തൊഴിലാളികളെ പിരിച്ചു വിടുന്ന ജോലിയുള്ള മാനേജ്മെന്‍റ്-ഗുരു; അയാളുടെ ബാഹ്യമോടികളും ഉള്ളിലെ ശൂന്യതയും ഇരകളാകുന്നവര്‍ക്കും ഗുരുക്കന്‍മാരാകാമെന്ന പാഠവും ചേരുമ്പോള്‍ ഇത്തവണ ബെസ്റ്റ് പിക്‌ചര്‍ വിഭാഗത്തില്‍ ഓസ്കാറിന്, നോട്ടമുള്ള 'അപ് ഇന്‍ ദി എയര്‍' കഥയായി. സിനിമ പ്രത്യേകം കാണണമെന്നില്ല. തിരക്കഥ വായിച്ചാല്‍ മതി. അല്ലെങ്കില്‍ സിനിമ അടിസ്ഥാനമാക്കിയ അതേ പേരിലുള്ള നോവല്‍ (2003) തപ്പിയാലും മതി. നിങ്ങള്‍ ഒരു ജോര്‍ജ്ജ് ക്ളൂണി ഫാനാണെങ്കില്‍ മയാമി, ഒമാഹ, ഡാള്ളസ് മുതലായ അനേകം നഗരങ്ങളുടെ ആകാശ വീക്ഷണം കാണണമെങ്കില്‍ സിനിമ കാണാം.
മാനേജ്മെന്‍റ്-ലോകത്തെ അനാവശ്യ സമ്മര്‍ദ്ദങ്ങളും പലഹാര-പരിഹാരമെന്ന നിലയിലുള്ള സെമിനാറുകളും റിലാക്‌സേഷന്‍ ടെക്‌നിക്കുകളും നിരന്തര യാത്രകളും ഇടക്ക് പൂജ്യമാകുന്ന മനുഷ്യബന്ധങ്ങളും സരസമായി നോക്കിക്കാണുന്നു റെയിറ്റ്‌മാന്‍ സംവിധാനം ചെയ്ത ചിത്രം. മധ്യവയസ്കനായ ജോര്‍ജ്ജ് ക്ളൂണി (അവതരിപ്പിക്കുന്ന കഥാപാത്രം)യുടെ കൂടെ ബിരുദധാരി പെണ്‍കുട്ടിയുമുണ്ട്. ഉദ്യോഗസ്ഥരെ പിരിച്ചയക്കുമ്പോള്‍ കര്‍ക്കശ സ്വഭാവം കാണിക്കുന്ന ക്ളൂണിക്ക് ബാലന്‍സ് എന്ന നിലയിലാണ്, സോഫ്‌റ്റായ സുന്ദരി കൂടെയുള്ളത്.
ഒരിക്കല്‍ 'ഈ സ്ഥാപനത്തില്‍ നിന്ന് നിങ്ങളുടെ പൊസിഷന്‍ നീക്കം ചെയ്തിരിക്കുകയാണ്' എന്ന് ഒരു സ്ത്രീയോട് പറഞ്ഞപ്പോള്‍ 'പരിഹാരം എനിക്കറിയാം, ഒരു പാലത്തില്‍ നിന്ന് ചാടുക' എന്ന മറുപടി കേട്ട് വിറങ്ങലിച്ച ആളാണ്, സുന്ദരി. അത് വാസ്തവത്തില്‍ സംഭവിച്ചപ്പോള്‍ സുന്ദരി രാജി വച്ചു. ക്ളൂണിക്ക് അപ്പോഴും കുലുക്കമില്ല. സ്വന്തം കരിയര്‍ ഗ്രാഫ് ഉയര്‍ത്താനാണ്, കൂട്ടത്തില്‍ കൂടുതല്‍ ദൂരം ആകാശയാത്ര ചെയ്തയാളെന്ന ആനുകൂല്യത്തിനുടമയാകാനും, അയാളുടെ ശ്രമം. പക്ഷേ യാത്രകള്‍ക്കൊടുവില്‍, ഇടയില്‍, അയാള്‍ക്ക് കണക്ക് തെറ്റി. നമ്മുടെ 'നീയെത്ര ധന്യ'യില്‍ കാര്‍ത്തികക്ക് പറ്റിയ പോലെ ഇഷ്ടപ്പെട്ടയാള്‍ക്ക് കുടുംബവും കുട്ടികളുമുണ്ടെന്ന അറിവും ലക്ഷ്യം തെറ്റിയ യാത്രയില്‍ ഇടത്താവളം കാണുവാന്‍ മറന്നെന്ന തിരിച്ചറിവും അയാളെ പുതിയ മനുഷ്യനാക്കുമോ? ചന്ദ്രനിലേക്കുള്ളതിനേക്കാള്‍ ദൂരം ഫ്ളൈറ്റ് യാത്ര ചെയ്ത നായകനോട് പൈലറ്റ് ചോദിക്കുന്നു: നിങ്ങള്‍ എവിടെ നിന്നാണ്? വേരുകളില്ലാത്ത അയാള്‍ പറയുന്നു: ഇവിടെ നിന്ന്.
വിവാഹ മുഹൂര്‍ത്ത സമയത്ത് രണ്ടാം ചിന്ത തോന്നി പിന്‍മാറിയ വരനും പ്രേമം പൊളിഞ്ഞ പെണ്‍കുട്ടിക്കും ഫ്രീ കൌണ്‍സിലിങ്ങ് കൊടുക്കുന്ന വേളയില്‍ സ്വജീവിതത്തെക്കുറിച്ച് നായകന്‍ ബോധവാനാകുന്നുണ്ട്. ഇത്തരം നുറുങ്ങു സീനുകളാണ്, പൊതുവേ നായക കഥാപാത്രത്തിലേക്കും ചിത്രത്തിന്‍റെ ആത്മാവിലേക്കും തുറക്കുന്ന സൂചനകള്‍. അപ്പോള്‍ പോലും ഒരു ഓസ്കാര്‍ ചിത്രത്തിനുള്ള ഗരിമയൊന്നും 'അപ് ഇന്‍ ദി എയറിന്' അവകാശപ്പെടാനില്ല. ഇത്തരമൊരു പ്രമേയമെടുത്ത് വിജയിപ്പിച്ചതിന്, ചിത്രം കൈയടിക്കര്‍ഹമാണെങ്കിലും.