ന പ്രോഗ്രാം അവസാനിക്കുകയാണ്. ഇരുപത്തഞ്ചു വര്‍ഷത്തിനിടെ കോടിക്കണക്കിന് ആരാധകരെ നേടിയ വിന്‍ഫ്രി ഇതോടെ ടെലിവിഷന്‍ രംഗം വിടുന്നുവെന്നു കരുതിയാല്‍ തെറ്റി. പുതിയ പ്രോഗ്രാമുമായി സ്വന്തം ചാനലില്‍, ദ് ഓപ്റ വിന്‍ഫ്രി നെറ്റ്വര്‍ക്കില്‍ (ഓണ്‍), വിന്‍ഫ്രി വീണ്ടുമെത്തും. പാശ്ചാത്യലോകത്തു മാത്രം ഒതുങ്ങിയിരുന്ന പ്രോഗ്രാം ആഗോള തലത്തിലേക്കു വ്യാപിപ്പിക്കുകയാണു വിന്‍ഫ്രി. പ്രോഗ്രാം പോപ്പുലറാക്കാന്‍, കാഴ്ചക്കാരെ കൂട്ടാന്‍, ഇന്ത്യയിലെത്താന്‍ തീരുമാനിച്ചിരിക്കുന്നു വിന്‍ഫ്രി. ചൈനയാണു മറ്റൊരു സന്ദര്‍ശന കേന്ദ്രം.
അഞ്ചു ഷോകളാണു വിന്‍ഫ്രിയുടേതായി 2011 ജനുവരി ഒന്നിന് ആരംഭിക്കുക. ഓപ്റാസ് നെക്സ്റ്റ് ചാപ്റ്റര്‍ എന്നാണു പ്രോഗ്രാമുകളുടെ കോമണ്‍ പേര്. മറ്റു രാഷ്ട്രങ്ങളിലെ സെലിബ്രിറ്റികളെയും രാഷ്ട്രീയ നേതാക്കളെയും അന്‍പത്തഞ്ചുകാരിയായ ഓപ്റ വിന്‍ഫ്രി ഇന്‍റര്‍വ്യൂ ചെയ്യുന്നതായിരിക്കും പുതിയ ഷോയുടെ മുഖ്യ ആകര്‍ഷണം. വിഷനറീസ് ഇന്‍സൈഡ് ദ് ക്രിയേറ്റിവ് മൈന്‍ഡ്, യുവര്‍ ഓണ്‍ ഷോ: ഓപ്റാസ് സെര്‍ച്ച് ഫോര്‍ ദ് നെക്സ്റ്റ് ടിവി സ്റ്റാര്‍, ഗെയ്ല്‍ കിങ് ലൈവ്, വൈ നോട്ട് ?വിത്ത് ഷാനിയ ട്വൈന്‍ എന്നിങ്ങനെയാണു ഷോയുടെ ടൈറ്റിലുകള്‍. പരിചിതമല്ലാത്ത കാഴ്ചകളിലൂടെയായിരിക്കും പുതിയ ഷോകള്‍ കടന്നു പോവുകയെന്നാണു പ്രഖ്യാപനം. താജ്മഹല്‍ മുതല്‍ ഓക് ട്രീ വരെ, വന്‍മതിലില്‍ തുടങ്ങി ടീ ഹൗസില്‍ അവസാനിക്കുന്ന സുന്ദരമായ കാഴ്ചകള്‍. ഓപ്റ ഷോകളുടെ ചരിത്രത്തില്‍ ആദ്യ സംഭവമായിരിക്കും അടുത്ത വര്‍ഷം സംപ്രേക്ഷണം ചെയ്യാന്‍ പോകുന്നതെന്ന് ഓണിന്‍റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ക്രിസ്റ്റിന നോര്‍മന്‍. ഹാര്‍പോ സ്റ്റുഡിയോയാണു പരിപാടിയുടെ നിര്‍മാതാക്കള്‍. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസങ്ങളില്‍, ഒരു മണിക്കൂര്‍ വീതമായിരിക്കും സംപ്രേക്ഷണം. പ്രൈം ടൈം സീരിസിന്‍റെ ഷെഡ്യൂളിന്‍റെ ഫൈനല്‍ രൂപമായിട്ടില്ല.
1986 സെപ്റ്റംബര്‍ എട്ടിന് ആരംഭിച്ച ദ് ഓപ്റ വിന്‍ഫ്രി ഷോ 2011 സെപ്റ്റംബറില്‍ അവസാനിക്കുമെന്നു വിന്‍ഫ്രി പ്രഖ്യാപിച്ചിരുന്നു. ഇരുപത്തഞ്ചു വര്‍ഷത്തിനിടെ ഈ ഷോയില്‍ 28,000 അതിഥികള്‍ പങ്കെടുത്തു. ഡിസ്കവറി കമ്മ്യൂണിക്കേഷനും ഓപ്റ വിന്‍ഫ്രിയും സംയുക്തമായി നടത്തുന്ന ചാനലായ ഓണിന് പ്രേക്ഷകരെ നേടിക്കൊടുത്ത പ്രോഗ്രാമാണിത്. ഒരേയൊരു ഷോയിലൂടെ കോടിക്കണക്കിന് ആരാധകരെ സമ്പാദിച്ച വിന്‍ഫ്രിയുടെ ആസ്തി 2.5 ബില്യന്‍. ഏറ്റവും സമ്പന്നയായ സെലിബ്രിറ്റി എന്ന സിംഹാസനത്തില്‍ ഏറെക്കാലമായി ഇരിക്കുന്നു ടോക് ഷോകളുടെ തമ്പുരാട്ടി.