സാമ്പത്തികമാന്ദ്യം അവസാനിച്ചു, കമ്പനികള്‍ തിരിച്ചുവരവിന്‍റെ പാതയിലുമാണ്. എന്നാല്‍ ഹോളിവുഡ് താരം നിക്കോളാസ് കേജിന് ഇനിയും കടം കൊടുത്തു തീര്‍ക്കാനായിട്ടില്ല. കടം വാങ്ങിയ തുകയ്ക്കായി ആളുകള്‍ പ്രശ്നമുണ്ടാക്കുന്നു. ആശിച്ചു മോഹിച്ചു വാങ്ങിയ വീട് ലേലത്തില്‍ വിറ്റ് കാശുണ്ടാക്കുകയല്ലാതെ നിക്കോളാസിനു രക്ഷയില്ല. എഴുപത്താറു കോടി രൂപയാണു നിക്കോളാസിന്‍റെ കടം. ടോം ജോണ്‍സും ഡീന്‍ മാര്‍ട്ടിനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കൈവശം വച്ചിരുന്ന ആറ് ബെഡ്റൂം മാന്‍ഷന്‍ മൂന്നു വര്‍ഷം മുന്‍പാണു നാഷണല്‍ ട്രെഷര്‍ താരം സ്വന്തമാക്കിയത്. എന്നാല്‍ അവിടെ അധികനാള്‍ താമസിക്കാനുള്ള യോഗം നിക്കോളാസിനുണ്ടായില്ല. അടുത്ത തിങ്കളാഴ്ച നടക്കുന്ന ലേലത്തില്‍ അതു മറ്റൊരാളുടേതായി മാറും.
157 കോടി രൂപയോളം വിലവരുന്ന വീടിന് അത്രയൊന്നും തുക നിക്കോളാസ് പ്രതീക്ഷിക്കുന്നില്ല. എത്രയും പെട്ടെന്നു വീട് വിറ്റുകിട്ടിയാല്‍ മതിയെന്നു മാത്രമേയുള്ളു താരത്തിന്. ഒരു ചിത്രത്തിന് 90 കോടി രൂപ പ്രതിഫലം വാങ്ങുന്ന നിക്കോളാസ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കടക്കെണിയിലാണ്. ലോകത്താകെ വാങ്ങിയിട്ടിട്ടുള്ള മനോഹരസൗധങ്ങള്‍ വില്‍ക്കുകയല്ലാതെ ഇതില്‍ നിന്നു കരകയറാന്‍ നിക്കോളാസിനു കഴിയുമായിരുന്നില്ല. ഇതിനിടെ നിരവധി കേസുകളും നിക്കോളാസിനെ കാത്തിരിക്കുന്നു. തന്നെ ഇത്രയും വലിയ പ്രശ്നത്തില്‍പ്പെടുത്തിയ സ്വന്തം ഫിനാന്‍ഷ്യല്‍ മാനെജര്‍ക്കെതിരേ നിക്കോളാസും ഫയല്‍ ചെയ്തു ഒരു കേസ്.
ഒന്‍പതു കോടി രൂപയ്ക്കാണ് ഒരു ബാങ്ക് കേസ് കൊടുത്തിരിക്കുന്നത്. ഒരു പ്രോപ്പര്‍ട്ടി കമ്പനിക്കു തിരിച്ചടയ്ക്കാത്ത ലോണിന്‍റെ പലിശയടക്കം പതിമൂന്നു കോടി രൂപയും നല്‍കണം. ഇതൊന്നും പോരാഞ്ഞ് നിക്കോളാസിന്‍റെ കാമുകിയും നല്‍കിയിട്ടുണ്ട് ഒരു കേസ്. നിക്കോളാസിന്‍റെ മകന്‍ വെസ്റ്റന്‍റെ അമ്മയായ ക്രിസ്റ്റിന ഫുള്‍ട്ടനാണു തന്നോടു പറഞ്ഞ കാര്യങ്ങളൊന്നും താരം പാലിച്ചില്ലെന്നു കാണിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. അന്‍പത്തെട്ടു കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടുകയും ചെയ്തു. എന്തായാലും ഇനി വീടുകളും നോക്കിയിരിക്കാതെ എത്രയും വേഗം എല്ലാം വിറ്റുപെറുക്കി കടം വീട്ടാന്‍ തന്നെയാണു നിക്കോളാസിന്‍റെ തീരുമാനം.