മുംബൈസച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്ന പ്രതിഭയെക്കുറിച്ച് എഴുതേണ്ടി
വരുമ്പോഴാണ് ഭാഷയുടെ അപര്യാപ്തത മനസിലാകുന്നത്. ആവര്‍ത്തന വിരസതയില്ലാത്ത
അലങ്കാര പ്രയോഗങ്ങള്‍ തേടി മനസ് അലയുന്നത് അപ്പോഴാണ്. ഇതാ
സച്ചിനെക്കുറിച്ചു വീണ്ടും. ഇന്ത്യയുടെ വ്യോമസേന സച്ചിനെ ആദരിക്കുന്നു.
ഗ്രൂപ്പ് ക്യാപ്റ്റന്‍ പോസ്റ്റ് നല്‍കിയാണ് ഇന്ത്യന്‍ എയര്‍ഫോഴ്സ്
ഇന്ത്യയുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ ആദരിക്കുന്നത്.
ഓരോ സെഞ്ചുറിക്കും അവസാനം ആകാശത്തേക്ക് ബാറ്റുയര്‍ത്തി അച്ഛന്‍റെ ആത്മാ
വിനെ പ്രണമിക്കുന്ന സച്ചിന്‍ ഇതാ വ്യോമസേനയുടെ ഭാഗമാകുന്നു. റണ്ണുകളാല്‍
റെക്കോഡിന്‍റെ പുതിയ കഥകളെഴുതുമ്പോള്‍ ഒന്നും അത്ഭുതമായിരുന്നില്ല
ആര്‍ക്കും. കഠിനപ്രയ്തനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പ്രതീകമായി
ഇന്ത്യന്‍ മനസുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സച്ചിന്‍ നേട്ടത്തിന്‍റെ
പുസ്തകത്തില്‍ ഒരധ്യായം കൂടി എഴുതിച്ചേര്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍
സച്ചിനെക്കുറിച്ചുള്ള വാര്‍ത്ത ഗ്രൗണ്ടില്‍ നിന്നല്ല, റണ്ണൊഴുക്കിയ
ബാറ്റില്‍ നിന്നുമല്ല, ഇതൊരു റെക്കോഡുമല്ല. ഇക്കുറി ആ നെറുകയിലൊരു
തൂവല്‍ അണിയിക്കുന്നത് ഇന്ത്യന്‍ എയര്‍ഫോഴ്സ്. ഗ്രൂപ്പ് ക്യാപ്റ്റന്‍
പദവി സച്ചിനു നല്‍കാനുള്ള ശുപാര്‍ശ പ്രതിരോധ മന്ത്രാലയത്തിന് അയച്ചു
കഴിഞ്ഞു. നിര്‍ദേശം മന്ത്രാലയം പരിശോധിച്ചു വരികയാണ്. അനുകൂല മറുപടിയാണു
ലഭിക്കുന്നതെങ്കില്‍ ഫയല്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ എത്തും. അവിടെയും
മറുപടി അനുകൂലമെങ്കില്‍, അന്തിമതീരുമാനം ഉണ്ടാകുന്നത് ആംഡ് ഫോഴ്സിന്‍റെ
പരമോന്നത കമാന്‍ഡറായ രാഷ്ട്രപതിയില്‍ നിന്ന്.
ക്രിക്കറ്റ് ലോകത്തു നിന്നു മുമ്പ് സേനയുടെ താവളങ്ങളില്‍
സാന്നിധ്യമറിയിച്ചത് ഒരേയൊരാള്‍ മാത്രം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ക്യാപ്റ്റന്‍ കപില്‍ ദേവ്. ടെറിറ്റോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്‍റ്
കേണല്‍ പദവിയായിരുന്നു കപില്‍ ദേവിനു നല്‍കിയത്. അടുത്തിടെയാണ്
ടെറിറ്റോറിയല്‍ ആര്‍മി നടന്‍ മോഹന്‍ലാലിനും ലഫ്റ്റനന്‍റ് കേണല്‍ പദവി
നല്‍കിയത്.
സച്ചിന്‍ എപ്പോഴും ക്രിക്കറ്റിന്‍റെ ലോകത്തു നിറഞ്ഞു നിന്നു.
ടെസ്റ്റിലും ഏകദിനത്തിലും നേട്ടങ്ങള്‍ നിരവധി. ഏറ്റവും കൂടുതല്‍
സെഞ്ചുറികള്‍, ഏറ്റവും കൂടുതല്‍ റണ്‍സ്, ടെസ്റ്റ് ക്രിക്കറ്റില്‍
മുപ്പത്തൊന്നായിരം റണ്ണിന്‍റെ റെക്കോഡ്, ഏകദിന ക്രിക്കറ്റില്‍ ഡബിള്‍
സെഞ്ചുറി നേടുന്ന ഏക ക്രിക്കറ്റര്‍, ഏകദിനത്തിലും ടെസ്റ്റിലുമായി 93
സെഞ്ചുറികള്‍. ഒടുവില്‍ ക്രിക്കറ്റിന്‍റെ നാനോ രൂപം അവതരിച്ചപ്പോഴും
പുതു തലമുറ ഈ പ്രതിഭയുടെ മുന്നില്‍ നമിച്ചു. അടിച്ചു കളിയുടെ ട്വന്‍റി
20യിലും സച്ചിന്‍ തന്നെ രാജാവ്. മുപ്പത്തേഴാം വയസിലും കരിയറില്‍
നേട്ടങ്ങള്‍ അവസാനിക്കുന്നില്ല. ലോകത്തിലെ മികച്ച ബാറ്റസ്മാന്‍ ആരെന്ന
കണക്കെടുപ്പില്‍ സച്ചിനോടു താരതമ്യം ചെയ്തിരുന്നവര്‍ കളം വിട്ടിട്ട്
എത്രയോ നാളുകളായി. സച്ചിനിപ്പോഴും ഉയരങ്ങളിലേക്കു കുതിക്കുന്നു, അടുത്ത
ലോകകപ്പ് സച്ചിന്‍ ഇന്ത്യക്കു സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാവുന്ന
തരത്തില്‍ സച്ചിന്‍ ഇപ്പോഴും ക്രീസില്‍ നിറഞ്ഞു നില്‍ക്കുന്നു.
പത്മവിഭൂഷണ്‍, രാജിവ് ഗാന്ധി ഖേല്‍രത്ന...പുരസ്കാരപ്പെരുമയും ഏറെ. സച്ചിനു
ഭാരത രത്ന നല്‍കണമെന്നു ചിലര്‍. വേണ്ട സച്ചിന്‍ ഇപ്പോള്‍ത്തന്നെ ഭാരത
രത്നമെന്നു മറ്റു ചിലര്‍. ഇനി ഒരു സേനയുടെ പതാകവാഹകന്‍ കൂടിയാവുന്നു
സച്ചിന്‍. സച്ചിനെ സംബന്ധിച്ചിടത്തോളം ബൗണ്ടറികള്‍ കടക്കുന്ന
അംഗീകാരമാണിത്. എത്രയോ കാലം ഒരു രാഷ്ട്രത്തെ പ്രതിനിധീകരിച്ചതിന്,
ഇന്ത്യയെ നിരവധി തവണ വിജയതീരങ്ങളിലേക്ക് തുഴഞ്ഞെത്തിച്ചതിന്,
അതിനെല്ലാമുപരി പതിനേഴാമത്തെ വയസു മുതല്‍ ഇന്നോളം ഒരു രാജ്യത്തിന്‍റെ
ദേശീയ പ്രതീകമായതിന്.